Wednesday, February 17, 2010

കലയും ജലസേചനവും

ജലസേചനം എന്തെന്നു മനസ്സിലായിക്കാണുമല്ലോ അല്ലേ? പ്രയോഗം സാക്ഷാല്‍ മലയാറ്റൂരില്‍ നിന്നു കടം കൊണ്ടതു തന്നെ.



ഈയിടെ ഇതിനെക്കുറിച്ചു ചിന്തിച്ചത്‌ പ്രിയ ഗാനരചയിതാവ്‌ ഗിരീഷ്‌ പുത്തഞ്ചേരിയുടെ മരണവും ശ്രീ.യേശുദാസിന്റെ പ്രതികരണവുമാണ്‌. ഇവര്‍ക്കൊക്കെ എന്താണു പറ്റുന്നത്‌, 48 വയസ്സില്‍ മരിച്ചു, ബാങ്ക്‌ ബാലന്‍സ്‌ 48 രൂപാ... അങ്ങനെ എന്തോ ആണ്‌ അദ്ദേഹം പറഞ്ഞത്‌ .



മക്കള്‍ ഒരിടത്തുമെത്തിയില്ലെന്നു തോന്നുന്നു. ധാരാളം കവിത തുളുമ്പും സിനിമാപ്പാട്ടുകളെഴുതിയിട്ടുണ്ട്‌, ആ അതുല്യകലാകാരന്‍, പക്ഷേ സ്വന്തം കുടുംബത്തെക്കുറിച്ച്‌ തെല്ലുമോര്‍ത്തില്ലല്ലോ. ലോലഹൃദയവും സെന്‍സിറ്റീവ്‌നെസ്സും ഒക്കെ ഉണ്ടെങ്കിലേ നല്ല കലാകാരനാകൂ. പക്ഷേ, ജലസേചനം നിര്‍ബന്ധമാണോ.?



ഈയിടെ ഒരു പഴയ മുഖാമുഖം വീണ്ടും കാണിച്ചു. ബാല്യകാലത്ത്‌ രാവിലെ 5 മണിക്കെണീറ്റ്‌ അമരകോശവും മറ്റും പഠിക്കുമായിരുന്നു, അച്ഛന്‍ വലിയ ജ്യോതിഷിയും പണ്ഡിതനുമായിരുന്നു. അതായത്‌ ചിട്ടയോടെ വളര്‍ത്തിക്കൊണ്ടു വന്നിരുന്നു അച്ഛന്‍ മകനെ. എന്നിട്ടും ..... മിനുങ്ങിയാലേ എഴുത്തു വരികയുള്ളോ ആവോ?



കൊച്ചിന്‍ ഹനീഫയുടെ സാമ്പത്തികം അറിയില്ല, ജലസേചനം ഉണ്ടായിരുന്നോ എന്നുമറിയില്ല. പക്ഷേ, മക്കള്‍ തീരെ കുഞ്ഞുങ്ങള്‍......ഇനി ആ കുഞ്ഞുങ്ങളും അമ്മയും ........



ലോഹിതദാസിനും ഇതു തന്നെ സംഭവിച്ചു. മക്കളെ പഠിപ്പിച്ചത്‌ മമ്മൂട്ടിയാണെന്നും മറ്റും എവിടെയോ വായിച്ചു.



പഴയ കാലത്ത്‌ കുത്തഴിഞ്ഞ ജീവിതം നയിച്ച പല കലാകാരന്‍മാരുമുണ്ട്‌. ഓടയില്‍ക്കിടന്നാണ്‌ സൈഗാള്‍ മരിച്ചതെന്നു കേട്ടിട്ടുണ്ട്‌. പക്ഷേ ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ കുടുംബം മറക്കാത്തവരാണ്‌ പൊതുവെ ഇപ്പോഴുള്ളവര്‍. എന്നിട്ടും......



ഒരു പഴയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്‌ .വയലാറിന്റെ മരണത്തില്‍ അകമഴിഞ്ഞു ദുഃഖിച്ച മകള്‍. കള്ളു കുടിച്ച്‌ കുടിച്ച്‌ വീടു നോക്കാതെ മരിച്ചതല്ലേ, അനുകമ്പ ആവശ്യമില്ലെന്നു അച്ഛന്‍. വികാരഭരിതയായി മകള്‍ ചോദിച്ചത്രേ, അച്ഛന്‍ കള്ളു കുടിക്കില്ല, കുടുംബം നോക്കും, പക്ഷേ വയലാര്‍ എഴുതിയ പോലെ ഒരു വരി കവിത എഴുതാന്‍ അച്ഛനു കഴിയുമോ എന്ന്‌! സരസ്വതീദേവി കനിയണമെങ്കില്‍ കള്ളുകുടിച്ചേ മതിയാകൂ എന്നുണ്ടോ?



ഇപ്പോള്‍ മലയാളി വനിതകളും അക്കാര്യത്തില്‍ വളരെ മോഡേണ്‍ ആയി...... ജലസേചനം നടത്തി വണ്ടിയോടിച്ച രണ്ടു സീരിയല്‍ നടിമാരെ പോലീസ്‌ കോടതിയിലെത്തിച്ച വാര്‍ത്ത പഴകിയിട്ടില്ലല്ലോ ഇപ്പോഴും......ഇരിക്കട്ടെ , പുരുഷകേസരികള്‍ക്കൊപ്പത്തിനൊപ്പം സ്ഥാനം ഇക്കാര്യത്തിലും.



മലയാളത്തില്‍ കവിത എഴുതണമെങ്കില്‍ ചങ്ങമ്പുഴയും വള്ളത്തോളും ആശാനും മറ്റും പലയാവര്‍ത്തി വായിക്കണം, ഈയിടെ അമ്മ പറഞ്ഞു. എങ്കില്‍ ഒരു പദം മാറ്റാന്‍ നേരം പകരം ഒമ്പതെണ്ണം കിട്ടും എന്ന്‌. ചങ്ങമ്പുഴയുടെ കവിതകള്‍ എക്കാലവും സ്‌മരിക്കപ്പെടുമ്പോഴും കവിയുടെ കുത്തഴിഞ്ഞ ജീവിതത്തിനു സാക്ഷ്യം വഹിച്ച്‌ തകര്‍ന്ന ആ കുടുംബം...... . 'കാഞ്ചനകാഞ്ചി കുലുങ്ങി കുലുങ്ങി....... ' എന്നും മറ്റും ആസ്വദിച്ചു ചൊല്ലാന്‍ നമ്മള്‍ക്കു കഴിയും. പക്ഷേ ശ്രീമതി.ശ്രീദേവി ചങ്ങമ്പുഴയ്‌ക്ക്‌ അങ്ങനെ ആസ്വദിച്ചു ചൊല്ലാനാകുമോ എന്നെങ്കിലും ...?



അപ്പോള്‍പ്പിന്നെ പോംവഴി ഒന്നേയുള്ളു...ജലസേചനം നിര്‍ബന്ധമാണെങ്കില്‍ കല്യാണം വേണ്ട എന്നങ്ങു തീരുമാനിക്കണം.....അതെങ്ങനെ ചിലപ്പോള്‍ മക്കളും ആയിക്കഴിഞ്ഞാകും ഈ നല്ല സ്വഭാവം തുടങ്ങുക.......പാവം ഭാര്യയും മക്കളും....

Tuesday, February 9, 2010

ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....

പ്രതികരിച്ചിട്ട്‌ പ്രയോജനമൊന്നുമില്ലെന്ന തിരിച്ചറിവില്‍ ഇനി ഒന്നും എഴുതേണ്ടെന്ന്‌ ഇടയ്‌ക്കിടെ തീരുമാനിക്കുന്നതാണ്‌. പക്ഷേ, ഇതൊക്കെ കണ്ടും കേട്ടും എങ്ങനെയാ മുണ്ടാണ്ടിരിക്കുക?


സെക്രട്ടറിയേറ്റ്‌ ഗേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ്‌ ശ്രീ.ടി.എഫ്‌. സിബിക്കുട്ടനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. കാരണം യുവ സി.പി.ഐ. എം.എല്‍.എ, വി.എസ്‌. സുനില്‍കുമാറിനോട്‌ ടിയാന്‍ പാസ്‌ ചോദിച്ചു കളഞ്ഞു! (പത്രവാര്‍ത്ത-07.02.2010). പക്ഷേ ,ഇത്രയും മഹാപരാധം ചെയ്‌ത ഗാര്‍ഡിന്‌ ശിക്ഷ തീരെ കുറഞ്ഞു പോയില്ലേ, ഡിസ്സ്‌മിസ്സല്‍ അല്ലേ വേണ്ടത്‌ എന്നൊരു സംശയം അടിയന്റെ പഴമനസ്സില്‍ ഉദിച്ചു പൊങ്ങിയപ്പോഴാണ്‌ ഇങ്ങനൊരു പോസ്‌റ്റിലൂടെ സംശയനിവൃത്തിക്കു തുനിഞ്ഞത്‌.

സിബിക്കുട്ടനെപ്പോലെ പലരുടേയും വോട്ടിലൂടെയല്ലേ സുനില്‍ കുമാര്‍ ജനസേവകപദവി സമ്പാദിച്ചത്‌? അല്ലാതെ IIM ല്‍ പോയി പഠിച്ചു പാസ്സായി വന്നിട്ടൊന്നുമല്ലല്ലോ. പക്ഷേ ആ പദവിയില്‍ എത്തിയപ്പോള്‍ സേവകന്‍ രാജാവാണെന്നു തോന്നിയോ? അധികാരം തലയ്‌ക്കു പിടിച്ചുവോ ? അതും ഒരു ചെറുപ്പക്കാരന്‌ ? പകരം ആ ഗാര്‍ഡിനെ അഭിനന്ദിച്ച്‌ സ്വന്തം ഐ.ഡി അങ്ങു കാണിക്കുകയല്ലേ വേണ്ടിയിരുന്നത്‌?

സര്‍വ്വശ്രീ. അബ്ദുള്‍കലാം, ഷാരൂഖ്‌ ഘാന്‍, മമ്മൂട്ടി ഇവരെയൊക്ക ബന്ധിച്ച്‌ ഇത്തരം വിവാദങ്ങള്‍ വന്നപ്പോഴും വാസ്‌തവത്തില്‍ നാണക്കേടു തോന്നി. അതാതു രാജ്യങ്ങളില്‍, കമ്പനികളില്‍ നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിലെന്താ തെറ്റ്‌? ചുമതലയുള്ള പൗരര്‍ അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്‌? ശ്രീ.അബ്ദുള്‍ കലാം അതില്‍ പരാതിയില്ലെന്നു വ്യക്തമാക്കി. മറ്റു രണ്ടുപേരും പരാതി പറഞ്ഞില്ല, പക്ഷേ ചാനലുകളിലൂടെ സംഭവങ്ങള്‍ വിശദീകരിച്ചു. ഇവിടെ കടുത്ത പ്രതികരണങ്ങള്‍ നടക്കമ്പോള്‍ " അത്‌ ഇവിടത്തെ റുട്ടീന്‍ ചിട്ടകളാണ്‌, പരിശോധിച്ച നടപടി ശരിയാണ്‌. അതിനെക്കുറിച്ച്‌ ആരും വേവലാതിപ്പെടേണ്ടതില്ല " എന്ന്‌ അവര്‍ രണ്ടാളും പറഞ്ഞിരുന്നെങ്കില്‍!

കുഞ്ഞുന്നാളില്‍ അമ്മ പറഞ്ഞുതന്നൊരു കഥയുണ്ട്‌. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഒരു ഫങ്ക്‌ഷനു പാസ്‌ എടുക്കാന്‍ മറന്നു പോയി. അവിടെച്ചെന്നപ്പോള്‍ സെക്യൂരിറ്റി അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ,വിനയപൂര്‍വ്വം. കൃത്യനിര്‍വ്വഹണത്തിന്‌ അഭിനന്ദിച്ച്‌ കയ്യിലിരുന്ന പേനയോ എന്തോ പാരിതോഷികമായി നല്‍കി, പാസ്സെടുപ്പിച്ച്‌ കൊണ്ടുവന്ന്‌ അകത്തു കയറി അദ്ദേഹം .അതല്ലേ അതിന്റെ റൈറ്റ്‌ സ്‌പിരിറ്റ്‌?

ഇത്തരം കഥകള്‍ നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പറഞ്ഞു കൊടുക്കണം , ഇല്ലെങ്കില്‍ അവരും ഇതൊക്കെ കണ്ടും കേട്ടും അവനവനില്‍ മുങ്ങി നടക്കുന്ന സുനില്‍കുമാരന്‍മാരായിപ്പോകും.

ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....വായനക്കാര്‍ തീരുമാനിക്കുക.

പ്രിയ സുനില്‍കുമാര്‍, താങ്കളെ എനിക്കു മുഖപരിചയം പോലുമില്ല. നമ്മുടെ കുടുംബങ്ങള്‍ തമ്മില്‍ പൂര്‍വ്വവൈരാഗ്യവുമില്ല. എന്നിട്ടും ഞാന്‍ താങ്കളെ വിമര്‍ശിക്കുന്നു. താങ്കളുടെ സ്ഥാനത്ത്‌ മനസ്സിനും കണ്ണിനും തിമിരം ബാധിച്ച ഏതെങ്കിലും ഒരു രാഷ്ട്രീയവൃദ്ധന്റെ പേരായിരുന്നെങ്കില്‍ 'ഓ, ഇവരെയൊന്നും നന്നാക്കാന്‍ ഇനി ദൈവം വിചാരിച്ചാലും കഴിയില്ല, ഗോണ്‍ കെയ്‌സുകള്‍ ' എന്ന്‌ ഞാനതങ്ങു കളഞ്ഞേനേ. പക്ഷേ ,താങ്കളൊരു ചെറുപ്പക്കാരനാണ്‌ , നാളെ എന്റെ മക്കളെയോ കൊച്ചുമക്കളേയോ ഒക്കെ ഭരിക്കേണ്ടയാള്‍. അതുകൊണ്ടാണ്‌ എന്റെ പേന, അല്ല, കീബോര്‍ഡ്‌ ഇത്രയൊക്കെ പ്രതികരിക്കുന്നത്‌. താങ്കള്‍ മനസ്സിലാക്കണം, ഒരാളുടെ ഡ്യൂട്ടി ചെയ്യാന്‍ അയാളെ അനുവദിക്കുകയാണ്‌ ചുമതലയുള്ള ഒരു ജനപ്രതിനിധി ചെയ്യേണ്ടത്‌ എന്ന്‌.

ശ്രീ.സിബിക്കുട്ടുമുണ്ടാകുമല്ലോ ഒരു യൂണിയന്‍. അവര്‍ അദ്ദേഹത്തിന്റെ കണ്ണു തുറപ്പിക്കട്ടെ.

Saturday, January 30, 2010

കമന്റുകള്‍ ചിന്തിപ്പിക്കുന്നത്‌......

ശ്രീ. രാ.ഉ ന്റെ വിവാദ പ്രസംഗം , പിന്നീട്‌ അരങ്ങേറിയ മഞ്ചേരിസംഭവങ്ങള്‍, അക്കാര്യങ്ങളെക്കുറിച്ചു വന്ന മീഡിയ-ബ്ലോഗുലക പ്രതികരണങ്ങള്‍ എന്നിവയെല്ലാം മനസ്സില്‍ ഉണര്‍ത്തിയ ചിന്തകളാണ്‌ ഇവിടെ കുറിക്കുന്നത്‌. വാസ്‌തവത്തില്‍ പലരും അഭിപ്രായപ്പെട്ടതുപോലെ ഇത്ര ചര്‍ച്ചയൊന്നും ഇവ അര്‍ഹിക്കുന്നില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്ന സാമൂഹിക- മാനുഷിക വശങ്ങള്‍ , സദാചാരനിര്‍വ്വചനം., വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ ഇവയൊക്കെ ചിന്ത്യമാണ്‌.

ഒരു ആണും പെണ്ണും ഒന്നിച്ച്‌ സഞ്ചരിച്ചാല്‍, ഒരുമിച്ച്‌ താമസിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴും എന്നു വിലപിക്കുന്ന ശുദ്ധ സദാചാരപൊയ്‌മുഖങ്ങളാണ്‌ ( താനൊഴികെയുള്ള ) മലയാളികള്‍ എന്നു ചിലര്‍. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കെത്തി നോക്കുന്ന പ്രവണത സംസ്‌ക്കാരമുള്ളവര്‍ക്കു ചേര്‍ന്നതല്ലെന്നു മറ്റു ചിലര്‍. അയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രശ്‌നമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്താണു ഹേ എന്ന അസഹിഷ്‌ണുത ഇനിയും ചിലര്‍ക്ക്‌. രാഷ്ട്രീയ എതിരാളികള്‍ ഒപ്പിച്ച ഒരു കെണിയല്ലേ ഇതെന്ന്‌്‌ നാലാമതൊരു കൂട്ടര്‍.

നാം നമ്മെ അത്രയൊന്നും താഴ്‌ത്തിക്കെട്ടണ്ട കാര്യമില്ല ഇക്കാര്യത്തില്‍ എന്നാണ്‌ എന്റെ അഭിപ്രായം എന്ന്‌ താഴ്‌മയായി പറയട്ടെ. വിവരദോഷമെന്ന്‌ തോന്നുന്നുവെങ്കില്‍ സദയം ക്ഷമിക്കുക.

ആണിനും പെണ്ണിനുമിടയില്‍ പട്ടുനൂല്‍പോലെ മനോഹരമായ എത്രയോ നല്ല സുഹൃത്‌ബന്ധങ്ങളുണ്ട്‌. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഒന്നിച്ചു സഞ്ചരിക്കുന്നത്‌ ഒരു തെറ്റുമല്ല . ഇക്കാലത്ത്‌ ഇതൊന്നും അറിയാത്ത, അംഗീകരിക്കാത്ത കേരളീയര്‍ ഉണ്ടാവില്ല.

കാള പെറ്റുവെന്നു കേട്ടയുടന്‍ എല്ലവരും കയറെടുത്തു എന്നും കരുതുക വയ്യ. അതുകൊണ്ട്‌ അതൊന്നുമല്ല ഇവിടത്തെ പ്രശ്‌നം. യുക്തിപൂര്‍വ്വം ചിന്തിച്ചപ്പോള്‍, എല്ലാം കൂടി കൂട്ടി വായിച്ചപ്പോള്‍ ഉരുത്തിരിഞ്ഞ സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണവ. സ്‌ത്രീകള്‍ക്ക്‌ അപമാനകരമാം വണ്ണമുള്ള ആദ്യപ്രസംഗത്തിന്‌ രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാരായ കുറെപ്പേര്‍ അദ്ദേഹത്തിന്‌ മാര്‍ക്കിട്ടിട്ടുണ്ടാകും, അതിന്റെ തൊട്ടു പുറകെ അടുത്ത വിവാദം ......ഇതിനൊന്നിനും ജനം കുറ്റക്കാരല്ലല്ലോ. വീട്ടുടമസ്ഥരും വീടു വാടകക്കെടുത്തയാളും മുങ്ങിനടക്കാതെ സത്യം എന്ന്‌ രാ.മോ.ഉ പിന്നീട്‌ വിശദീകരിച്ച കാര്യങ്ങള്‍ അന്നു തന്നെ വ്യക്തമാക്കിയിരുന്നുവെങ്കില്‍, പിടിയിലാകപ്പെട്ടവര്‍ വിവര്‍ണ്ണരായി കുറ്റവാളികളെപ്പോലെ തലകുനിച്ചിരിക്കാതെ ധൈര്യമായി ക്യാമറയെ അഭിമുഖീകരിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നെങ്കില്‍ പ്രതികരണങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ലല്ലോ. സാധാരണക്കാരായിരുന്നുവെങ്കില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന അത്തരം സംഭവങ്ങള്‍ക്കു മുന്‍പില്‍ തീര്‍ച്ചയായും പതറും, പക്ഷേ, തഴക്കവും പഴക്കവും ചെന്ന ,ജനങ്ങള്‍ക്കിടയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകര്‍ അത്തരം സാധാരണക്കാരുടെ ജനുസ്സില്‍പ്പെടില്ലല്ലോ. അപ്പോള്‍പ്പിന്നെ ജനത്തിനെ എന്തിനു കുറ്റം പറയണം?

മഞ്ചേരിക്കും അപ്പുറം ഒരു നാട്ടിന്‍പുറത്ത്‌ തങ്ങളുടെ ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ സാമൂഹ്യവിരുദ്ധപ്രവൃത്തികള്‍ നടക്കുന്നുവെന്ന അന്നാട്ടുകാരുടെ സംശയവും അതു കണ്ടുപിടിക്കാനുള്ള ആ ഗ്രാമവാസികളുടെ ശ്രമവുമല്ലേ വാസ്‌തവത്തില്‍ അവര്‍ പോലും നിനച്ചിരിക്കാത്ത ഈ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ?. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ മറ്റു പല സ്ഥലങ്ങളിലും വീടുകള്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തിയിട്ടുണ്ട്‌. നാട്ടുകാര്‍ കൂടിയിട്ടുണ്ട്‌. ടി.വിയില്‍ വന്നിട്ടുണ്ട്‌. അവസാനം അത്തരം ഒന്നു കണ്ടത്‌ തിരു.പേരൂര്‍ക്കടയിലാണെന്നാണോര്‍മ്മ. അതിനു മുന്‍പ്‌ എറ. കടവന്ത്ര. ഇതെല്ലാം നാട്ടുകാരുടെ സംശയത്തേയും പരാതിയെയും തുടര്‍ന്നാണ്‌. അതൊന്നും നിഷേധിക്കാനാവില്ലല്ലോ. ആ നാട്ടുകാരെല്ലാം സദാചാരപൊയ്‌മുഖങ്ങളാണെന്നു പറയുന്നത്‌ ബാലിശമല്ലേ.

തന്റെ ഭാര്യയോ അമ്മയോ മകളോ സഹോദരിയോ താമസിക്കുന്ന വീടിന്റെ കോളനിയില്‍ സാമൂഹ്യവിരുദ്ധകാര്യങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞാല്‍ ഞെട്ടാത്ത ഏതു മലയാളിയുണ്ട്‌ ? നമ്മുടെ വീട്ടിലെ സ്‌ത്രീജനങ്ങളെയോര്‍ത്ത്‌ ആശങ്കപ്പെടാതിരിക്കാനാകുമോ അയാള്‍ക്ക്‌.? അതോ , 'ഓ, അതവരുടെ സ്വകാര്യം , എന്തോ ആകട്ടെ'യെന്നു വക്കുമോ? ഇല്ലേയില്ല, അപ്പോള്‍ നമ്മള്‍ പ്രതികരിക്കും, തീര്‍ച്ചയായും. അതേ അവരും ചെയ്‌തുള്ളു.

നമ്മുടെ നാട്ടില്‍ 'ചുവന്ന വീടുകള്‍ ' പെരുകാതിരിക്കാന്‍ , ഈ സമൂഹനിരീക്ഷണം തീര്‍ച്ചയായും സഹായിക്കില്ലേ? വാസ്‌തവത്തില്‍ നിയമപാലകരെ സഹായിച്ച്‌ പൗരബോധം തെളിയിക്കുകയല്ലേ അപ്പോള്‍ നമ്മള്‍? എന്നാല്‍ നിയമം കയ്യിലെടുക്കലായി അതു മാറിപ്പോകാതിരിക്കുവാന്‍ പൊലീസ്‌ ജാഗ്രത്താകണമെന്നു മാത്രം. നമുക്കു ചുറ്റും നടക്കുന്നത്‌ നാം കണ്ണു തുറന്നു കാണുകയും ചെവി തുറന്നു കേള്‍ക്കുകയും തന്നെ വേണം. അതു തന്നെയാണ്‌ സമൂഹസുരക്ഷയ്‌ക്കാവശ്യം. ജനസംഖ്യ കൂടിയ നമ്മുടേതു പോലുള്ള നാട്ടില്‍ എല്ലാ കാര്യങ്ങളും ഭരണാധികാരികളും നിയമപാലകരും ചെയ്യും എന്ന്‌ ജനം കൈ കെട്ടിയിരിക്കാന്‍ പാടില്ല. അതല്ല പൗരധര്‍മ്മം.

ഒരു മരണവീട്ടില്‍ ചെന്നാല്‍ നമ്മള്‍ കരയുന്നത്‌ മരിച്ച ആളോടുള്ള സ്‌നേഹം കൊണ്ടല്ല, മറിച്ച്‌ നമുക്കാണ്‌ ആ അവസ്ഥ വന്നതെങ്കിലോ എന്നു ചിന്തിച്ചാണെന്ന്‌ ഒരിക്കല്‍ ശ്രീ.എം.കൃഷ്‌ണന്‍നായര്‍ എഴുതിയിരുന്നു. അതു വളരെ വളരെ സത്യമാണ്‌. എന്റെ കൂട്ടുകാരിയുടെ അച്ഛന്‍ മരിച്ചാല്‍ അവളുടെ സ്ഥാനത്തു ഞാനാണെങ്കിലോ എന്നു ചിന്തിക്കുമ്പോഴാണ്‌ നിയന്ത്രണം വിട്ട്‌ ഞാന്‍ വാവിട്ടു കരയുക. ഇതുതന്നെയാണ്‌ ഈ പ്രതികരണങ്ങളുടേയും അടിസ്ഥാനതത്വം.

പിന്നെ , നാട്ടുക്കൂട്ടത്തിന്റെ ആവേശം. അതു മാസ്‌ ഹിസ്‌റ്റീരിയ...... മൊബൈല്‍ ക്യാമറ.....നെറ്റില്‍ പടമിടല്‍.......വാഹനാപകടങ്ങള്‍ കാണിക്കുമ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്‌ ഇത്‌. കാണുമ്പോള്‍ വല്ലാത്ത മാനസിക വൈക്ലബ്യം അനുഭവിച്ചിട്ടുമുണ്ട്‌ . സിനിമകള്‍ പോലും ഇങ്ങനെ കോപ്പിയടിക്കപ്പെടുന്നില്ലേ. ഒട്ടും നന്നല്ലെങ്കിലും ടെക്‌നോളജി വളര്‍ച്ചയുടെ അവശ്യ ബൈപ്രോഡക്ട്‌സ്‌ ആണ്‌ ഇവയെല്ലാം. കാലസ്ഥിതി വച്ച്‌ ഒഴിവാക്കാനൊക്കാത്ത അനുബന്ധപ്രവണതകള്‍ ‌.

വ്യക്തി സ്വാതന്ത്ര്യത്തേയും സ്വകാര്യതകളെയും അംഗീകരിക്കുന്ന ,നമ്മുടേതിനെക്കാള്‍ വളരെ "മോഡേണ്‍" കാഴ്‌ച്ചപ്പാടുകളുള്ള പടിഞ്ഞാറന്‍ സമൂഹത്തിലും ഇതെല്ലാമുണ്ടെന്നത്‌ നമ്മള്‍ മറക്കാതിരിക്കുക. മുന്‍ അമേരിക്കന്‍ പ്രസിഡണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഓര്‍ക്കുക. പാപ്പരാസികളുടെ നിരന്തര ഇടപെടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ലേഡി ഡയാന ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നില്ലേ? ആ വികസിത സമൂഹവും ഇതെല്ലാം വലിയ കാര്യങ്ങളായി എടുത്തതെന്തേ? അതോ അവരും 'കപടസദാചാരബോധമുള്ള മലയാളികളെ' പ്പോലായിരിക്കുമോ എന്തോ?

പൊതുപ്രവര്‍ത്തിനിറങ്ങുന്നവര്‍ കരുതി ജീവിച്ചേ മതിയാകൂ, സാമൂഹ്യപ്രതിബദ്ധത കാണിച്ചേ മതിയാകൂ, വ്യക്തിസ്വാതന്ത്യത്തിനു പരിധികള്‍ വച്ചേ മതിയാകൂ. വ്യക്തി സ്വാതന്ത്യം എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസന്‍സല്ല എന്ന മനസ്സിലാക്കണം. സ്വന്തം സ്വാതന്ത്ര്യം പണയപ്പെടുത്താന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്‌ അവനവന്റെ ഇഷ്ടാനുസരണം ശരിയും തെറ്റും നിര്‍ണ്ണയിച്ച്‌ ജീവിക്കാം, ആരും തടസ്സമാവില്ല, പക്ഷേ, അങ്ങനെയുള്ളപ്പോള്‍ പൊതുപ്രവര്‍ത്തകരായേ പറ്റൂ എന്ന്‌ വാശി പിടിക്കണ്ടതില്ല, അത്ര തന്നെ. അധികാരവും പണവും ആസ്വദിക്കലല്ല പൊതുപ്രവര്‍ത്തനം. ജനസേവകര്‍ക്കു ചുവടു തെറ്റിയാല്‍ ജനം തിരുത്തണം. ജനം എന്ന വാച്ച്‌ ഡോഗിനെ നേതാക്കളും പൊതുപ്രവര്‍ത്തകരും ഭയക്കണം, വിലവെക്കണം. അന്തിമ അധികാരി, അള്‍ട്ടിമേറ്റ്‌ അതോറിറ്റി, വോട്ടവകാശമുള്ള ജനം തന്നെയാണ്‌, ജനം മാത്രമാണ്‌.

പത്രമാദ്ധ്യമങ്ങള്‍, ചാനലുകള്‍, ഇപ്പോള്‍ ബ്ലോഗുകള്‍ ഇവയെല്ലാം ജനസേവകര്‍ എന്ന ജനനേതാക്കള്‍ കാണണം, വായിക്കണം, ജനത്തിന്റെ പള്‍സ്‌ മനസ്സിലാക്കണം. തെറ്റുകള്‍, വീഴ്‌ച്ചകള്‍, അത്‌ ഏതു കാര്യത്തിന്റെ പേരിലായാലും തിരുത്താന്‍ തയ്യാറാകണം. സാമൂഹ്യപ്രതിബദ്ധതയുള്ള നേതാക്കള്‍ ചെയ്യേണ്ടത്‌ അതാണ്‌.

ജനവികാരം മാനിച്ച്‌ ഭാര്യയെപ്പോലും ഉപേക്ഷിച്ച ശ്രീരാമന്റെ പാരമ്പര്യമാണ്‌ നമുക്കുള്ളത്‌. രാജ്യമാണ്‌, ജനമാണ്‌ അവനവനെക്കാള്‍ വലുത്‌ എന്നു കാണിച്ചു തന്നു അദ്ദേഹം . ജനത്തിനെ നോക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന സ്വേച്ഛാധിപതിയായ രാവണനെപ്പോലാകരുത്‌ നേതാക്കള്‍ ( ആശയ കടപ്പാട്‌:സീതായനം, കെ.സുരേന്ദ്രന്‍). സ്വന്തം താല്‍പ്പര്യം ജനത്തിനു വേണ്ടി ത്യജിക്കാനാവില്ലെങ്കില്‍ ഭാര്യയ്‌ക്കുവേണ്ടി രാജ്യമുപേക്ഷിച്ച വിന്‍സര്‍പ്രഭുവിനെ അനുകരിക്കാം. അല്ലാതെ രാജ്യവും ഭരണവും കൈയ്യിലിരിക്കയും വേണം, സ്വന്തം താത്‌പര്യങ്ങള്‍ക്കു വിഘാതവും പാടില്ല, എന്നു വന്നാല്‍ അതു ജനം നോക്കിയിരിക്കേണ്ട കാര്യമൊന്നുമില്ല.

Immoral traffic (prevention) act ദുരുപയോഗപ്പെടുത്തുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ സിവിള്‍ റൈറ്റ്‌സ്‌ ആന്‍ഡ്‌ സോഷ്യല്‍ ജസ്‌റ്റിസ്‌ സൊസൈറ്റി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ചീഫ്‌ സെക്രട്ടറി,ഹോം സെക്രട്ടറി എന്നിവര്‍ക്ക ‌ നിവേദനം സമര്‍പ്പിച്ചിരിക്കുന്നതായി വാര്‍ത്ത 26.12.2009 ലെ ഹിന്ദു പത്രത്തില്‍ കണ്ടു. (അന്നെഴുതിത്തുടങ്ങിയതാണ്‌, പൂര്‍ത്തീകരിക്കാനും പോസ്‌റ്റാനും കഴിഞ്ഞില്ല) അതിന്റെ ഭാരവാഹികളെക്കുറിച്ചോ, പ്രവര്‍ത്തനത്തെക്കുറിച്ചോ , ആസ്ഥാനത്തെക്കുറിച്ചോ ഒന്നും വാര്‍ത്തയില്‍ ഒരിടത്തുമുണ്ടായിരുന്നില്ല. ഗൂഗ്ലിയിട്ടു കിട്ടിയുമില്ല. പെട്ടെന്നു തട്ടിക്കൂട്ടിയ ഒന്നാണോ ആവോ, അറിയില്ല. പ്രധാന പരാതി പോലീസ്‌ ഓഫീസര്‍മാരെക്കുറിച്ചു തന്നെ. അനാവശ്യകേസുകള്‍ സൃഷ്ടിച്ച്‌ സൈ്വരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും പിന്നീട്‌ മിയ്‌ക്കപ്പോഴും നിരപരാധിത്വം തെളിഞ്ഞ്‌ വിട്ടയയ്‌ക്കപ്പെടുന്നുണ്ടെന്നും ഇതിനിരയാകുന്നവരും അവരുടെ കുടുംബങ്ങളും മാനസികമായി പീഡിപ്പിക്കപ്പെടുന്നുവെന്നും മറ്റുമായിരുന്നു വാര്‍ത്ത. പോലീസ്‌ അന്യായമായി കേസടുക്കുന്നുണ്ടെങ്കില്‍ അതു തടയുക തന്നെ വേണം . അതിനു തര്‍ക്കമില്ല. പക്ഷേ ,അതേ ദിവസം തന്നെയായിരുന്നു എസ്‌.പി.റാത്തോഡിനെപ്പറ്റിയുള്ള വാര്‍ത്തയും. ഈ സൊസൈറ്റി അവിടംവരെപ്പോയി പീഡിപ്പിക്കപ്പെട്ട ആ പിഞ്ചുബാലികയോടും അവരുടെ കുടുംബത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാത്തതെന്തേ എന്നു തോന്നിപ്പോയി. ഒരു കൊടികുത്തിയ പോലീസ്‌ ആഫീസറാണല്ലോ പ്രതിസ്ഥാനത്ത്‌. അതോ ആ ബാലികയ്‌ക്കും കുടുംബത്തിനും സിവില്‍ റൈറ്റ്‌സും സോഷ്യല്‍ ജസ്‌ററിസും ബാധകമല്ലെന്നുണ്ടോ.

സംസ്‌കാരശൂന്യമായ, വില കുറഞ്ഞ പരാമര്‍ശങ്ങളും പ്രവൃത്തികളും ജനം വിമര്‍ശിക്കും , വിമര്‍ശിക്കണം, അതിന്‌ ജനത്തിനെ കുറ്റം പറയേണ്ടതില്ല. സ്വയം തിരുത്താന്‍ നേതാക്കള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും കിട്ടുന്ന അവസരങ്ങളാണവ.

Monday, January 18, 2010

ഇതാണല്ലേ ജീവിതം?

ചന്ദ്രനുദിച്ചുപൊങ്ങാനവസരം കൊടുത്ത്‌ സൂര്യദേവന്‍ പിന്‍വാങ്ങിത്തുടങ്ങിയ ഒരു സായംസന്ധ്യ. നല്ല മലയാളവും ആംഗലേയവും ഒരുപോലെ അനായാസമായി കൈകാര്യം ചെയ്യുന്ന സ്വാമി അമൃതാനന്ദപുരിയുടെ അമൃതവര്‍ഷം എന്ന ഗംഭീരപ്രഭാഷണം ചാനലില്‍. ദൈവികതയും ആത്മീയതയും ഇല്ലാത്തതല്ല, അതുള്ളിടത്തേക്ക്‌ നമ്മള്‍ പോകാത്തതാണ്‌ യഥാര്‍ത്ഥപ്രശ്‌നമെന്ന്‌ സ്വാമി സരസമായ ഉദാഹരണത്തിലൂടെ ഉള്ളില്‍ത്തട്ടും വിധം പറഞ്ഞുവച്ചു. ആത്മീയപ്രഭാഷണം കഴിഞ്ഞു, മനസ്സ്‌ അതിലെവിടെയോ ഉടക്കിക്കിടക്കുമ്പോള്‍ അതാ വരുന്നു അടുത്ത പ്രോഗ്രാം. ലഷ്‌മീറോയി, റീമാ കല്ലിങ്കല്‍ തുടങ്ങിയവരുടെ ഇടിവെട്ട്‌ സിനിമാ ഉഡാന്‍സുകള്‍. ആത്മീയം, ലൗകീകം എല്ലാം അരക്കഴഞ്ച്‌ വീതം....... മനസ്സു പറഞ്ഞു......ഇതാണ്‌ ജീവിതം...


മലബാര്‍ ഗോള്‍ഡ്‌ ഷോറൂമിന്റേയും ചാരിറ്റബിള്‍ ട്രസ്‌റ്റിന്റേയും ഉദ്‌ഘാടനം അനന്തപുരിയില്‍. ഉദ്‌ഘാടനവും ആദ്യവിതരണവും സ്വീകരിക്കലുമൊക്കെയായി സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക ,മീഡിയ , ബിസിനസ്സ്‌ മേഖലയിലുള്ളവരോ അവരുടെ ബന്ധുജനങ്ങളോ ആയി പലരുടേയും സാന്നിദ്ധ്യം. മോഹന്‍ലാലിനൊപ്പം സ്വാമി സൂഷ്‌മാനന്ദ, സര്‍വ്വശ്രീ വി.ശിവന്‍കുട്ടി(സി.പി.എം)., പി.രാമചന്ദ്രന്‍പിള്ള(സി.പി,ഐ), എന്‍.എസ്‌.എസ്‌ താലൂക്കു യൂണിയന്‍ സെക്രട്ടറി.............. ഹോ, ഈ ഫങ്ക്‌ഷന്റെ ഈവന്റ്‌ മാനേജ്‌മെന്റ്‌ ആരായാലും നമിക്കുന്നു.....എന്തൊരു പെര്‍ഫെക്ട്‌ ‍ ബ്ലെന്‍ഡ്‌......മഞ്ഞലോഹവും കമ്മ്യൂണിസവും ആത്മീയതയും ജാതിയും സാംസ്‌കാരികവും ബിസിനസ്സും എല്ലാം ചേരുംപടി ചേര്‍ത്ത്‌ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ കാണിച്ചു തന്നത്‌ കേരളത്തിന്റെ ഇപ്പോഴത്തെ പള്‍സ്‌ അല്ലാതെ മറ്റെന്താണ്‌.

അതെ ഇതാണ്‌ ജീവിതം.......ജീവിക്കാന്‍ പഠിച്ച മിടുക്കരുടെ ജീവിതം......എന്തും എന്തിനോടും ചേരും...ഒന്നിനോടും പാടില്ല അയിത്തം, മനസ്സിന്റെ ജാലകം തുറന്നു തന്നെ വേണം....

പക്ഷേ ഒരു സംശയം........കാര്യങ്ങള്‍ ഇങ്ങനെയൊക്കയാണെന്നിരിക്കെ എന്തിനാണാവോ ഡോ.മനോജ്‌ പാര്‍ട്ടി വിട്ടത്‌........

Wednesday, December 23, 2009

നീണ്ടു നീണ്ടു പോകും ക്യൂ.....

നഗരം ക്രിസ്‌മസ്‌ തിരക്കില്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്നു. കടകളില്‍ വന്‍ തിരക്ക്‌.

സിറ്റിയിലെ യാത്രയ്‌ക്കിടയില്‍ ഒന്നു ശ്രദ്ധിച്ചു. പലയിടങ്ങളിലും സ്‌ത്രീകളുടെ നീണ്ടു നീണ്ടു പോകുന്ന ക്യൂ......സഹായവിലയില്‍ അരിയും പലവ്യജ്ഞനവും ലഭിക്കുന്ന ത്രിവേണി സ്‌റ്റോറുകളായിരുന്നു അവ.

മറ്റു ചില സ്ഥലങ്ങളില്‍ പുരുഷന്മാരുടെ അതിലും വലിയ ക്യൂ....വളഞ്ഞു പുളഞ്ഞ്‌ നീണ്ട്‌ നീണ്ട്‌............. മദ്യം സഹായവിലയ്‌ക്കു കിട്ടുന്ന ബിവറേജസ്‌ കോര്‍പ്പറേഷന്‍ കടകള്‍.........

Sunday, December 20, 2009

ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.

പൊളിട്രിക്‌സ്‌ എന്ന ടി.വി. പരിപാടിയിലെ പ്രസംഗ ക്ലിപ്പിംഗ്‌സ്‌ ആണ്‌ ഇതെഴുതുവാന്‍ പ്രേരകമായത്‌. വേദിയും സന്ദര്‍ഭവുമൊന്നുമറിഞ്ഞുകൂടാ. പക്ഷേ കേട്ടഭാഗങ്ങള്‍ വച്ച്‌ ഒരു വനിത എന്ന നിലയില്‍ പ്രതികരിക്കണമെന്നു തോന്നി.


ഒരു കോണ്‍ഗ്രസ്സുകാരന്‌ കമ്മ്യൂണിസ്‌റ്റുകാരെ കളിയാക്കുവാനും തിരിച്ചും സ്വാതന്ത്രമുണ്ട്‌. പക്ഷേ അതിനായി ഉദാഹരിച്ചതെല്ലാം വാസ്‌തവത്തില്‍ സ്‌ത്രീകളെ അവമാനിക്കലായിരുന്നു.

ഒരു വനിതാസഖാവിനു ഗര്‍ഭമുണ്ടായെന്നും ലോക്കല്‍ കമ്മിറ്റിയിലും സ്‌റ്റേറ്റ്‌ കമ്മിറ്റിയിലും വച്ചുവെന്നും മറ്റും മറ്റും ആദ്യം..... തീര്‍ന്നില്ല ,രാത്രിയില്‍ പ്രകാശ്‌ കാരാട്ട്‌ ബൃന്ദാ കാരാട്ടിന്റെ തുടയ്‌ക്കൊരു തട്ടു കൊടുത്ത്‌ എണീപ്പിച്ചാല്‍ അവയിലബിള്‍ പോളിറ്റ്‌ ബ്യൂറോ ആയി.........

കളിയാക്കലിനു വിഷയീഭവിപ്പിക്കാന്‍ മറ്റൊരു ഉദാഹരണവും കിട്ടിയില്ലേ അദ്ദേഹത്തിന്‌ ?ഇതുകേട്ടു മിണ്ടാതിരിക്കുന്ന മാന്യവനിതകളുടെ ക്ലിപ്പിംഗ്‌സാണ്‌ കൂടുതല്‍ അലോസരമുണ്ടാക്കിയത്‌. എന്തേ പ്രതികരിച്ചില്ല, എന്തേ മാന്യമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടില്ല.

കോണ്‍ഗ്രസ്സുകാരനോ, കമ്മ്യൂണിസ്‌റ്റുകാരനോ ആരോ ആകട്ടെ, വനിതകളെ അപമാനിക്കുന്ന തരം താണ ഉദാഹരണപ്രയോഗങ്ങള്‍ നിര്‍ത്തിയേ മതിയാകൂ. ആരോഗ്യപരമായി ആര്‍ക്കും ആരേയും കളിയാക്കാം. പക്ഷേ കയ്യടി കിട്ടാന്‍ വേണ്ടി ഗര്‍ഭവും കിടക്കറയുമെന്നും വിഷയമാക്കേണ്ടതില്ല.

ലളിതാസഹസ്രനാമം അനര്‍ഗ്ഗളമായി, സ്‌ഫുടതയോടെ ശ്രീകോവിലിലെ ദേവിക്കു മുന്‍പില്‍ ചൊല്ലുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇത്ര തരം താണതെന്തേ?

ആരുമല്ലാത്ത ആരോ ഒരാളായ, കേരളത്തിലെ അനേകം സാധാരണക്കാരികളിലൊരാളായ ഞാന്‍ ആവശ്യപ്പെടുന്നു, ആ പ്രയോഗങ്ങള്‍ ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പിന്‍വലിക്കണം. ഇനി ഇതാവര്‍ത്തിക്കയുമരുത്‌. ഞങ്ങള്‍ വനിതകളെ വെറുതേ വിട്ടേക്കൂ......

Wednesday, August 19, 2009

ശ്രീ.യേശുദാസും ക്ഷേത്രപ്രവേശനവും....

ശ്രീ.യേശുദാസ്‌ കൊച്ചുമകളുടെ(അമേയ) ചോറൂണ്‌ ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചു നടത്തിയത്‌ ടി.വി.യില്‍ കണ്ടു.മനസ്സുനിറയെ തൊഴുത്‌ വള്ളസ്സദ്യയും നടത്തി സായൂജ്യമടഞ്ഞ അദ്ദേഹം എല്ലാ ഭക്തര്‍ക്കും ദേവദര്‍ശനാനുമതി നല്‍കണമെന്ന്‌ പറഞ്ഞത്‌ ഉള്ളില്‍ തട്ടിയാണ്‌.ശ്രീ.യേശുദാസിനെപ്പോലെ കറകളഞ്ഞൊരു ഭക്തനെ പല ക്ഷേത്രങ്ങളിലും പ്രവേശിപ്പിക്കുന്നില്ല എന്നതില്‍ ദുഃഖവും അമര്‍ഷവും ഉണ്ട്‌.ഒപ്പം നാണക്കേടും.

വിശ്വസിക്കാനും അവിശ്വസിക്കാനും കോവിലില്‍ പോകാനും പോകാതിരിക്കാനും എല്ലാം ഒരു പോലെ സ്വാതന്ത്ര്യം തരുന്ന മതം എന്ന നിലയില്‍ ഹിന്ദുമതത്തോട്‌ വളരെ ബഹുമാനമുണ്ട്‌. ഒന്നും അടിച്ചനുസരിപ്പിക്കുന്നില്ലാത്ത ഒരു മതം. പക്ഷേ , പല ക്ഷേത്രങ്ങളിലേയും "അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല" എന്ന ബോര്‍ഡ്‌ പലപ്പോഴും ലജ്ജിപ്പിച്ചിട്ടുണ്ട്‌.കള്ളനും കൊലപാതകിയും കള്ളക്കടത്തുകാരനും അവിശ്വാസിക്കും ഒക്കെ ഹിന്ദുവാണെങ്കില്‍ അമ്പലത്തില്‍ കയറാം.അമ്പലം ഭരണവും വേണമെങ്കില്‍ കൈയ്യാളാം.പക്ഷേ എത്ര നല്ലവനാണെങ്കിലും അഹിന്ദുവാണെങ്കില്‍ അമ്പലത്തില്‍ കയറാന്‍ പാടില്ല.ഇതെന്തു കാട്ടാളത്തം, അല്‍പ്പത്തരം?പണ്ടത്തെ ഈ ആചാരം ഇന്ന്‌ ദുരാചാരമല്ലേ വാസ്‌തവത്തില്‍?

മുസ്ലീം പള്ളിയില്‍ അന്യര്‍ക്കു കയറാന്‍ പാടില്ലല്ലോ എന്നൊക്കെ മുടന്തന്‍ന്യായം പറയാം.പക്ഷേ, ഹിന്ദുമതത്തെപ്പോലെ ഇത്രയും വ്യക്തിസ്വാതന്ത്രം അനുവദിക്കുന്ന സനാതനമതത്തിന്‌ അതു തീരാ കളങ്കമാണ്‌.ഭക്തി അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല.മനസ്സില്‍ നിന്നുരുത്തിരിയേണ്ടതാണ്‌.

ഇനി എന്നാണൊരു സര്‍വ്വജാതിമതക്ഷേത്രപ്രവേശനവിളംബരം ഉണ്ടാവുക?കാത്തിരിക്കാം.