പ്രാഞ്ചിയേട്ടന്‍ കണ്ടു. പെരുത്ത് ഇഷ്ടപ്പെട്ടു. ഒന്നുകൂടെ കാണണമെന്നു വരെ തോന്നുന്നു.
' യേശുക്രിസ്തുവിനെ വരെ യേശുവേട്ടന്‍ന്നു ടീമുകളാ തൃശൂരുകാര്...'
കൈവച്ച് വായുവില്‍ 6 എഴുതുകയും കാലു വട്ടത്തില്‍ കറക്കുകയും ചെയ്യുന്ന പുണ്യവാളന്‍....ഹ...ഹ..ഏറ്റവും രസിച്ചത് ആ ഭാഗം. പിന്നെ മലയാളിയുടെ ഓസില്‍ പുണ്യം വാങ്ങാനുള്ള ശ്രമത്തെപ്പറ്റിയുള്ള പുണ്യവാളന്റെ ഡയലോഗ്..പുണ്യവാളനും പാവം പണക്കാരനായ പ്രാഞ്ചിയുമായുള്ള ഓരോ സീനും എത്ര ഹൃദ്യം, മധുരം! നമ്മോടു സംവദിക്കുന്ന അങ്ങനെ ഒരു പുണ്യവാളന്‍ ഉണ്ടായിരുന്നെങ്കില്‍!മോഹിച്ചു പോകുന്നു വെറുതെ...
ഗഡീ, ഒന്നൊന്നര...ഇപ്പോഴത്തെ എല്ലാ പ്രയോഗങ്ങളുമുണ്ട്. പത്മപുരസ്‌കാരത്തിനു വരെ വിലയിടാന്‍ തുടങ്ങിയ നമ്മള്‍..ചരിത്രം എഴുതിയുണ്ടാക്കുന്ന നമ്മള്‍..
തട്ടുപൊളിപ്പന്‍ ഡയലോഗും തുണിയുരി ഡാന്‍സും വമ്പന്‍ സെറ്റുമൊന്നുമില്ലാതെ എത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു.! പ്രിയ രഞ്ചിത്, കാലത്തിന്റെ സ്പന്ദനമറിയുന്നു താങ്കള്‍..ഹും.... ഒരു ഒന്നൊന്നര സംവിധായകന്‍ തന്നെ!
എന്റെ എക്കാലത്തേയും നീറുന്ന പ്രശ്‌നമാണ്, ഉത്തരം കണ്ടെത്താന്‍ കഴിയാത്ത പുകയുന്ന പ്രശ്‌നമാണ്, നന്മയുള്ളവര്‍ കഷ്ടപ്പെടുകയും തിന്മ വിതയ്ക്കുന്നവര്‍ പുഷ്ടിപ്പെടുകയും ചെയ്യുന്നു എന്നുള്ളത്. രഞ്ചിത്, താങ്കളേയും അത് അലട്ടുന്നുണ്ടെന്നു ബോദ്ധ്യപ്പെട്ടു എനിക്ക്. അല്ലെങ്കില്‍ പുണ്യവാളനെക്കൊണ്ട്് കുറ്റം ചെയ്തവര്‍ക്കു ശിക്ഷ വിധിക്കില്ലായിരുന്നു താങ്കള്‍.
എല്ലാവരും ഒന്നു പോലെ നന്നായി അഭിനയിച്ചിരിക്കുന്നു. Merchant of Venice ലെ ഭാഗങ്ങള്‍ പറയുന്ന ഇയ്യപ്പേട്ടനടക്കം.
പിന്നെ ഇഷ്ടപ്പെടാത്ത ചില കാര്യം. ആ കൊച്ചു പ്രിയാമണിയെ മമ്മൂട്ടീടെ പെയര്‍ ആക്കാന്‍ ശ്രമിക്കണ്ടായിരുന്നു. അതിത്തിരി കടന്ന കൈയ്യല്ലേന്നൊരു സംശയം! ആ പോട്ടെ, പ്രായമായെങ്കിലും അവിവാഹിതനായതു കൊണ്ട് ഔചിത്യബോധമില്ലാതെ അങ്ങനൊരാഗ്രഹം പ്രാഞ്ചിക്കു തോന്നി എന്നങ്ങു കരുതാം, അല്ല പിന്നെ!
ആ പുണ്യവാളന്റെ ഭാഷ ഒന്നു സബ്‌ടൈറ്റില്‍ കാണിച്ചൂടായിരുന്നോ? എന്തെങ്കിലും നല്ല കാര്യങ്ങളാകും പറഞ്ഞിരിക്കുക!അച്ചട്ട്!ഹോ ്അതു മിസ്സായിപ്പയല്ലോ എന്റെ പുണ്യാളാ...
അനന്തരം മറ്റു ചില കാഷ്വാലിറ്റീസ്....സ്പീഡില്‍ പറയുന്ന തൃശൂരു ഭാഷ ചിലതു മനസ്സിലാക്കാന്‍ പാടു പെടുമ്പോള്‍ ഒരു കശ്മലന്‍ പിറകിലിരുന്ന് മൊബൈലുന്നു. രൂക്ഷമായി പലവട്ടം തിരിഞ്ഞു നോക്കീട്ടൊന്നും ഒരു രക്ഷയുമില്ല.സ്‌ക്രീനില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് വെണ്ടയ്ക്കയില്‍ എഴുതി കാണിച്ചതാണ്. ആരു വകവയ്ക്കുന്നു? മനസ്സുകൊണ്ട് കുനിച്ചു നിര്‍ത്തി ഇടി കൊടുത്തു ഞാന്‍. പിന്നെ ചില്ലറ കൂവലുകള്‍! അതെന്തിനാണാവോ? നിലാവു കണ്ടാല്‍ കുറുക്കനു ഓരി വരും എന്ന പോലെ കുറേ വിവേകശൂന്യര്‍..
പുറത്തിറങ്ങുമ്പോള്‍ ഒരു പയ്യന്‍ നോക്കി ചിരിച്ചു... അതിന്റെ അമ്മയും. നല്ല കണ്ടുപരിചയം. ഗുരുവായൂരപ്പന്‍ സീരിയലിലെ ഉണ്ണികൃഷ്ണന്‍ (തീരെ പൊടിയല്ല, അതിന്റെ വലിയ കൃഷ്ണന്‍) എന്നു മനസ്സു കണ്ടുപിടിച്ചെടുത്തപ്പോഴേക്കും അവര്‍ പോയി. പക്ഷേ വെങ്കിടേഷ് എന്നോ മറ്റോ പേരുള്ള ആ പയ്യന്‍ തൃശൂര്‍ എന്നാണല്ലോ വിചാരിച്ചത്. ഇനി ആരാണാവോ? എന്തായാലും ബാലതാരമാണ്.