ഒന്നിനും സമയമില്ലാതെ നമ്മള്‍ എങ്ങോട്ടോ പായുന്നു,എന്തൊക്കെയോ നേടാന്‍, നമ്മുടെ മക്കള്‍ക്കു നേടിക്കൊടുക്കാന്‍......കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് നമ്മള്‍ ഓടിത്തളര്‍ന്ന് വിശ്രമിക്കുമ്പോഴോ? "മുത്തന്തയ്‌ക്ക് എന്‍ തന്ത ചെയ്‌തത് എന്‍ തന്തയ്‌ക്ക് ഏന്‍ ചെയ്യും " എന്ന് നമ്മുടെ മക്കളങ്ങു കരുതും അത്ര തന്നെ.
മാര്‍ച്ച് മാസം കേരളകൗമുദിയിലും മാതൃഭൂമിയിലും വന്ന നാലുവാര്‍ത്തകള്‍ ആണ് ഈ എഴുത്തിനാധാരം.അസ്വസ്ഥയുളവാക്കുന്ന സത്യങ്ങള്‍.
അതെഴുതും മുന്‍പ് കുഞ്ഞുന്നാളില്‍ കേട്ടൊരു കൊച്ചു കഥ.എല്ലാവര്‍ക്കും അറിയാവുന്നൊരു കഥ.
ഒരു ദിവസം ഉണ്ണിക്കുട്ടന്റെ മുത്തശ്ശന്‍ മരിച്ചു.അച്ഛന്‍ മുത്തശ്ശനു കഞ്ഞികൊടുത്തുകൊണ്ടിരുന്ന ചിരട്ടയും കിടത്തിയിരുന്ന കീറപ്പായും കളയാനായി എടുത്തപ്പോള്‍ ഉണ്ണിക്കുട്ടന്‍ പറഞ്ഞു "അതു കളയണ്ടച്ഛാ,വെച്ചേക്കൂ,അച്ഛനു വയസ്സാകുമ്പോഴേക്കും എനിക്കതാവശ്യം വരും ."
ഇനി വാര്‍ത്തകളിലേക്കു കടക്കാം.
I.കേരളകൗമുദി:മാര്‍ച്ച് 14,15 തീയതികളിലെ വാര്‍ത്തകളുടെ ചുരുക്കം.രണ്ടാണും രണ്ടു പെണ്ണുമായി നാലുമക്കളുള്ള വൃദ്ധദമ്പതികള്‍ പെരുമ്പാവൂര്‍ വീട്ടില്‍ താമസം.ഒരു മകന്‍ പത്മനാഭന്‍ ബാംഗ്‌ളൂരില്‍,മറ്റൊരു മകന്‍ തിരുവനന്തപുരത്ത്.രണ്ടു പെണ്‍മക്കള്‍ പെരുമ്പാവൂരിലും തൃശൂരിലും.അച്ഛനമ്മമാര്‍ താമസിച്ചിരുന്ന വീടും ഗേറ്റും പൂട്ടി മകന്‍ ബാംഗ്‌ളൂര്‍ക്കു പോയി.അവര്‍ വഴിയാധാരം.ഒടുവില്‍ പത്രവാര്‍ത്തയെത്തുടര്‍ന്ന് തഹസീല്‍ദാറും മറ്റും ഇടപെട്ട് മക്കളെ വിളിച്ചു വരുത്തി മാതാപിതാക്കളുടെ ചുമതല ബാംഗ്‌ളൂര്‍ നിവാസി മകനെ ഏല്‍പ്പിച്ചു.മക്കള്‍ വരുന്നതു വരെ ആ അച്ഛനമ്മമാരെ അയല്‍വാസിയും കൗണ്‍സിലറുമായ അഡ്വ.പി.കെ സൈമണ്‍ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചു.നല്ല സമരിയാക്കാരനായ ശ്രീ.സൈമണെ ദൈവം അനുഗ്രഹിക്കട്ടെ!
II.മാതൃഭൂമി മാര്‍ച്ച് 17,നാട്ടു വര്‍ത്തമാനം.
.തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഏകമകള്‍ 78 കാരിയായ അമ്മയെ(സരസ്വതിയമ്മ) പട്ടിക്കൂടിനു സമീപം പൂട്ടിയിട്ട് ഭര്‍ത്താവിനൊപ്പം കോവിലില്‍ പോയി.നാട്ടുകാര്‍ ഇടപെട്ട്‌് പോലീസെത്തി വേണ്ടി വന്നു അവര്‍ക്ക് നല്ല ഒരു മുറി കൊടുപ്പിക്കാന്‍.അമ്മയുടെ ദൈന്യഫോട്ടോയുമുണ്ട്.അമ്മയെ പൂട്ടിയിട്ടിട്ട് മകള്‍ എന്തു പുണ്യം നേടാനാണാവോ പോയത്?
2.തിരുവനന്തപുരം നേമത്ത് ഏഴു മക്കളുള്ള,സുമതിയമ്മ എന്ന വൃദ്ധ മക്കള്‍ ഉപേക്ഷിച്ചതു മൂലം രണ്ടു ദിവസം തെരുവില്‍ കഴിഞ്ഞു.12 സെന്റു സ്ഥലം മക്കള്‍ക്കു വീതിച്ചു നല്‍കി.സ്വന്തം പേരിലുണ്ടായിരുന്ന അവശേഷിച്ച 4.75 സെന്റു കൂടി മക്കള്‍ക്കു കൊടുത്തതോടെ മക്കള്‍ കൈവിട്ടു,അമ്മ തെരുവിലായി.വനിതാസെല്‍ ഇടപെട്ടു.നേമം പോലീസ് ആറു മക്കളെ അറസ്‌റ്റു ചെയ്‌തു.അമ്മയെ നോക്കാമെന്ന ഉറപ്പില്‍ മക്കളെ വിട്ടയച്ചു.
III.കേരളകൗമുദി:മാര്‍ച്ച് 31:
നെടുമങ്ങാട്ട് 2 ആണ്‍മക്കളും 2 പെണ്‍മക്കളുമുള്ള,തളര്‍വാതബാധിതയായ സാവിത്രി(77) എന്ന അമ്മ പുറമെ നിന്ന് കുറ്റിയിട്ടിരുന്ന വീടിനകത്ത് രണ്ടു ദിവസം വിസര്‍ജ്യങ്ങള്‍ക്കു നടുവില്‍ കിടന്നു.പരിചരിച്ചിരുന്ന ഭര്‍ത്താവ് ശ്രീ.കരുണാകരന്‍(82) ആശുപത്രിയിലായിപ്പോയതാണു കാരണം.വനിതാസെല്‍-ഗ്രാമപഞ്ചായത്ത് എന്നിവര്‍ ഇടപെട്ട് അമ്മയെ നോക്കാന്‍ തൊട്ടടുത്തു താമസിക്കുന്ന മൂത്ത മകള്‍ ആയിഷയെയും അച്ഛനെ നോക്കാന്‍ മകള്‍ ലൈലയെയും ഏല്‍പ്പിച്ചു.എന്നാല്‍ ലൈലയും ഭര്‍ത്താവും വന്നതുമില്ല,വിളിച്ചു പറഞ്ഞ പഞ്ചായത്തു പ്രസിഡണ്ടിനോട് മോശമായി സംസാരിക്കയും ചെയ്‌തു.സ്വന്തമായി ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തുന്ന ലൈലയുടെ ഭര്‍ത്താവ പി.ഡബ്ലി.ഡി. ഓവര്‍സിയറാണ്.അവരുടെ സ്ഥാപനത്തില്‍ നിന്നൊരാളെ ആ അച്ഛനമ്മമാര്‍ക്കു തുണയായി വിടാമായിരുന്നില്ലേ ലൈലയ്‌ക്ക്?
വെറും രണ്ടാഴ്‌ച്ചയ്‌ക്കിടക്ക് വന്ന നാലു വാര്‍ത്തകളാണിവ.ഉറ്റവര്‍ ഉപേക്ഷിച്ച് പോകാനിടമില്ലാത്ത വയോജനങ്ങള്‍ താമസിക്കുന്ന ജനറല്‍ ആസ്‌പത്രിയിലെ ഒന്‍പതാം വാര്‍ഡിനെക്കുറിച്ച് കുറച്ചു കാലം മുമ്പ് മാതൃഭൂമി ഫീച്ചര്‍ കണ്ടിരുന്നു."കണ്ണേ മടങ്ങുക" എന്നോ മറ്റോ തലക്കെട്ടില്‍ ഉടുതുണിയില്ലാതെ നിസ്സഹായതയുടെ പ്രതിരൂപം പോലെ എല്ലും തോലുമാര്‍ന്ന ഒരു മനുഷ്യജീവിയുടെ ചിത്രം ഇന്നും നോവായി മനസ്സിലുണ്ട്.
ഒന്‍പതാം വാര്‍ഡില്‍ കിടന്നവരില്‍ മിയ്‌ക്ക പേരും സാമ്പത്തികമായി പിന്നാക്കക്കാരാണ്.രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടു പെടുന്ന അവരില്‍ ചിലരുടെയെങ്കിലും മക്കളുടെ നിസ്സഹായതയാകാം ആ ഉപേക്ഷിക്കലിനു പിന്നില്‍.
എന്നാല്‍ മുകളില്‍ വന്ന വാര്‍ത്തകളിലെല്ലാം, II.2ലൊഴിച്ച് മറ്റുള്ളവരെല്ലാം ഇടത്തരക്കാരായിരിക്കണം എന്നൂഹിക്കാം.
പോലീസും വനിതാസെല്ലും ഇടപെട്ട് അച്ഛനമ്മമാരെ നോക്കണം എന്നു നിയമപരമായി നിര്‍ദ്ദേശിച്ചതുകൊണ്ട് പ്രശ്‌നം തീരുമോ?സ്‌നേഹം മരിക്കുന്നടിത്തല്ലേ നിയമസഹായം വേണ്ടി വരുന്നത്?നാലാളറിഞ്ഞാല്‍പ്പോലും സാരമില്ല എന്ന മട്ടില്‍ കഴിയുന്ന മക്കള്‍ ,നാട്ടുകാരെയോ നിയമത്തേയോ പേടിച്ച് തത്‌ക്കാലം ഇതനുസരിക്കുമായിരിക്കാം.പക്ഷേ, ഇതു ശാശ്വതപരിഹാരമാകുമോ? പുതു കഥകള്‍ വരുമ്പോള്‍ ഈ കഥ നാടും നാട്ടാരും മറക്കും.അല്ലെങ്കിലും വനിതാസെല്ലിനും പോലീസിനും ഓരോ വീട്ടിലായി കയറി ഇടപെടാന്‍ പറ്റുമോ?ആ അച്ഛനമ്മമാര്‍ക്ക് അവരുടെ ജീവിതശേഷിപ്പുകാലം നീതി കിട്ടുമോ?കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
ഈ വാര്‍ത്തകളിലെ പിന്‍സത്യങ്ങള്‍ എന്തൊക്കെയാകാം?കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക-സാമൂഹിക ചുറ്റുപാടുകള്‍ വച്ച് ഒരു അപഗ്രഥനശ്രമം നടത്തട്ടെ.
വാര്‍ത്ത ഒന്ന്.അച്ഛനമ്മമാരെ പരിപാലിക്കാം എന്ന ഉറപ്പില്‍ വീട് മകനു എഴുതി നല്‍കിയിരിക്കാം.കയ്യില്‍ കിട്ടിയപ്പോള്‍ ബാംഗ്‌ളൂരില്‍ വീടു വയ്‌ക്കാനോ, അതല്ലെങ്കില്‍ കൂടുതല്‍ value കിട്ടുംവിധം invest ചെയ്യാനോ ആയി അതു വില്‍ക്കാമെന്നു മകനു തോന്നിക്കാണും.അടുത്തു തന്നെയുള്ള മകളുടെ വീട്ടില്‍ അവര്‍ ചേക്കേറിക്കൊള്ളും എന്നും കണക്കു കൂട്ടിയിരിക്കും.
എന്നാല്‍ തൊട്ടടുത്ത് മകളുണ്ടായിട്ടും അവര്‍ക്ക് മകനെത്തും വരെ അഭയമായത് ശ്രീ.സൈമണ്‍ ആണ്.
എന്താണ് മകള്‍ കൂട്ടിക്കൊണ്ടു പോകാഞ്ഞത്? ഉത്തരം ലളിതം.അങ്ങനെ ചെയ്‌താല്‍ ആങ്ങള പിന്നെ കൂട്ടിക്കൊണ്ടു പോകില്ലെന്നും അച്ഛനമ്മമാര്‍ സ്വന്തം "തലയിലാകുമെന്നും" അവര്‍ക്കു തോന്നിക്കാണും.അതല്ലെങ്കില്‍ ഈ മകന്‍ നോക്കും എന്ന തോന്നലില്‍ (അയാള്‍ അങ്ങനെ വിശ്വസിപ്പിച്ചിട്ടുണ്ടാകും) മറ്റു മക്കളോട് പക്ഷാഭേദം കാണിച്ചിട്ടുണ്ടാകാം ആ അച്ഛനമ്മമാര്‍.എന്നാല്‍ ഈ ന്യായമൊന്നും അവരെ ഒരു ദിവസത്തേക്കു പോലും മകള്‍ താമസിപ്പിച്ചില്ല എന്ന വലിയ തെറ്റില്‍ നിന്ന് അവരെ കുറ്റവിമുക്തയാക്കുന്നില്ല.
മകനെ കുറ്റപ്പെടുത്താന്‍ കാരണം അയാളുടെ കുറ്റം ഏറ്റു പറച്ചില്‍ തന്നെയാണ്.പശ്ചാത്താപവിവശനായി അയാള്‍ മാപ്പിരക്കുന്ന ഫോട്ടോയുമുണ്ട് പത്രത്തില്‍.
മകനു കൊടുക്കണമെങ്കില്‍ കൊടുക്കട്ടെ.പക്ഷേ,അത് കാലശേഷം മാത്രം എന്ന് ഒരു വില്‍പ്പത്രം എഴുതി വച്ചാല്‍ പോരായിരുന്നോ ആ അച്ഛനമ്മമാര്‍ക്ക്.മക്കള്‍ എത്ര നല്ലവരാണെങ്കിലും എത്ര തേനും പാലും ചൊരിഞ്ഞു വര്‍ത്തമാനം പറഞ്ഞാലും അതില്‍ അച്ഛനമ്മമാര്‍ വീണു പോകരുത്.ഇതൊക്ക മറ്റുള്ളവരുടെ കാര്യം,ഞങ്ങളുടെ മക്കള്‍ അങ്ങനെ ചെയ്യില്ല എന്ന അന്ധമായ വിശ്വാസം ഇക്കാലത്ത് ഒരച്ഛനമ്മമാരും കൊണ്ടു നടക്കരുത്.തനിക്കു താനും പുരയ്‌ക്കു തൂണും എന്ന സത്യം ഒരിക്കലും ആരും മറക്കരുത്.
വാര്‍ത്ത രണ്ട്-(1).അമ്മയ്‌ക്ക് എഴുന്നേല്‍ക്കാനാവില്ലാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ കിടക്കയില്‍ ത്തന്നെ നിര്‍വ്വഹിക്കുക പതിവാണെന്നും ഇതു മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് മാറ്റിപ്പാര്‍പ്പിക്കലിന് മകള്‍ രാധാമണി പറഞ്ഞ ന്യായം.
രാധാമണി മക്കളുടേയും അമ്മയുടേയും ഇടയില്‍ വീര്‍പ്പു മുട്ടുകയാവാം.ഒരു ഹോം നഴ്‌സിനെ വയ്‌ക്കാനുള്ള സാമ്പത്തികം ഉണ്ടാവില്ല.മക്കള്‍ അവരെ ഒന്നിനും സഹായിക്കുന്നുണ്ടാവില്ല,അമ്മൂമ്മയുടെ സ്വത്തുവകകള്‍ അനുഭവിക്കുന്നുണ്ടാകാമെങ്കിലും അവര്‍ കാരണം ഉണ്ടാകുന്ന അസൗകര്യങ്ങള്‍ സഹിക്കാന്‍ ആ കുട്ടികള്‍ തയ്യാറുമല്ലായിരിക്കാം.വാര്‍ദ്ധക്യത്തിന്റെ വിഹ്വലതകളും വേദനകളും മക്കളെ പറഞ്ഞു മനസ്സിലാക്കാന്‍ രാധാമണിക്കു കഴിവുണ്ടാകില്ല.
അതല്ലെങ്കില്‍ സ്‌നേഹിക്കയാണെന്നു തെറ്റിദ്ധരിച്ചു സരസ്വതിയമ്മ ഒറ്റ മകളായ രാധാമണിയെ ബുദ്ധിമുട്ടുകള്‍ അറിയിക്കാതെ, തലയില്‍ കയറ്റി വച്ച് ,ഒരു തികഞ്ഞ സ്വാര്‍ത്ഥമതിയായി വളര്‍ത്തിക്കാണും.
വാര്‍ത്ത മൂന്ന് :പെണ്‍മക്കളെ നല്ല രീതിയില്‍ കല്യാണം കഴിപ്പിച്ചുവിട്ടു എന്ന് വാര്‍ത്തയില്‍ പറയുന്നുണ്ട്.ആണ്‍മക്കളെ വിളിച്ചു വരുത്തിയതായോ ചുമതല ഏല്‍പ്പിച്ചതായോ പത്രത്തില്‍ കണ്ടില്ല.
ചിലസ്ഥലങ്ങളില്‍ അച്ഛനമ്മമാര്‍ ആണ്‍മക്കള്‍ക്കൊന്നും കൊടുക്കില്ല. ഉള്ളതെല്ലാം പെണ്‍മക്കള്‍ക്കാണ്.സാമ്പത്തികം കുറഞ്ഞ വീടുകളില്‍ നിവൃത്തികേടുകൊണ്ട് പെണ്‍മക്കള്‍ക്കു കൂടുതല്‍ കൊടുക്കേണ്ടി വരാറുമുണ്ട്.
എന്നാല്‍ മറ്റു ചില സ്ഥലങ്ങളില്‍ നേരേ തിരിച്ചാണ്.അവര്‍ ആണ്‍മക്കള്‍ക്കു കൂടുതല്‍ കൊടുക്കും.
ധനസ്ഥിതിയുള്ള വീടുകളില്‍ അച്ഛനമ്മമാരുടേയോ ചില മക്കളുടേയോ സ്വാര്‍ത്ഥതകൊണ്ടാണ് പലപ്പോഴും ഈ പക്ഷാഭേദം സംഭവിക്കുന്നത്.എന്നാല്‍ അധികസ്വത്തുകളുടെ കൂടെ വരുന്ന അധികച്ചുമതലകള്‍ കുറച്ചു കഴിയുമ്പോള്‍ പ്രാരാബ്ധങ്ങളായി മാറുന്നു.അപ്പോള്‍ ആ പേരും പറഞ്ഞ് അധികമായി പറ്റിയ സ്വത്തുവകകളെക്കുറിച്ച് സൗകര്യപൂര്‍വ്വം മറക്കുന്നു.കനിവുള്ള മറ്റു മക്കളുണ്ടെങ്കില്‍ അച്ഛനമ്മമാര്‍ക്ക് തട്ടുകേടില്ലാതെ കഴിയാം.
അച്ഛനമ്മമാരുടെ സ്‌നേഹവും സ്വത്തുവകകളും എല്ലാ മക്കള്‍ക്കും തുല്യമായി വീതിച്ചു നല്‍കണം,അത് എല്ലാ മക്കളുടേയും ജന്മാവകാശമാണ്.മക്കളെ തമ്മില്‍ പക്ഷാഭേദം കാണിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ വയ്‌ക്കണം.
പിന്നെ,മക്കളായാലും അവരെ ബുദ്ധികൊണ്ടളക്കണം വികരം കൊണ്ടല്ല.ആരു ഉപകാരപ്പെടും, ഉപകാരപ്പെടില്ല എന്ന് ബുദ്ധി നേരേ പ്രവര്‍ത്തിക്കുന്ന കാലത്ത് തന്നെ മനസ്സിലാക്കാനുള്ള വിവേകം നേരത്തേ ഉണ്ടാകണം.
മക്കളോടുള്ള അന്ധസ്‌നേഹം മൂലം പലപ്പോഴും അവരുടെ തനി നിറം മനസ്സിലാക്കാന്‍ അച്ഛനമ്മമാര്‍ക്കു കഴിയുന്നില്ല.അതിനാല്‍ "അറിവില്ലാത്തോരു മകനെ ലാളിച്ചിട്ടറിവുള്ളോരു നീ കരകെന്നും വന്നു" എന്ന് ധൃതരാഷ്ട്രരോടുള്ള വിദുരോപദേശം വയസ്സുകാലത്തു ഓര്‍ത്തു വിലപിക്കേണ്ടി വരും.ആ വിലാപം കൊണ്ട് അപ്പോള്‍ ഒരു പ്രയോജനവുമുണ്ടാകില്ലെങ്കിലും.
ഒരിക്കല്‍ നമ്മളും വൃദ്ധരാകും .അതുകൊണ്ട് ബുദ്ധി പ്രവര്‍ത്തിക്കുന്ന കാലത്തു തന്നെ മക്കളിലെ നെല്ലും പതിരും തിരിച്ചറിയണം.അവരവര്‍ക്കു വേണ്ടുന്ന സുരക്ഷിതത്വം അവനവന്‍ തന്നെ ഉറപ്പിക്കുകയും വേണം.സ്വാര്‍ത്ഥമതികളായ മക്കളുടെ പ്രേരണകള്‍ക്കു വഴങ്ങിയാല്‍ അവസാനം ദുഃഖിക്കേണ്ടി വരും.അതുകൊണ്ട് നവവൃദ്ധര്‍ ജാഗ്രതൈ!
ഒരു സുഹൃത്തു പറഞ്ഞ കാര്യം പ്രസക്തമെന്നു തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു.കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്രയ്‌ക്കിടെ അവര്‍് 16 വീടുകളില്‍ കയറി.അതില്‍ 13 വീടുകളിലും അച്ഛനമ്മമാര്‍/അച്ഛന്‍/അമ്മ തനിച്ചാണു താമസം.മക്കള്‍ അകലെ.ഞങ്ങളെ നോക്കാനായി വിദേശത്തുള്ള നല്ല ജോലി കളഞ്ഞ് ഇവിടെ വന്നു താമസിക്കൂ എന്ന് സ്‌്‌നേഹമുള്ള ഒരച്ഛനുമമ്മയും പറയില്ല.തങ്ങള്‍ കാരണം മക്കള്‍ക്ക് നല്ല അവസരങ്ങള്‍ നിഷേധിക്കപ്പെടരുത് എന്നേ അവര്‍ കരുതൂ.
മുകളില്‍ പറഞ്ഞ നാലു വീടുകളില്‍ ഏതൊന്നില്‍ ചെന്നു നോക്കിയാലും ആ അച്‌നമ്മമാര്‍ അവരുടെ മക്കളെ പൊന്നു പോലെ വളര്‍ത്തുന്നുണ്ടാകും.സമയാസമയത്ത് പോഷകാഹാരം കൊടുത്ത് സ്‌കൂളിലും കോളേജിലും ട്യൂഷന്‍ സെന്ററുകളിലും വിടുന്നുണ്ടാകും.ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി അവരെ നല്ല സാമ്പത്തികശേഷിയുള്ളവരാക്കാനായി(അതെ,സാമ്പത്തികം മാത്രമാണു പരമലക്ഷ്യം) വീട്ടില്‍ എന്തു ത്യാഗവും വിട്ടുവീഴ്‌ച്ചയും അവര്‍ ചെയ്യുന്നുണ്ടാകും.മക്കള്‍ക്കു വേണ്ടി സ്വന്തം സുഖസൗകര്യങ്ങള്‍ എല്ലാം അവര്‍ സന്തോഷപൂര്‍വ്വം ത്യജിക്കും.മക്കള്‍ക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടുന്ന അച്ഛനമ്മമാര്‍ ഒരു പക്ഷേ കേരളത്തിലാവും ഏറ്റവും കൂടുതല്‍.
മക്കളെ വളര്‍ത്തുന്ന ഈ പാച്ചിലിനിടയ്‌ക്ക് അച്ഛനമ്മമാരെക്കൂടി ശ്രദ്ധിക്കാന്‍ കഴിയാതെ അവരോടുള്ള കടമകള്‍ വിസ്‌മരിക്കപ്പെടുന്നു.സ്വന്തം മക്കളുടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും അതുവഴിയുള്ള വലിയ സാമ്പത്താകാഭിവൃദ്ധിക്കുമായി എല്ലാം മറന്ന് ഓടുകയാണവര്‍,ചിന്തിക്കാനോ തിരിഞ്ഞു നില്‍ക്കാനോ സമയമില്ലാതെ.വയസ്സാകുമ്പോള്‍ തങ്ങളും മക്കളാല്‍ വിസ്‌മരിക്കപ്പെടുമെന്ന് അവരില്‍ പലരും അറിയുന്നുണ്ടാകും.എന്നാലും വേണ്ടില്ല,മക്കള്‍ നേടട്ടെ എന്നാകും അവര്‍ ചിന്തിക്കുന്നത്.
മക്കള്‍ കുറച്ചു വളര്‍ന്നുകഴിയുമ്പോഴോ, പിന്നെ അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുക.കൗമാരക്കാരായ മക്കള്‍ സമൂഹം ഇപ്പോള്‍ വല്ലാതെ demanding ആയിരിക്കുന്നു.ഇപ്പോള്‍ വീടുകളില്‍ അങ്ങനെയാണ്.അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് മറ്റുള്ളവര്‍ മാറേണ്ടിയിരിക്കുന്നു.അവര്‍ക്ക് അപ്പൂപ്പനെയും അമ്മൂമ്മയെയും സഹിക്കാനാവില്ലെങ്കില്‍ അച്ഛനമ്മമാര്‍ അവരെ ഉപേക്ഷിച്ചേ മതിയാകൂ.പൊട്ടിത്തെറിയുടെ വക്കിലാണ് പല വീടുകളും.
മക്കളുടെ ഒപ്പം കഴിയുന്ന പല ബഹുമാന്യവയോജനങ്ങളും വളരെയധികം അവഗണിക്കപ്പെട്ടാണ് കഴിയുന്നത്.നിവൃത്തികേടുകൊണ്ട് കഴിഞ്ഞുകൂടുന്നു,അത്ര തന്നെ.ഇപ്പോഴത്തെ അതിവേഗതയാര്‍ന്ന ജീവിതശൈലിയില്‍ ഇതൊന്നും മനഃപൂര്‍വ്വം സംഭവിക്കുന്നതാകണമെന്നില്ല.ഒരത്യാവശ്യത്തിന് ഒരാഴ്‌ച്ചത്തേക്കു പോലും ഒന്നു ചുമതലയേല്‍ക്കാന്‍ സഹോദരര്‍ മുതലായ സ്വജനങ്ങള്‍ തയ്യാറാകുന്നില്ല.മക്കളുടേയും പ്രായമായവരുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന എത്രയോ ആള്‍ക്കാരുണ്ടിവിടെ.
വയസ്സായിക്കഴിഞ്ഞാല്‍ എല്ലാവരും ഒരേപോലെ തന്നെ.കാറും ഡ്രൈവറും സെക്യൂരിറ്റിയും ജോലിക്കാരും എല്ലാവരുമായി അച്ഛനമ്മമാരെ പാര്‍പ്പിച്ചിരിക്കുന്ന മക്കളുണ്ട്.എന്നാല്‍ ആ അച്ഛനമ്മമാരും സന്തുഷ്ടരല്ല.വാര്‍ദ്ധക്യത്തിന്റെ ദൈന്യത,അത് ഉള്ളവനും ഇല്ലാത്തവനും,എല്ലാവര്‍ക്കും ഒന്നു പോലെ തന്നെ.
പത്രവാര്‍ത്തകള്‍് ഒറ്റപ്പെട്ട സംഭവങ്ങളായി കാണണ്ട.ഇപ്പോഴത്തെ മദ്ധ്യവര്‍ഗ്ഗ കേരളസമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷനാണിത്.ഇന്ന് ആ വീടുകളില്‍ സംഭവിച്ചത് നാളെ എന്റെ,നിങ്ങളുടെ വീട്ടിലും ആവര്‍ത്തിക്കപ്പെടാം.ഗവണ്‍മെന്റും സാമൂഹികപ്രവര്‍ത്തകരും കണ്ണുതുറന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
വികസ്വരത്തില്‍ നിന്ന് വികസിതത്തിലേക്കുള്ള യാത്രാമദ്ധ്യേയാണിപ്പോള്‍ നമ്മള്‍.ഇല്ലത്തു നിന്നു പോരുകയും ചെയ്‌തു,അമ്മാത്തെത്തിയുമില്ല എന്ന അവസ്ഥ.
ഇനിയിപ്പോള്‍ വയോജനങ്ങളുടെ പുനരധിവാസം ഗവണ്‍മെന്റുതലത്തില്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.ഉള്ളവരില്‍ നിന്നു പൈസ വാങ്ങി, ഇല്ലാത്തവരെ ഫ്രീയായി.അതായത് വയോജനങ്ങള്‍ ബഹുമാന്യരാണ്, ഉപേക്ഷിക്കപ്പെടേണ്ട ഭാരമല്ല, അവരുടെ ചുമതല സമൂഹത്തിനു മുഴുവനുമാണ് എന്നൊരു അവബോധം ഉണ്ടാക്കേണ്ടിയിരിക്കുന്നു.അതിനു കൂട്ടായ പരിശ്രമം ആവശ്യമാണ്.
കൂണുപോലെ വൃദ്ധസദനങ്ങള്‍ പെരുകുന്നുണ്ടിവിടെ.ഹോസ്‌റ്റല്‍ പോലെ ഓരോ മുറിയുടെ അന്തരീക്ഷമല്ല അവര്‍ക്കാവശ്യം.വീടുപോലുള്ള അന്തരീക്ഷം,അതാണു വേണ്ടത്.കൊച്ചുകൊച്ചുവീടുകള്‍ ചേര്‍ന്ന community living homes.പല വയോജനങ്ങള്‍ക്ക് വീടു പോലെ ഒന്നിച്ചു കഴിയാനൊരിടം.അതു സാദ്ധ്യമാകുമോ?
അതല്ലെങ്കില്‍ വയസ്സായ,നിസ്സഹായരായ അച്ഛനമ്മമാരുടെ ശാപച്ചൂടില്‍ നമ്മുടെ കേരളം വെന്തുരുകും.മീനച്ചൂട് മഴപെയ്യുമ്പോള്‍ മാറും, ഇലക്ഷന്‍ ചൂട് 16-ാം തീയതി വരെയേ കാണൂ.പക്ഷേ, ഈ ശാപച്ചുമടിന്റെ പൊള്ളുന്ന നീറ്റല്‍, ചൂട് , അതു നമ്മളെ വിട്ടു പോവില്ല,തലമുറകളില്‍ നിന്നു തലമുറകളിലേക്കതു നീളും.അതു വേണോ?
വാല്‍ക്കഷണം:എഴുതിയാലും എഴുതിയാലും തീരാത്തത്ര ബൃഹത് വിഷയമാണിത്.അച്ഛനമ്മമാരുടെ നല്ല കാലത്ത് അവരെ സ്വാധീനിച്ച് സ്വസഹോദരങ്ങള്‍ക്കു കൂടി അര്‍ഹതപ്പെട്ടത് പിടിച്ചു വാങ്ങി പിന്നീട് അവരെ സൗകര്യപൂര്‍വ്വം മറക്കുന്ന മക്കളെയറിയാം.കൂടെ താമസിപ്പിച്ചു പരിചരിക്കുന്ന നല്ല മനസ്സുള്ള മക്കളോട് ഒട്ടും സഹകരിക്കാതെ, കിട്ടിയ സൗഭാഗ്യത്തിന്റെ വിലയറിയാതെ, ആ മക്കളെ തള്ളിപ്പറയുന്ന അച്ഛനമ്മമാരെ അറിയാം.മക്കളോടും അച്ഛനമ്മമാരോടും ഒരു പോലെ നീതി പുലര്‍ത്താന്‍ ശ്രമിച്ച് അവര്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന ഇടത്തലമുറയെ അറിയാം.ഈ പ്രശ്‌നപരിഹാരാര്‍ത്ഥം എന്തു ചെയ്യാന്‍ കഴിയും എന്നാലോചിച്ച് തല പുകയ്‌ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.ആശയങ്ങള്‍ ഒട്ടേറെ.എല്ലാം സാമ്പത്തികത്തില്‍ വന്നു മുട്ടി നില്‍ക്കുന്നു.സമയം വരും വരെ കാത്തിരിക്കാം.
എനിക്ക് ഇത് മുഴുവന്‍ വായിക്കാന്‍ പോലും കഴിഞ്ഞില്ല. അത്രയ്ക്ക് അസഹ്യമായി തോന്നി, ഈ സംഭവങ്ങള്‍.
ReplyDeleteഎനിക്ക് ഇന്ന് പ്രായം 26. ഒരികല്‍ അത് 62 ആകും. അന്ന് ഇത് വരാതെ ഇരിക്കണം എങ്കില്‍?
ഒരിക്കലും ജീവിച്ചിരികുംപോള് മക്കള്ക്ക് ഭാഗം കൊടുത്തു തീര്‍ക്കാതെ ഇരിക്കുക. സ്വന്തമായി എന്തങ്കിലും ഒക്കെ സമ്പാദ്യം കരുതി വെക്കുക. ഇങ്ങനെ ഒക്കെയേ ഇനി ജീവിക്കാന്‍ പറ്റൂ...
വളരെ ശ്രദ്ധ കൊടുക്കേണ്ട വിഷയം തന്നെ ആണ് ഇത്. പ്രായമായ അച്ഛനമ്മമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്ന് ശ്രദ്ധിയ്ക്കാന്‍ പോലും മക്കള്‍ക്ക് നേരമില്ല .
ReplyDeleteവര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്റെ സാറിനെക്കാണുവാനായി അച്ഛനൊപ്പം ഞാനും പോയി.എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു ആ വലിയ വീട്ടില്‍,മക്കളൊഴിച്ച്.നല്ല കനിവുള്ളൊരു പെണ്‍കുട്ടി നോട്ടക്കാരിയായി ഉണ്ടായിരുന്നു.90 അടുത്ത സാര്‍ ഊന്നു വടിയുടെ സഹായത്തോടെ എഴുന്നേറ്റു നില്‍ക്കും.അദ്ദേഹത്തിന്റെ ഭാര്യ കൂനികൂനി നടക്കും.കാതങ്ങള്‍ക്കലെ അവരുടെ I.A.S കാരന്‍ മകന്‍ സകുടുംബം താമസിച്ചിരുന്നു.അദ്ദേഹം മാതാപിതാക്കള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും നല്‍കി,എന്നും ചെന്നന്വേഷിക്കയും ചെയ്‌തു.സാറും ഭാര്യയും അഭിമാനത്തോടെ മകന്റെ ജോലിത്തിരക്കുകള്‍ അപ്പോഴും വര്‍ണ്ണിച്ചു....
ReplyDeleteതിരിച്ചു പോരുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒന്നും സംസാരിച്ചില്ല."സാറിന്റെ ഭാര്യ വലിയ വഴക്കാളിയാണെന്നു കേട്ടിരിക്കുന്നു.അതായിരിക്കും അയാള്‍ കൂടെ താമസിപ്പിക്കാത്തത്..... "ഇടയ്‌ക്ക് അച്ഛന്‍ അത്മഗതം നടത്തി.........
കാലം ഏറെക്കഴിഞ്ഞു,ഈയിടെ ഒരു ബന്ധുവിനെക്കണ്ടയുടനെ പ്രായമായ പ്രസ്‌തുത ഓഫീസര്‍ കുശലം ചോദിക്കുന്നതു കേട്ടു "ആരെങ്കിലും മക്കള്‍ കൂടെയുണ്ടോ ,എനിക്കറിയേണ്ടത് അതാണ്........."
ആ ഓഫീസറും കുടുംബവും നല്ലവര്‍ തന്നെയായിരുന്നു.എന്നിട്ടും അവര്‍ക്ക് അച്ഛനമ്മമാരെ കൂടെ താമസിപ്പിച്ചു പരിചരിക്കാന്‍ സാധിച്ചില്ല.
വാര്‍ദ്ധക്യത്തിനു മുന്‍പില്‍ പണക്കാരനും പാവപ്പെട്ടവനും പണ്ഡിതനും പാമരനും എല്ലാം ഒരു പോലെയാണ്.80 കഴിഞ്ഞാല്‍ പിന്നെ ഒരേ ദൈന്യത,ഒരേ അവശത,മക്കളുടെ സാമീപ്യസുഖം കൊതിച്ചു കൊതിച്ച്...............
സമയമുള്ളവര്‍ സരസ്വതി ഗാന്ധിയെക്കുറിച്ചുള്ള ഈ പോസ്‌റ്റ് ഒന്നു നോക്കൂ......
കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ച ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളേയും വൃദ്ധന്മാരെയുമാണല്ലൊ. വൃദ്ധ സദനങ്ങള്‍ നമ്മുടെ നാടുകളില്‍ ഏറി വരുന്നതിന്റെയും കാരണവും മറ്റൊന്നുമല്ല. കാലം മാറുന്നതിനനുസരിച്ച് ജീവിത സാഹചര്യങ്ങളും മാറുന്നു. ആര്‍ക്കും ആരെയും കുറ്റം പറയാനാവില്ല.
ReplyDeleteശരിക്കും ചിന്തിപ്പിക്കുന്ന പോസ്റ്റ്.
ReplyDeleteതനിക്കു താനും പുരക്കു തൂണും എന്നാ സത്യം ആരും മറക്കരുത് ,
ReplyDeleteഇത് എന്‍റെയും നിങ്ങളുടെയും നാളകളിലേക്കു വിരല്‍ ചൂണ്ടുന്നു.
വര്‍ത്തമാന കാലത്തിന്‍റെ വികൃത മുഖം മുഴുവനും വായിച്ച് .
വളരെ നന്നായി കാര്യങ്ങള്‍ പറയുകയും ,ഉപാതികള്‍ വെയ്ക്കുകയും ചെയ്തിരിക്കുന്നു .
വളരെ ഹൃദ്യമായി
ചിന്താപരവും ലളിതവും
ആത്മാര്ത്ഥമായ ആശംസകള്‍
ഇന്ന് ബന്ധമെന്ന പദം വെറും വാക്കുമാത്രമാണ്
ReplyDeleteഎനിക്ക് ഇപ്പോള്‍ വയസ്സ് 65.
ReplyDeleteവീട്ടില്‍ 60 വയസ്സുള്ള ശ്രിമതിയും ഞാനും മാത്രം.
ഇന്നു ഞാന്‍ നാളെ നീ. എപ്പോഴും ഇതോര്‍മ്മിക്കുന്നുണ്ട്.
ഈ പോസ്റ്റ് പോലെയുള്ള പല പോസ്റ്റുകളും വായിച്ചിട്ടുണ്ട്. അവിടെയെല്ലാം ഇതൊന്നു വായിച്ചു നോക്കണേ എന്നാഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
സത്യത്തില്‍ വായിക്കേണ്ടത് വായനക്കാരായ ബ്ലോഗേര്‍സ്സിന്റെ അച്ഛനമ്മമാരാണ്. എത്ര വായനക്കാര്‍ ഈക്കാര്യം അവരുടെ അച്ഛനമ്മമാരോട് പറയും?
ജീവിത പ്രയാണത്തില്‍ പലതും മറന്നുപോകുന്നവര്‍ക്ക് ഓര്‍ത്തു വയ്ക്കാന്‍ പറ്റിയ...പോസ്റ്റ്..
ReplyDeleteവളരേ നല്ല പോസ്റ്റ്. ചിന്തനീയം.
ReplyDeleteചുമ്മാ ഇതൊക്കെ വായിച്ചു സെന്റി അടിക്കാതെ ഇതിനൊക്കെ ഒരു മറുവശം ഉണ്ടെങ്കിലൊ? ഒരു പക്ഷെ ഇവര്‍ മക്കളോട് ചെയ്ത പ്രവര്‍ത്തികളായിരിക്കാം ഇങ്ങനെ നരകിക്കാന്‍ കാരണം ഉണ്ടാക്കിയതു. അല്ലെങ്കില്‍ കൈയിലിരിപ്പാകാം കാരണം. ജനിപ്പിച്ചു എന്ന ഒരൊറ്റ കാരണത്തില്‍ ആര്‍ക്കും ആരോടും ഒരു സെന്റിമെന്റലിന്റെയും ആവശ്യം ഇല്ല എന്നാണു ഞാന്‍ കരുതുന്നത്. പോസ്റ്റ് ഇപ്പോള്‍ ആണു കണ്ടതു :)
ReplyDelete@വിന്‍സ്:അങ്ങനേയും ആവാം.അത് ഞാനും സൂചിപ്പിച്ചിട്ടുണ്ടല്ലോ. പക്ഷേ എല്ലാം അങ്ങനെയാകണമെന്നില്ല.കര്‍മ്മഫലം എന്നു പറഞ്ഞ് എല്ലാത്തിനേയും തള്ളിക്കളയാനാവില്ല.പിന്നെ,കാലത്തിന്റെ മാറ്റം.അതുള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.വയസ്സാകുമ്പോഴേയ്‌ക്ക് താമസിക്കാന്‍ ഒരു നല്ല പാര്‍പ്പിടം കാലേകൂട്ടി കണ്ടുവയ്‌ക്കാം.
ReplyDeleteപിന്നെ call a spade a spade എന്ന മട്ടിലുള്ള വിന്‍സിന്റെ തുറന്ന,നിര്‍ഭയമായ, രീതിയുണ്ടല്ലോ, അതു വളരെ നന്ന്.