Saturday, January 30, 2010

കമന്റുകള്‍ ചിന്തിപ്പിക്കുന്നത്‌......

ശ്രീ. രാ.ഉ ന്റെ വിവാദ പ്രസംഗം , പിന്നീട്‌ അരങ്ങേറിയ മഞ്ചേരിസംഭവങ്ങള്‍, അക്കാര്യങ്ങളെക്കുറിച്ചു വന്ന മീഡിയ-ബ്ലോഗുലക പ്രതികരണങ്ങള്‍ എന്നിവയെല്ലാം മനസ്സില്‍ ഉണര്‍ത്തിയ ചിന്തകളാണ്‌ ഇവിടെ കുറിക്കുന്നത്‌. വാസ്‌തവത്തില്‍ പലരും അഭിപ്രായപ്പെട്ടതുപോലെ ഇത്ര ചര്‍ച്ചയൊന്നും ഇവ അര്‍ഹിക്കുന്നില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്ന സാമൂഹിക- മാനുഷിക വശങ്ങള്‍ , സദാചാരനിര്‍വ്വചനം., വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ ഇവയൊക്കെ ചിന്ത്യമാണ്‌.

ഒരു ആണും പെണ്ണും ഒന്നിച്ച്‌ സഞ്ചരിച്ചാല്‍, ഒരുമിച്ച്‌ താമസിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴും എന്നു വിലപിക്കുന്ന ശുദ്ധ സദാചാരപൊയ്‌മുഖങ്ങളാണ്‌ ( താനൊഴികെയുള്ള ) മലയാളികള്‍ എന്നു ചിലര്‍. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കെത്തി നോക്കുന്ന പ്രവണത സംസ്‌ക്കാരമുള്ളവര്‍ക്കു ചേര്‍ന്നതല്ലെന്നു മറ്റു ചിലര്‍. അയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രശ്‌നമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്താണു ഹേ എന്ന അസഹിഷ്‌ണുത ഇനിയും ചിലര്‍ക്ക്‌. രാഷ്ട്രീയ എതിരാളികള്‍ ഒപ്പിച്ച ഒരു കെണിയല്ലേ ഇതെന്ന്‌്‌ നാലാമതൊരു കൂട്ടര്‍.

നാം നമ്മെ അത്രയൊന്നും താഴ്‌ത്തിക്കെട്ടണ്ട കാര്യമില്ല ഇക്കാര്യത്തില്‍ എന്നാണ്‌ എന്റെ അഭിപ്രായം എന്ന്‌ താഴ്‌മയായി പറയട്ടെ. വിവരദോഷമെന്ന്‌ തോന്നുന്നുവെങ്കില്‍ സദയം ക്ഷമിക്കുക.

ആണിനും പെണ്ണിനുമിടയില്‍ പട്ടുനൂല്‍പോലെ മനോഹരമായ എത്രയോ നല്ല സുഹൃത്‌ബന്ധങ്ങളുണ്ട്‌. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഒന്നിച്ചു സഞ്ചരിക്കുന്നത്‌ ഒരു തെറ്റുമല്ല . ഇക്കാലത്ത്‌ ഇതൊന്നും അറിയാത്ത, അംഗീകരിക്കാത്ത കേരളീയര്‍ ഉണ്ടാവില്ല.

കാള പെറ്റുവെന്നു കേട്ടയുടന്‍ എല്ലവരും കയറെടുത്തു എന്നും കരുതുക വയ്യ. അതുകൊണ്ട്‌ അതൊന്നുമല്ല ഇവിടത്തെ പ്രശ്‌നം. യുക്തിപൂര്‍വ്വം ചിന്തിച്ചപ്പോള്‍, എല്ലാം കൂടി കൂട്ടി വായിച്ചപ്പോള്‍ ഉരുത്തിരിഞ്ഞ സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണവ. സ്‌ത്രീകള്‍ക്ക്‌ അപമാനകരമാം വണ്ണമുള്ള ആദ്യപ്രസംഗത്തിന്‌ രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാരായ കുറെപ്പേര്‍ അദ്ദേഹത്തിന്‌ മാര്‍ക്കിട്ടിട്ടുണ്ടാകും, അതിന്റെ തൊട്ടു പുറകെ അടുത്ത വിവാദം ......ഇതിനൊന്നിനും ജനം കുറ്റക്കാരല്ലല്ലോ. വീട്ടുടമസ്ഥരും വീടു വാടകക്കെടുത്തയാളും മുങ്ങിനടക്കാതെ സത്യം എന്ന്‌ രാ.മോ.ഉ പിന്നീട്‌ വിശദീകരിച്ച കാര്യങ്ങള്‍ അന്നു തന്നെ വ്യക്തമാക്കിയിരുന്നുവെങ്കില്‍, പിടിയിലാകപ്പെട്ടവര്‍ വിവര്‍ണ്ണരായി കുറ്റവാളികളെപ്പോലെ തലകുനിച്ചിരിക്കാതെ ധൈര്യമായി ക്യാമറയെ അഭിമുഖീകരിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നെങ്കില്‍ പ്രതികരണങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ലല്ലോ. സാധാരണക്കാരായിരുന്നുവെങ്കില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന അത്തരം സംഭവങ്ങള്‍ക്കു മുന്‍പില്‍ തീര്‍ച്ചയായും പതറും, പക്ഷേ, തഴക്കവും പഴക്കവും ചെന്ന ,ജനങ്ങള്‍ക്കിടയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകര്‍ അത്തരം സാധാരണക്കാരുടെ ജനുസ്സില്‍പ്പെടില്ലല്ലോ. അപ്പോള്‍പ്പിന്നെ ജനത്തിനെ എന്തിനു കുറ്റം പറയണം?

മഞ്ചേരിക്കും അപ്പുറം ഒരു നാട്ടിന്‍പുറത്ത്‌ തങ്ങളുടെ ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ സാമൂഹ്യവിരുദ്ധപ്രവൃത്തികള്‍ നടക്കുന്നുവെന്ന അന്നാട്ടുകാരുടെ സംശയവും അതു കണ്ടുപിടിക്കാനുള്ള ആ ഗ്രാമവാസികളുടെ ശ്രമവുമല്ലേ വാസ്‌തവത്തില്‍ അവര്‍ പോലും നിനച്ചിരിക്കാത്ത ഈ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ?. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ മറ്റു പല സ്ഥലങ്ങളിലും വീടുകള്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തിയിട്ടുണ്ട്‌. നാട്ടുകാര്‍ കൂടിയിട്ടുണ്ട്‌. ടി.വിയില്‍ വന്നിട്ടുണ്ട്‌. അവസാനം അത്തരം ഒന്നു കണ്ടത്‌ തിരു.പേരൂര്‍ക്കടയിലാണെന്നാണോര്‍മ്മ. അതിനു മുന്‍പ്‌ എറ. കടവന്ത്ര. ഇതെല്ലാം നാട്ടുകാരുടെ സംശയത്തേയും പരാതിയെയും തുടര്‍ന്നാണ്‌. അതൊന്നും നിഷേധിക്കാനാവില്ലല്ലോ. ആ നാട്ടുകാരെല്ലാം സദാചാരപൊയ്‌മുഖങ്ങളാണെന്നു പറയുന്നത്‌ ബാലിശമല്ലേ.

തന്റെ ഭാര്യയോ അമ്മയോ മകളോ സഹോദരിയോ താമസിക്കുന്ന വീടിന്റെ കോളനിയില്‍ സാമൂഹ്യവിരുദ്ധകാര്യങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞാല്‍ ഞെട്ടാത്ത ഏതു മലയാളിയുണ്ട്‌ ? നമ്മുടെ വീട്ടിലെ സ്‌ത്രീജനങ്ങളെയോര്‍ത്ത്‌ ആശങ്കപ്പെടാതിരിക്കാനാകുമോ അയാള്‍ക്ക്‌.? അതോ , 'ഓ, അതവരുടെ സ്വകാര്യം , എന്തോ ആകട്ടെ'യെന്നു വക്കുമോ? ഇല്ലേയില്ല, അപ്പോള്‍ നമ്മള്‍ പ്രതികരിക്കും, തീര്‍ച്ചയായും. അതേ അവരും ചെയ്‌തുള്ളു.

നമ്മുടെ നാട്ടില്‍ 'ചുവന്ന വീടുകള്‍ ' പെരുകാതിരിക്കാന്‍ , ഈ സമൂഹനിരീക്ഷണം തീര്‍ച്ചയായും സഹായിക്കില്ലേ? വാസ്‌തവത്തില്‍ നിയമപാലകരെ സഹായിച്ച്‌ പൗരബോധം തെളിയിക്കുകയല്ലേ അപ്പോള്‍ നമ്മള്‍? എന്നാല്‍ നിയമം കയ്യിലെടുക്കലായി അതു മാറിപ്പോകാതിരിക്കുവാന്‍ പൊലീസ്‌ ജാഗ്രത്താകണമെന്നു മാത്രം. നമുക്കു ചുറ്റും നടക്കുന്നത്‌ നാം കണ്ണു തുറന്നു കാണുകയും ചെവി തുറന്നു കേള്‍ക്കുകയും തന്നെ വേണം. അതു തന്നെയാണ്‌ സമൂഹസുരക്ഷയ്‌ക്കാവശ്യം. ജനസംഖ്യ കൂടിയ നമ്മുടേതു പോലുള്ള നാട്ടില്‍ എല്ലാ കാര്യങ്ങളും ഭരണാധികാരികളും നിയമപാലകരും ചെയ്യും എന്ന്‌ ജനം കൈ കെട്ടിയിരിക്കാന്‍ പാടില്ല. അതല്ല പൗരധര്‍മ്മം.

ഒരു മരണവീട്ടില്‍ ചെന്നാല്‍ നമ്മള്‍ കരയുന്നത്‌ മരിച്ച ആളോടുള്ള സ്‌നേഹം കൊണ്ടല്ല, മറിച്ച്‌ നമുക്കാണ്‌ ആ അവസ്ഥ വന്നതെങ്കിലോ എന്നു ചിന്തിച്ചാണെന്ന്‌ ഒരിക്കല്‍ ശ്രീ.എം.കൃഷ്‌ണന്‍നായര്‍ എഴുതിയിരുന്നു. അതു വളരെ വളരെ സത്യമാണ്‌. എന്റെ കൂട്ടുകാരിയുടെ അച്ഛന്‍ മരിച്ചാല്‍ അവളുടെ സ്ഥാനത്തു ഞാനാണെങ്കിലോ എന്നു ചിന്തിക്കുമ്പോഴാണ്‌ നിയന്ത്രണം വിട്ട്‌ ഞാന്‍ വാവിട്ടു കരയുക. ഇതുതന്നെയാണ്‌ ഈ പ്രതികരണങ്ങളുടേയും അടിസ്ഥാനതത്വം.

പിന്നെ , നാട്ടുക്കൂട്ടത്തിന്റെ ആവേശം. അതു മാസ്‌ ഹിസ്‌റ്റീരിയ...... മൊബൈല്‍ ക്യാമറ.....നെറ്റില്‍ പടമിടല്‍.......വാഹനാപകടങ്ങള്‍ കാണിക്കുമ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്‌ ഇത്‌. കാണുമ്പോള്‍ വല്ലാത്ത മാനസിക വൈക്ലബ്യം അനുഭവിച്ചിട്ടുമുണ്ട്‌ . സിനിമകള്‍ പോലും ഇങ്ങനെ കോപ്പിയടിക്കപ്പെടുന്നില്ലേ. ഒട്ടും നന്നല്ലെങ്കിലും ടെക്‌നോളജി വളര്‍ച്ചയുടെ അവശ്യ ബൈപ്രോഡക്ട്‌സ്‌ ആണ്‌ ഇവയെല്ലാം. കാലസ്ഥിതി വച്ച്‌ ഒഴിവാക്കാനൊക്കാത്ത അനുബന്ധപ്രവണതകള്‍ ‌.

വ്യക്തി സ്വാതന്ത്ര്യത്തേയും സ്വകാര്യതകളെയും അംഗീകരിക്കുന്ന ,നമ്മുടേതിനെക്കാള്‍ വളരെ "മോഡേണ്‍" കാഴ്‌ച്ചപ്പാടുകളുള്ള പടിഞ്ഞാറന്‍ സമൂഹത്തിലും ഇതെല്ലാമുണ്ടെന്നത്‌ നമ്മള്‍ മറക്കാതിരിക്കുക. മുന്‍ അമേരിക്കന്‍ പ്രസിഡണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഓര്‍ക്കുക. പാപ്പരാസികളുടെ നിരന്തര ഇടപെടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ലേഡി ഡയാന ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നില്ലേ? ആ വികസിത സമൂഹവും ഇതെല്ലാം വലിയ കാര്യങ്ങളായി എടുത്തതെന്തേ? അതോ അവരും 'കപടസദാചാരബോധമുള്ള മലയാളികളെ' പ്പോലായിരിക്കുമോ എന്തോ?

പൊതുപ്രവര്‍ത്തിനിറങ്ങുന്നവര്‍ കരുതി ജീവിച്ചേ മതിയാകൂ, സാമൂഹ്യപ്രതിബദ്ധത കാണിച്ചേ മതിയാകൂ, വ്യക്തിസ്വാതന്ത്യത്തിനു പരിധികള്‍ വച്ചേ മതിയാകൂ. വ്യക്തി സ്വാതന്ത്യം എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസന്‍സല്ല എന്ന മനസ്സിലാക്കണം. സ്വന്തം സ്വാതന്ത്ര്യം പണയപ്പെടുത്താന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്‌ അവനവന്റെ ഇഷ്ടാനുസരണം ശരിയും തെറ്റും നിര്‍ണ്ണയിച്ച്‌ ജീവിക്കാം, ആരും തടസ്സമാവില്ല, പക്ഷേ, അങ്ങനെയുള്ളപ്പോള്‍ പൊതുപ്രവര്‍ത്തകരായേ പറ്റൂ എന്ന്‌ വാശി പിടിക്കണ്ടതില്ല, അത്ര തന്നെ. അധികാരവും പണവും ആസ്വദിക്കലല്ല പൊതുപ്രവര്‍ത്തനം. ജനസേവകര്‍ക്കു ചുവടു തെറ്റിയാല്‍ ജനം തിരുത്തണം. ജനം എന്ന വാച്ച്‌ ഡോഗിനെ നേതാക്കളും പൊതുപ്രവര്‍ത്തകരും ഭയക്കണം, വിലവെക്കണം. അന്തിമ അധികാരി, അള്‍ട്ടിമേറ്റ്‌ അതോറിറ്റി, വോട്ടവകാശമുള്ള ജനം തന്നെയാണ്‌, ജനം മാത്രമാണ്‌.

പത്രമാദ്ധ്യമങ്ങള്‍, ചാനലുകള്‍, ഇപ്പോള്‍ ബ്ലോഗുകള്‍ ഇവയെല്ലാം ജനസേവകര്‍ എന്ന ജനനേതാക്കള്‍ കാണണം, വായിക്കണം, ജനത്തിന്റെ പള്‍സ്‌ മനസ്സിലാക്കണം. തെറ്റുകള്‍, വീഴ്‌ച്ചകള്‍, അത്‌ ഏതു കാര്യത്തിന്റെ പേരിലായാലും തിരുത്താന്‍ തയ്യാറാകണം. സാമൂഹ്യപ്രതിബദ്ധതയുള്ള നേതാക്കള്‍ ചെയ്യേണ്ടത്‌ അതാണ്‌.

ജനവികാരം മാനിച്ച്‌ ഭാര്യയെപ്പോലും ഉപേക്ഷിച്ച ശ്രീരാമന്റെ പാരമ്പര്യമാണ്‌ നമുക്കുള്ളത്‌. രാജ്യമാണ്‌, ജനമാണ്‌ അവനവനെക്കാള്‍ വലുത്‌ എന്നു കാണിച്ചു തന്നു അദ്ദേഹം . ജനത്തിനെ നോക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന സ്വേച്ഛാധിപതിയായ രാവണനെപ്പോലാകരുത്‌ നേതാക്കള്‍ ( ആശയ കടപ്പാട്‌:സീതായനം, കെ.സുരേന്ദ്രന്‍). സ്വന്തം താല്‍പ്പര്യം ജനത്തിനു വേണ്ടി ത്യജിക്കാനാവില്ലെങ്കില്‍ ഭാര്യയ്‌ക്കുവേണ്ടി രാജ്യമുപേക്ഷിച്ച വിന്‍സര്‍പ്രഭുവിനെ അനുകരിക്കാം. അല്ലാതെ രാജ്യവും ഭരണവും കൈയ്യിലിരിക്കയും വേണം, സ്വന്തം താത്‌പര്യങ്ങള്‍ക്കു വിഘാതവും പാടില്ല, എന്നു വന്നാല്‍ അതു ജനം നോക്കിയിരിക്കേണ്ട കാര്യമൊന്നുമില്ല.

Immoral traffic (prevention) act ദുരുപയോഗപ്പെടുത്തുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ സിവിള്‍ റൈറ്റ്‌സ്‌ ആന്‍ഡ്‌ സോഷ്യല്‍ ജസ്‌റ്റിസ്‌ സൊസൈറ്റി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ചീഫ്‌ സെക്രട്ടറി,ഹോം സെക്രട്ടറി എന്നിവര്‍ക്ക ‌ നിവേദനം സമര്‍പ്പിച്ചിരിക്കുന്നതായി വാര്‍ത്ത 26.12.2009 ലെ ഹിന്ദു പത്രത്തില്‍ കണ്ടു. (അന്നെഴുതിത്തുടങ്ങിയതാണ്‌, പൂര്‍ത്തീകരിക്കാനും പോസ്‌റ്റാനും കഴിഞ്ഞില്ല) അതിന്റെ ഭാരവാഹികളെക്കുറിച്ചോ, പ്രവര്‍ത്തനത്തെക്കുറിച്ചോ , ആസ്ഥാനത്തെക്കുറിച്ചോ ഒന്നും വാര്‍ത്തയില്‍ ഒരിടത്തുമുണ്ടായിരുന്നില്ല. ഗൂഗ്ലിയിട്ടു കിട്ടിയുമില്ല. പെട്ടെന്നു തട്ടിക്കൂട്ടിയ ഒന്നാണോ ആവോ, അറിയില്ല. പ്രധാന പരാതി പോലീസ്‌ ഓഫീസര്‍മാരെക്കുറിച്ചു തന്നെ. അനാവശ്യകേസുകള്‍ സൃഷ്ടിച്ച്‌ സൈ്വരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും പിന്നീട്‌ മിയ്‌ക്കപ്പോഴും നിരപരാധിത്വം തെളിഞ്ഞ്‌ വിട്ടയയ്‌ക്കപ്പെടുന്നുണ്ടെന്നും ഇതിനിരയാകുന്നവരും അവരുടെ കുടുംബങ്ങളും മാനസികമായി പീഡിപ്പിക്കപ്പെടുന്നുവെന്നും മറ്റുമായിരുന്നു വാര്‍ത്ത. പോലീസ്‌ അന്യായമായി കേസടുക്കുന്നുണ്ടെങ്കില്‍ അതു തടയുക തന്നെ വേണം . അതിനു തര്‍ക്കമില്ല. പക്ഷേ ,അതേ ദിവസം തന്നെയായിരുന്നു എസ്‌.പി.റാത്തോഡിനെപ്പറ്റിയുള്ള വാര്‍ത്തയും. ഈ സൊസൈറ്റി അവിടംവരെപ്പോയി പീഡിപ്പിക്കപ്പെട്ട ആ പിഞ്ചുബാലികയോടും അവരുടെ കുടുംബത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാത്തതെന്തേ എന്നു തോന്നിപ്പോയി. ഒരു കൊടികുത്തിയ പോലീസ്‌ ആഫീസറാണല്ലോ പ്രതിസ്ഥാനത്ത്‌. അതോ ആ ബാലികയ്‌ക്കും കുടുംബത്തിനും സിവില്‍ റൈറ്റ്‌സും സോഷ്യല്‍ ജസ്‌ററിസും ബാധകമല്ലെന്നുണ്ടോ.

സംസ്‌കാരശൂന്യമായ, വില കുറഞ്ഞ പരാമര്‍ശങ്ങളും പ്രവൃത്തികളും ജനം വിമര്‍ശിക്കും , വിമര്‍ശിക്കണം, അതിന്‌ ജനത്തിനെ കുറ്റം പറയേണ്ടതില്ല. സ്വയം തിരുത്താന്‍ നേതാക്കള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും കിട്ടുന്ന അവസരങ്ങളാണവ.

10 comments:

  1. template is too much colorful. its very difficult to read...

    ReplyDelete
  2. @ biju chandran:i could read it pretty well on my screen,anyway Changed template, dear friend.

    ReplyDelete
  3. ഈ വിഷയത്തില്‍ ഞാന്‍ വായിച്ച ഏറ്റവും സന്തുലിതവും ക്രിയാത്മകവുമായ പോസ്റ്റ്. ഇതേ സംബന്ധമായ മറ്റുപോസ്റ്റുകളിലെ ചര്‍ചയുടെ ഉല്‍പന്നമാണ് ഇതെങ്കില്‍ ആദ്യം നന്ദി അര്‍ഹിക്കുന്നത് ആ പോസ്റ്റ് ഇട്ടവരും അതില്‍ ചര്‍ചയില്‍ പങ്കെടുത്തരുമാണ്. ഇതേ പ്രകാരം സംഭവങ്ങളെ നോക്കിക്കാണുക. അഭിനന്ദനങ്ങള്‍

    ReplyDelete
  4. ജനവികാരം മാനിച്ച്‌ ഭാര്യയെപ്പോലും ഉപേക്ഷിച്ച ശ്രീരാമന്റെ പാരമ്പര്യമാണ്‌ നമുക്കുള്ളത്‌. രാജ്യമാണ്‌, ജനമാണ്‌ അവനവനെക്കാള്‍ വലുത്‌ എന്നു കാണിച്ചു തന്നു അദ്ദേഹം . ജനത്തിനെ നോക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന സ്വേച്ഛാധിപതിയായ രാവണനെപ്പോലാകരുത്‌ നേതാക്കള്‍ ( ആശയ കടപ്പാട്‌:സീതായനം, കെ.സുരേന്ദ്രന്‍).

    രാമനാവാന്‍ ബുദ്ധിമുട്ടായതിനാല്‍ രാവണന്‍ ആകാനാണ് നേതാക്കള്‍ക്ക് താല്പര്യം എന്ന് തോന്നുന്നു. നല്ല പോസ്റ്റ്‌.

    ReplyDelete
  5. ആലോചനാമൃതമായ വരികൾ. ഇനിയും തുടരൂ.അഭിനന്ദങ്ങൾ.

    ReplyDelete
  6. ബിജു,ലത്തീഫ്‌,കറുത്തേടം,ഷെറീഫ്‌ :വായിച്ചതിനും ചര്‍ച്ചയില്‍ പങ്കു പേര്‍ന്നതിനും നന്ദി.
    ജയരാജ്‌: ആശംസകള്‍ക്കു നന്ദി. പോസ്‌റ്റിനെക്കുറിച്ചുള്ള അഭിപ്രായമല്ലേ ആശംസയേക്കാള്‍ നല്ലത്‌ ..

    ReplyDelete
  7. എന്ന പോസ്‌റ്റില്‍ ശ്രീ.ബിജു ചന്ദ്രന്‍ ഇങ്ങനെയൊരു കമന്റ്‌ ഇട്ടു.അതിന്‌ ഇവിടെ മറപടി ഇടുന്നു.
    QUOTE
    മൈത്രേയി;
    വിഷയവുമായി ബന്ധപ്പെട്ടതല്ല...
    ഇന്നത്തെ മാതൃഭുമിയില്‍ അഡ്വ : രാധികയുടെതായി " സര്‍ പറയു, എന്താണ് അനാശാസ്യം? " എന്ന ഒരു പ്രസക്ത ലേഖനമുണ്ട്. കേരളീയരുടെ കപട സദാചാര "പ്രകടനങ്ങളെ " വിമര്‍ശിക്കുന്നത്. വായിക്കുമല്ലോ..
    UNQUOTE
    ബിജു- വായിക്കാന്‍ ആവശ്യപ്പെട്ടതിന്‌ നന്ദി. എത്ര ശ്രമിച്ചിട്ടും മൂന്നാം കോളം pdf വായിക്കാന്‍ കഴിയുന്നില്ല. എന്തു കൊണ്ടാണ്‌ താങ്കള്‍ വായിക്കുവാന്‍ ആവശ്യപ്പെട്ടതെന്നറിയില്ല. എന്റെ ഈ പോസ്‌റ്റ്‌ ഉദ്ദേശിച്ചാകാം എന്ന്‌ ഊഹിച്ച്‌ ഇവിടെ മറുപടി ഇടാം എന്ന്‌ ഞാന്‍ തീരുമാനിക്കയാണ്‌.

    ഞാന്‍ വ്യക്തി സ്വാതന്ത്യത്തിനും സ്വകാര്യതയ്‌ക്കും ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നു തീര്‍ച്ചയായും. (എന്റെ എഴുത്തില്‍ നിന്ന്‌ താങ്കള്‍ക്ക്‌ അതു തോന്നിയില്ലെങ്കില്‍ തീര്‍ച്ചയായും അത്‌ എന്റെ എഴുത്തിന്റെ ദോഷം എന്ന്‌ അംഗീകരിക്കുന്നു). പക്ഷേ അക്കാര്യത്തില്‍ നേതാക്കള്‍ക്ക്‌ ,നാലാളറിയുന്നവര്‍ക്ക്‌ താങ്കളെയോ എന്നെയോ പോലുള്ള ഒരു സാധാരണ വ്യക്തിക്കുള്ള സ്വാതന്ത്ര്യം ഇല്ല എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. രാജ്‌.......ന്റെ സ്‌ത്രീകളെ അപമാനിച്ചുള്ള പ്രസംഗത്തിനെതിരെയായിരുന്നു ഞാന്‍ ആദ്യം പ്രതികരിച്ചത്‌. കഷ്ടകാലത്തിന്‌ പിറ്റേന്നു രാവിലെ മഞ്ചേരി വിവാദം വന്നു.

    കുറച്ചു നാള്‍ മുമ്പ്‌ എ.സി.വി യില്‍ രാജ്‌‌...ന്റെ അഭിമുഖം കണ്ടിരുന്നു. ആദ്യം കാണണ്ട എന്നാണ്‌ തോന്നിയത്‌. പിന്നെ തോന്നി even criminals are given an opportunity of being heard.....അങ്ങനെ കണ്ടു. വിശദീകരണം ഒട്ടും വിശ്വസീനമായി തോന്നിയില്ല. മാത്രവുമല്ല, പിണറായി എന്നു പറയേണ്ടടത്ത്‌ അറിയാതെയെങ്കിലും പറഞ്ഞത്‌ സൂഫിയാ മദനി എന്നാണ്‌. slip of the tongue...പിന്നീട്‌ മാറ്റി പറഞ്ഞു....ഈ പ്രസംഗങ്ങളും അഭിമുഖവും മറ്റും നമ്മില്‍ ഓരോ അഭിപ്രായമുണ്ടാക്കുന്നത്‌ നമ്മുടെ തെറ്റല്ലല്ലോ.

    ഇനിയും ഇതുപോലെ വായിക്കാന്‍ പറയുന്നത്‌ ഞാനിഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ വീക്ഷണകോണുകള്‍ അറിയാമല്ലോ. നമുക്ക്‌ പുതിയ കാഴ്‌ച്ചപ്പാടുകള്‍ ലഭിക്കുകയും ചെയ്യും.പക്ഷേ വായിച്ചിടത്തോളം വച്ച്‌ ഇക്കാര്യത്തില്‍ വലിയ പുതുമയൊന്നും എനിക്കു തോന്നിയില്ല. കാരണം ഞാന്‍ എഴുതിയതും അതില്‍ സൂചിപ്പിച്ച കാര്യങ്ങളും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. അന്യന്റെ സ്വകാര്യതയിലേക്കെത്തി നോക്കുന്നത്‌ സംസ്‌കാരമാണെന്ന്‌ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ ചങ്ങാതീ. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ മനഃപൂര്‍വ്വം മറ്റുള്ളവരെ കുടുക്കാന്‍ ശ്രമിച്ചാല്‍ അത്‌ തെറ്റു തന്നെയാണ്‌. സംശയമില്ല. പല വിഷയങ്ങളിലായി കള്ളക്കേസുകള്‍ എത്രയെങ്കിലുമുണ്ടാകും നമ്മുടെ നാട്ടില്‍. പിന്നെ മലയാളിയുടെ കപടസദാചാരം എന്നും മറ്റും പറയുന്നതിനോട്‌ എനിക്ക്‌ യോജിക്കാനാവില്ല. അത്‌ ഞാന്‍ കാര്യകാരണസഹിതം പോസ്‌റ്റില്‍ പറഞ്ഞിട്ടുമുണ്ട്‌. വായിക്കുവാന്‍ ആവശ്യപ്പെട്ടതിലെ സന്തോഷം ഒന്നുകൂടി അറിയിച്ച്‌ നിര്‍ത്തട്ടെ.ഇനിയും കാണാം, കാണണം. :)
    സസ്‌നേഹം
    മൈത്രേയി.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete