Sunday, March 8, 2009

വനിതാദിനചിന്തകള്‍

ഇന്ന്‌ സാര്‍വ്വദേശീയ വനിതാദിനം.ഇന്നലെത്തന്നെ ഇവിടെ സെമിനാറുകളും മറ്റും നടന്നു കഴിഞ്ഞു.പങ്കെടുക്കാന്‍ പറ്റിയില്ല.രാവിലെ ചിലതു കുത്തിക്കുറിക്കണമെന്നു കരുതി.അതും നടന്നില്ല.Better late than never!

ചാനല്‍ കണക്കുകളില്‍ നിന്നു മനസ്സിലായി, 49 % വനിതകളുള്ള ഇന്‍ഡ്യാമഹാരാജ്യത്ത്‌ പാര്‍ലമെന്റിലുള്ളത്‌ വെറും 46 പേരാണ്‌ എന്ന്‌ ,അതും മൊത്തം 496 ല്‍ .എന്താണിങ്ങനെ?ജനസംഖ്യയുടെ ഏതാണ്ടു പകുതിയോളം വരുന്ന വനിതകള്‍ക്കായി തീരുമാനങ്ങളെടുക്കുന്നത്‌ പുരുഷന്മാരാണ്‌.അവര്‍ തീരുമാനിക്കുന്നു വനിതാപ്രാതിനിദ്ധ്യം വേണ്ടെന്ന്‌.ഇത്രയും അംഗസംഖ്യയുണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ വനിതാസമൂഹം.

വനിതാസംവരണസീറ്റുകളിലല്ലാതെ പൊതു സീറ്റില്‍ വനിതകള്‍ മത്സരിച്ചാല്‍ എന്താ കുഴപ്പം?പക്ഷേ,അതും തരേണ്ടത്‌ രാഷ്ട്രീയപ്പാര്‍ട്ടികളാണല്ലോ!പിന്നെ എന്താണൊരു പോംവഴി?വഴിയുണ്ട്‌,ഇത്തിരി കടുത്ത വഴി.ഇസങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുമപ്പുറം വനിതകളുടെ കൂട്ടായ്‌മ.അവരില്‍ നിന്നു കുറെപ്പേര്‍ പൊതു സീറ്റുകളില്‍ മത്സരിക്കുക.ഇതാര്‍ക്കു തടയാനാവും?ഉട്ടോപ്യന്‍ ആശയമെന്നു പറഞ്ഞു പുരുഷപ്രജകള്‍ ചിരിക്കട്ടെ,നമുക്കു ശ്രമിച്ചുുകൂടെ?പക്ഷേ,പൂച്ചയ്‌ക്കാരു മണി കെട്ടും?

ഭരണരംഗത്തെത്തുന്ന സ്‌ത്രീകളെപ്പറ്റി ഒരിക്കല്‍ ഒരഭിപ്രായം കേട്ടു,ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്‌ ,അല്ലെങ്കില്‍ കളരിക്കു പുറത്ത്‌്‌ എന്ന മട്ടില്‍.ഒന്നുകില്‍ മറവില്‍ പുരുഷന്‍ കാണും,റബ്ബര്‍സ്റ്റാമ്പു പോലെ സ്‌ത്രീഭരണാധികാരി,അല്ലെങ്കിലോ കടുത്ത സ്വേച്ഛാധിപതി.റാബ്രിദേവി,ജയലളിത ഇതൊക്കെ ഉദഹരണങ്ങളായി കാണിക്കുന്നു.ഇതിന്റെ രണ്ടിന്റെയും ഇടയില്‍,വേണ്ട രീതിയില്‍ ഭരിക്കാന്‍ സ്‌ത്രീക്കാവില്ലേ?തീര്‍ച്ചയായും സാധിക്കും.

പല കുടുംബങ്ങള്‍ ചേരുമ്പോള്‍ സമൂഹമുണ്ടാകുന്നു,പല സമൂഹങ്ങള്‍ ചേര്‍ന്ന്‌ സംസ്ഥാനം,പിന്നെ രാജ്യം അങ്ങനെയങ്ങനെ...........ഇന്‍ഡ്യയില്‍ കുടുംബത്തിന്റെ ചുക്കാന്‍ സ്‌ത്രീയിലാണ്‌.സാമ്പത്തികം മുതല്‍ കുട്ടികളുടെ ഭാവി വരെ ഒരു പരിധി വരെ സ്‌ത്രീകളുടെ വകുപ്പാണ്‌.ഇതെല്ലാം നന്നായി നടത്താന്‍ കഴിവുള്ള വനിതകള്‍ ഭരണസാമര്‍ത്ഥ്യമില്ലാത്തവരോ?തീര്‍ച്ചയായും അല്ല.ഒരു കുടുംബം ഭരിക്കാമെങ്കില്‍ പല കുടുംബങ്ങളുടെ കൂട്ടായ്‌മയായ സമൂഹവും അടുത്ത പടിയായ സംസ്ഥാനവും പിന്നെ രാജ്യവും ഭരിക്കാന്‍ സാധിക്കും.

ഒരു പുരുഷവിരോധിയോ വിമന്‍സ്‌ ലിബുകാരിയോ ഒന്നുമല്ല ഞാന്‍.എങ്കിലും ഈ അവഗണന എന്നെ വേദനിപ്പിക്കുന്നു.അതിന്റെ ബഹിര്‍സ്‌്‌ഫുരണം മാത്രമാണീ ചിന്തകള്‍.

വനിതാസംവരണമെന്നു വച്ചു നീട്ടുന്ന ഔദാര്യത്തിന്റെ അപ്പക്കഷണമില്ലാതെ ഒരു വനിതയെന്ന സ്വന്തം നിലയില്‍ മത്സരിച്ച്‌ ജയിച്ച വനിതകള്‍ ഭരണം കയ്യാളുന്ന നാളുകള്‍ സ്വപ്‌നം കാണുന്നു ഞാന്‍!

8 comments:

  1. വനിതാസംവരണമെന്നു വച്ചു നീട്ടുന്ന ഔദാര്യത്തിന്റെ അപ്പക്കഷണമില്ലാതെ ഒരു വനിതയെന്ന സ്വന്തം നിലയില്‍ മത്സരിച്ച്‌ ജയിച്ച വനിതകള്‍ ഭരണം കയ്യാളുന്ന നാളുകള്‍ സ്വപ്‌നം കാണുന്നു ഞാന്‍!

    ReplyDelete
  2. സ്ത്രീ സ്വാന്ത്ര്യം സമാധാനം ഇതെല്ലാം ആവിശ്യമാണ്‌ പക്ഷെ സ്ത്രീകള്‍
    എപ്പോഴോക്കൊയോ ബാലിശ മായ പ്രവര്‍ത്തനങ്ങളിലീക്ക് വഴി മാറി പോകുന്നു

    ReplyDelete
  3. @ പാവപ്പെട്ടവന്‍: ശരിയാണ്‌.അതിനു കാരണങ്ങള്‍ പലതാണ്‌. ഒന്ന്‌,വര്‍ഷങ്ങളായുള്ള അടിമത്തം.രണ്ട്‌,പുരുഷന്റെയും സ്‌ത്രീയുടെയും കെമിസ്റ്റ്രി രണ്ടാണ്‌(ശ്രീ.മോഹന്‍ലാലിന്റെ ഒരഭിമുഖത്തില്‍ നിന്നു കടം കൊണ്ടതാണ്‌ ഈ കെമിസ്‌റ്റ്രി പ്രയോഗം).

    @മലയാളി: ഒരിക്കലും നടക്കeനിടയില്ലാത്ത സുന്ദരസ്വപ്‌നം അല്ലേ?ആശംസയ്‌ക്കു നന്ദി!

    ReplyDelete
  4. സംവരണം നല്ലതിനാണ്. ഇതില്ലാത്തത് കൊണ്ടല്ലേ ജനറല്‍ സീറ്റില്‍ മത്സരിക്കുവാന്‍ തക്ക കഴിവുള്ള സ്ത്രീകളില്ല എന്ന് പാര്‍ട്ടികള്‍ പറഞ്ഞ് ഒഴിവാക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നോക്കൂ. സ്ത്രീ സംവരണം വന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ പാര്‍ട്ടികള്‍ സ്ത്രീകളെ കണ്ടെത്തി മത്സരിപ്പിക്കുന്നു. സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടികള്‍ പോലും സ്ത്രീകളെ അവഗണിക്കുന്നു!

    സംവരണം ദയയല്ല. അത് സ്ത്രീകളുടെ അവകാശമാണ്. പുരുഷ വര്‍ഗ്ഗത്തിനെ കൊണ്ട് പാര്‍ലമെന്റ് സീറ്റ് സ്ത്രീകള്‍ക്ക് വിട്ട് തരുവാന്‍ സംവരണമല്ലാതെ തല്‍ക്കാലം മറ്റ് മാര്‍ഗ്ഗമൊന്നുമില്ല.

    ReplyDelete
  5. @ മനോജ്‌:അറിയാഞ്ഞല്ല മനോജ്‌.സഹിക്ക വയ്യാത്ത വിഷമം പ്രകടിപ്പിച്ചതാണ്‌.ഷാനിമോള്‍ക്കും സിന്ധുവിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നുണ്ട്‌,എഴുത്തിലൂടെയെങ്കിലും.

    ReplyDelete
  6. ഒരാള്‍ കൂടിയുണ്ട് സതിദേവി :)

    ReplyDelete
  7. വനിത ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പുരുഷ കേസരികള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ പിന്നെ ഇവറ്റകള്‍ക്ക് വോട്ട് ചെയ്യുവാന്‍ തോന്നുകയില്ല...

    ReplyDelete