പ്രതികരിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന തിരിച്ചറിവില്‍ ഇനി ഒന്നും എഴുതേണ്ടെന്ന് ഇടയ്‌ക്കിടെ തീരുമാനിക്കുന്നതാണ്. പക്ഷേ, ഇതൊക്കെ കണ്ടും കേട്ടും എങ്ങനെയാ മുണ്ടാണ്ടിരിക്കുക?
സെക്രട്ടറിയേറ്റ് ഗേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ് ശ്രീ.ടി.എഫ്. സിബിക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്‌തു. കാരണം യുവ സി.പി.ഐ. എം.എല്‍.എ, വി.എസ്. സുനില്‍കുമാറിനോട് ടിയാന്‍ പാസ് ചോദിച്ചു കളഞ്ഞു! (പത്രവാര്‍ത്ത-07.02.2010). പക്ഷേ ,ഇത്രയും മഹാപരാധം ചെയ്‌ത ഗാര്‍ഡിന് ശിക്ഷ തീരെ കുറഞ്ഞു പോയില്ലേ, ഡിസ്സ്‌മിസ്സല്‍ അല്ലേ വേണ്ടത് എന്നൊരു സംശയം അടിയന്റെ പഴമനസ്സില്‍ ഉദിച്ചു പൊങ്ങിയപ്പോഴാണ് ഇങ്ങനൊരു പോസ്‌റ്റിലൂടെ സംശയനിവൃത്തിക്കു തുനിഞ്ഞത്.
സിബിക്കുട്ടനെപ്പോലെ പലരുടേയും വോട്ടിലൂടെയല്ലേ സുനില്‍ കുമാര്‍ ജനസേവകപദവി സമ്പാദിച്ചത്? അല്ലാതെ IIM ല്‍ പോയി പഠിച്ചു പാസ്സായി വന്നിട്ടൊന്നുമല്ലല്ലോ. പക്ഷേ ആ പദവിയില്‍ എത്തിയപ്പോള്‍ സേവകന്‍ രാജാവാണെന്നു തോന്നിയോ? അധികാരം തലയ്‌ക്കു പിടിച്ചുവോ ? അതും ഒരു ചെറുപ്പക്കാരന് ? പകരം ആ ഗാര്‍ഡിനെ അഭിനന്ദിച്ച് സ്വന്തം ഐ.ഡി അങ്ങു കാണിക്കുകയല്ലേ വേണ്ടിയിരുന്നത്?
സര്‍വ്വശ്രീ. അബ്ദുള്‍കലാം, ഷാരൂഖ് ഘാന്‍, മമ്മൂട്ടി ഇവരെയൊക്ക ബന്ധിച്ച് ഇത്തരം വിവാദങ്ങള്‍ വന്നപ്പോഴും വാസ്‌തവത്തില്‍ നാണക്കേടു തോന്നി. അതാതു രാജ്യങ്ങളില്‍, കമ്പനികളില്‍ നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിലെന്താ തെറ്റ്? ചുമതലയുള്ള പൗരര്‍ അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്? ശ്രീ.അബ്ദുള്‍ കലാം അതില്‍ പരാതിയില്ലെന്നു വ്യക്തമാക്കി. മറ്റു രണ്ടുപേരും പരാതി പറഞ്ഞില്ല, പക്ഷേ ചാനലുകളിലൂടെ സംഭവങ്ങള്‍ വിശദീകരിച്ചു. ഇവിടെ കടുത്ത പ്രതികരണങ്ങള്‍ നടക്കമ്പോള്‍ " അത് ഇവിടത്തെ റുട്ടീന്‍ ചിട്ടകളാണ്, പരിശോധിച്ച നടപടി ശരിയാണ്. അതിനെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടതില്ല " എന്ന് അവര്‍ രണ്ടാളും പറഞ്ഞിരുന്നെങ്കില്‍!
കുഞ്ഞുന്നാളില്‍ അമ്മ പറഞ്ഞുതന്നൊരു കഥയുണ്ട്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഒരു ഫങ്ക്‌ഷനു പാസ് എടുക്കാന്‍ മറന്നു പോയി. അവിടെച്ചെന്നപ്പോള്‍ സെക്യൂരിറ്റി അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ,വിനയപൂര്‍വ്വം. കൃത്യനിര്‍വ്വഹണത്തിന് അഭിനന്ദിച്ച് കയ്യിലിരുന്ന പേനയോ എന്തോ പാരിതോഷികമായി നല്‍കി, പാസ്സെടുപ്പിച്ച് കൊണ്ടുവന്ന് അകത്തു കയറി അദ്ദേഹം .അതല്ലേ അതിന്റെ റൈറ്റ് സ്‌പിരിറ്റ്?
ഇത്തരം കഥകള്‍ നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പറഞ്ഞു കൊടുക്കണം , ഇല്ലെങ്കില്‍ അവരും ഇതൊക്കെ കണ്ടും കേട്ടും അവനവനില്‍ മുങ്ങി നടക്കുന്ന സുനില്‍കുമാരന്‍മാരായിപ്പോകും.
ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....വായനക്കാര്‍ തീരുമാനിക്കുക.
പ്രിയ സുനില്‍കുമാര്‍, താങ്കളെ എനിക്കു മുഖപരിചയം പോലുമില്ല. നമ്മുടെ കുടുംബങ്ങള്‍ തമ്മില്‍ പൂര്‍വ്വവൈരാഗ്യവുമില്ല. എന്നിട്ടും ഞാന്‍ താങ്കളെ വിമര്‍ശിക്കുന്നു. താങ്കളുടെ സ്ഥാനത്ത് മനസ്സിനും കണ്ണിനും തിമിരം ബാധിച്ച ഏതെങ്കിലും ഒരു രാഷ്ട്രീയവൃദ്ധന്റെ പേരായിരുന്നെങ്കില്‍ 'ഓ, ഇവരെയൊന്നും നന്നാക്കാന്‍ ഇനി ദൈവം വിചാരിച്ചാലും കഴിയില്ല, ഗോണ്‍ കെയ്‌സുകള്‍ ' എന്ന് ഞാനതങ്ങു കളഞ്ഞേനേ. പക്ഷേ ,താങ്കളൊരു ചെറുപ്പക്കാരനാണ് , നാളെ എന്റെ മക്കളെയോ കൊച്ചുമക്കളേയോ ഒക്കെ ഭരിക്കേണ്ടയാള്‍. അതുകൊണ്ടാണ് എന്റെ പേന, അല്ല, കീബോര്‍ഡ് ഇത്രയൊക്കെ പ്രതികരിക്കുന്നത്. താങ്കള്‍ മനസ്സിലാക്കണം, ഒരാളുടെ ഡ്യൂട്ടി ചെയ്യാന്‍ അയാളെ അനുവദിക്കുകയാണ് ചുമതലയുള്ള ഒരു ജനപ്രതിനിധി ചെയ്യേണ്ടത് എന്ന്.
ശ്രീ.സിബിക്കുട്ടുമുണ്ടാകുമല്ലോ ഒരു യൂണിയന്‍. അവര്‍ അദ്ദേഹത്തിന്റെ കണ്ണു തുറപ്പിക്കട്ടെ.
Subscribe to:
Post Comments (Atom)
ഇത്തരം കഥകള്‍ നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പറഞ്ഞു കൊടുക്കണം , ഇല്ലെങ്കില്‍ അവരും ഇതൊക്കെ കണ്ടും കേട്ടും അവനവനില്‍ മുങ്ങി നടക്കുന്ന സുനില്‍കുമാരന്‍മാരായിപ്പോകും.
ReplyDeleteവാർത്ത മുഴുവനുമായോ എന്നൊരു സംശയം!
ReplyDeleteഎന്നാലും ഞാനും പ്രതിഷേധിക്കുന്നു, സിബിക്കുട്ടന് കൊടുത്ത ശിക്ഷ കുറഞ്ഞുപോയി!
good iththaram vimarshanangal iniyum undaakanam abhinandanangal................
ReplyDeleteLoop holes and exceptions often prove as curses to the successful implementation of rules and regulations.
ReplyDeleteI dont understand why people need an exception just because they have one of fame, popularity and power.
A very valid point, Maithreyi.
“.......അഭിനന്ദിച്ച് കയ്യിലിരുന്ന പേനയോ എന്തോ പാരിതോഷികമായി നല്‍കി, പാസ്സെടുപ്പിച്ച് കൊണ്ടുവന്ന് അകത്തു കയറി അദ്ദേഹം .അതല്ലേ അതിന്റെ റൈറ്റ് സ്‌പിരിറ്റ്?“
ReplyDeleteഅതു തന്നെയാണതിന്റെ റൈറ്റ് സ്പിരിറ്റ്. പക്ഷേ അത്തരം സ്പിരിറ്റുകളൊക്കെ കൈമോശം വന്നുപോയില്ലേ ഇപ്പോള്‍ (മിക്കവാറുമൊക്കെ).
കാക്കര-ഞാന്‍ ഇത്രയേ വായിച്ചുള്ളല്ലോ മാഷേ....വേറെന്തെങ്കിലും ഉണ്ടോ?
ReplyDeleteമുസമ്മില്‍-നന്ദി,ഇനിയും വരിക.ഞാനും വരുന്നുണ്ട് താങ്കളുടെ ബ്ലോഗിലേക്ക്.
പ്യാരി-അതേ പ്യാരി,എപ്പോഴും എല്ലാവര്‍ക്കും exeception ആകണം.ജനപ്രതിനിധി അങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ എന്താകും.ചിലരെയൊക്ക പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുവാദം വേണം എന്നൊരു നിയമമില്ലേ. കൃത്യനിര്‍വ്വഹണത്തിനിടയില്‍ വന്നു പോകുന്ന കാര്യങ്ങള്‍ക്കുള്ള ഒരു പ്രൊട്ടക്ഷന്‍ എന്ന നിലയിലുള്ള ആ നിയമം പക്ഷേ ഉപയോഗിക്കപ്പെടുന്നത് എന്തിനാണ്? ie. the rule itself will defeat the very purpose for which it is created.
ടൈപ്പിസ്റ്റ്- നന്ദി, ചിന്താസമന്വയത്തിന്.
"പാസ് ചോദിച്ചതിന്" ഒരാളേയും സസ്‌പെൻഡ് ചെയ്യില്ല!.
ReplyDeleteയഥാർത്ഥ കാരണം പാസ് തന്നെയായിരിക്കും, പക്ഷെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെങ്ങിൽ ഒരു പരാതി കാണും, ചുരുങ്ങിയ പക്ഷം ഒരു കള്ളപരാതി.
--
ഇനി വയനാട് കലക്ടർ ചെവിയിൽ നുള്ളിക്കോ, ക്ഷ ഞ്ഞ ക്ലാ എല്ലാം എഴുതി പഠിച്ചോ. സുഖവിവരം അറിയാൻ വിളിചപ്പോൾ അത് ഫോൺ സ്പീക്കറിൽ ഇട്ട് ആക്കരുത്!
അതു ശരി. ഇനി അതെന്താണാവോ.പിന്നെ വാര്‍ത്തയൊന്നും കണ്ടില്ല.
ReplyDeleteഅതെ വയനാട് കളക്ടറടെ കാര്യം ഇനി ഗോപി!.ആ ശശിമാഷിന്, "താങ്കള്‍ എന്തു ചെയ്യുകയാ", "എവിടെയാ"," വണ്ടി ഓടിക്കുകയാണോ" ,"ഇപ്പോള്‍ സംസാരിക്കാമോ "എന്നും മറ്റുമുള്ള നമ്മള്‍ സാധാരണക്കാര്‍ മൊബൈലില്‍ വിളിക്കുമ്പോള്‍ ചോദിക്കുന്ന ആ മര്യാദച്ചോദ്യത്തിലേതെങ്കിലുമൊന്ന് ചോദിക്കാമായിരുന്നില്ലേ. എങ്കില്‍ ഈ അബദ്ധം പറ്റുമായിരുന്നോ.നാക്കില്‍ഗുളികനിരുന്ന നേരത്താവും വിളിക്കാന്‍ തോന്നിയത്.....
സമകാലികം എഴുതാനാണെങ്കില്‍ ഇഷ്ടം പോലെയാണ് വാര്‍ത്തകള്‍.......
ഇങ്ങനെയൊരു സംഭവം നടന്നതറിഞ്ഞില്ല.
ReplyDeleteഞാനൊരു സി.പി.ഐ അനുഭാവി ആണെങ്കിലും തെറ്റ് ഏതപ്പന്‍ ചെയ്താലും അത് തെറ്റ് തന്നെ, ഇതില്‍ 100 ശതമാനം ശരിയുണ്ടുങ്കില്‍ മൈത്രേയിക്കൊപ്പം ഞാനും പ്രതിഷേധിക്കുന്നു.
ReplyDeleteഅധികാരവും, അഹങ്കാരവും തലയ്‌ക്കു പിടിച്ചവര്‍ക്ക് അവര്‍ നിയമത്തിന് അതീതരായെന്ന തോന്നലുണ്ടാകും. അപ്പോള്‍ ജനങ്ങളാല്‍, ജനങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരാണന്ന് മറന്ന് അവര്‍ പലതും കാട്ടികൂട്ടും. ഇവിടെ നിയമം തെറ്റിക്കുന്നവന് ശിക്‌ഷയില്ല, പകരം നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നവനു ശിക്‌ഷ!!!
ReplyDelete"പ്രതികരിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന തിരിച്ചറിവില്‍ ഇനി ഒന്നും എഴുതേണ്ടെന്ന് ഇടയ്‌ക്കിടെ തീരുമാനിക്കുന്നതാണ്. പക്ഷേ, ഇതൊക്കെ കണ്ടും കേട്ടും എങ്ങനെയാ മുണ്ടാണ്ടിരിക്കുക?"
പ്രതികരിച്ചിട്ട് പ്രയോജനമില്ലെന്നു കരുതി നിര്‍ത്തരുത്. പ്രതികരിക്കണം. എന്നാലല്ലേ ഞങ്ങള്‍ക്ക് പ്രതികരിക്കാനാവൂ.....:)