Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, June 5, 2010

ഐ.എ.എസുകാര്‍ നിയമത്തിന് അതീതരോ?

ഇത് ഇന്നലത്തെ പത്രവാര്‍ത്ത.

സ്ഥലം തലസ്ഥാനത്തെ ജനറല്‍ ആശുപത്രി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഡോസു മുതല്‍ ഉച്ചയ്ക്ക് മുമ്പ് എടുക്കണെമന്നു നിര്‍ദ്ദേശമുണ്ട്. അതു തെറ്റിച്ച് ഉച്ചയ്ക്ക് മേല്‍ മകള്‍ക്ക് മൂന്നാം കുത്തിവയ്പ്പ് എടുക്കാന്‍ വന്ന വനിതയോട് ഡോക്ടര്‍ പറഞ്ഞു 'ഇന്നത്തേക്ക് മരുന്നു തരാം. ഇനി ഉച്ചയ്ക്ക് മുമ്പ് എത്തണം .' ഡോ പറഞ്ഞതിലെന്താ തെറ്റ്? ഒരു തെറ്റുമില്ലെന്നു മാത്രമല്ല, ശരിയുണ്ടു താനും.

പക്ഷേ വന്ന വനിത പൊട്ടിത്തെറിച്ചു, കാരണം ഇഷിതാ റോയ് എന്ന ഐ. എ. എസു കാരിയായിരുന്നു അവര്‍. ഡോ അവരെ തിരിച്ചറിയാതെയാണു പോലും ഇങ്ങനെ പറഞ്ഞത്. തിരിച്ചറിഞ്ഞെങ്കിലും പറയേണ്ടതു അതു തന്നെയായിരുന്നില്ലേ? ആരോഗ്യവകുപ്പു സെക്രട്ടറിയും ഡയറക്ടറും പാഞ്ഞെത്തി, ഡൂട്ടി ഡോ.ക്കെതിരെ അന്വേഷണത്തിനു നിര്‍ദ്ദേശിച്ചുവെന്ന് അറിവ് എന്നു പത്രം പറയുന്നു.ശരിക്കും അന്വേഷണം വേണ്ടത് ശ്രീമതി.ഇഷിതാ റോയ്‌ക്കെതിരെയല്ലേ? ഐ.എ.എസ് എന്ന ആ മൂന്നക്ഷരം നിയമം നിഷേധിക്കാനുള്ള അര്‍ഹതയോ അവര്‍ക്കു നേടിക്കൊടുത്തത്?

ചുണയില്ലാത്ത ഡോക്ടര്‍മാര്‍. പ്രതികരിക്കാതിക്കുന്നതു കണ്ടില്ലേ ? എല്ലാ ന്യായങ്ങളും ഉണ്ടായിട്ടും അവര്‍ എന്തുകൊണ്ടു പരാതിപ്പെട്ടില്ല ? എന്റെ അനുഭവത്തില്‍ മിയ്ക്ക ഗവ ഡോ .മാരും വളരെ ക്ഷമാശീലരും സേവനോത്സുകരുമാണ്. അതുകൊണ്ടാകാം അവരുടെ മേല്‍ കുതിരകയറുന്നത്.

ആരോഗ്യവകുപ്പുകാര്‍ക്കൊന്നും വേറേ ജോലിയില്ലേ? ഇതൊക്കെ കേള്‍ക്കാത്ത മട്ടില്‍ വിടുകയല്ലേ വേണ്ടത്? അന്വേഷണത്തില്‍ ശരി ഡോ.റുടെ ഭാഗത്തെന്നു തെളിഞ്ഞാല്‍ ശ്രീമതി ഇഷിതയ്‌ക്കെതിരെ നടപടി എടുക്കുമോ? കാത്തിരുന്നു കാണാം.

Friday, April 23, 2010

ഹായ് എന്തൊരു പൗരബോധം!


അത് ഒരു വെള്ള അക്‌സെന്റ് കാറായിരുന്നു. പതുക്കെ നിര്‍ത്തിയപ്പോഴേ കാര്യം മനസ്സിലായി, ഞങ്ങളും കാര്‍ പതുക്കെയാക്കി....കാള വാലു പൊക്കുന്നതെന്തിനെന്ന് അറിയാന്‍ അതിബുദ്ധി ആവശ്യമില്ലല്ലോ. അതില്‍ നിന്ന് ഒരു വലിയ പ്ലാസ്റ്റിക് കൂടു നിറയെ വെയ്സ്റ്റ് റോഡരികിലേക്കെറിഞ്ഞു....ഞാന്‍ തല വെളിയിലേക്കിട്ട് വിളിച്ചു പറഞ്ഞു.... ഇതു ശരിയല്ല....ഇതു ശരിയല്ല.....യാതൊന്നും സംഭവിക്കാത്തതു പോലെ അവര്‍ കാര്‍ മുന്നോട്ടെടുത്തു. ഹബ്ബി സൈഡിലൂടെയെടുത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഗ്ലാസ് താഴ്ത്താനും. താഴ്ത്തി...വളരെ മോഡേണ്‍ ആയിരുന്നു അവര്‍ രണ്ടുപേരും (വേഷവിധാനത്തില്‍ മാത്രം). ഇങ്ങനെയൊന്നും ചെയ്യരുത്, ഇതു മോശമാണ്...... .... മുഴുവന്‍ പറയുന്നതിനു മുമ്പ് ആ മാന്യമഹിള ഗ്ലാസ്സ് പൊക്കി....വീണ്ടും താഴ്ത്താന്‍ ആവശ്യപ്പെട്ട് ഹബ്ബി.....അയാള്‍ അനുസരിച്ചു.......50 രൂപകൊടുത്താല്‍ കുടുംബശ്രീക്കാര്‍ വന്നു കൊണ്ടു പോകും..അതാണ് വേണ്ടത് അല്ലാതെ അവനവന്റെ വീട്ടിലെ വേസ്റ്റ് റോഡില്‍ തള്ളരുത്.......ഇതു പൊതു റോഡാണ്, ഇവിടെ റോഡ്‌സൈഡില്‍ താമസിക്കുന്നവരും മനഷ്യരാണ്....ഞാനും കൂടി...

അവരുടെ ലിപ്സ്റ്റിക്കിന്റെ, അയാളുടെ ഹെയര്‍ ഡൈയുടെ അഞ്ചിലൊന്ന് വില വരുമോ കുടുംബശ്രീക്കു കൊടുക്കേണ്ട 50 രൂപാ? ഞാന്‍ ചിന്തിച്ചു.

വിദ്യാസമ്പന്നനായ മലയാളിക്ക് എന്തൊരു പൗരബോധം.....ഞാന്‍ ജീവിച്ചാല്‍ പോരേ...മറ്റുള്ളവരെന്തിനു ജീവിക്കണം?

ആ കാറിന്റെ നംബര്‍ ഓര്‍മ്മിച്ചു വച്ചതാണ്. ഒരു പരാതി ബോധിപ്പിക്കാം എന്നു കരുതി....... വൈകീട്ടായപ്പോഴേയ്ക്കും മറന്നു........അതുമല്ല സമയമെവിടെ?

Friday, March 5, 2010

ചിരിക്കണോ അതോ കരയണോ?

ഇന്നത്തെ ഒരു ഫ്ലാഷ് ന്യൂസ് ആണ് എന്നെ ഇങ്ങനെ ചിന്താക്കുഴപ്പത്തിലാക്കിയത്. അതുകണ്ട് ആദ്യം ഞാന്‍ ചിരിച്ചു, പൊട്ടിച്ചിരിച്ചു......കാരണം ഇത്ര നല്ല ഒരു ആക്ഷേപഹാസ്യം ഈ രണ്ടായിരത്തിപ്പത്തു പിറന്നതില്‍ പിന്നെ കേട്ടില്ല....
പിന്നെപ്പിന്നെ ചിരി മാഞ്ഞുമാഞ്ഞുവന്നു........ചിന്തയായി......

ഏതു ചാനലെന്ന്് ഓര്‍മ്മയില്ല, മനോരമയാവാം.......താഴെ എഴുതിക്കാണിച്ചു കണ്ടത് ഇങ്ങനെ.......'ബിവറേജസ് കോര്‍പ്പറേഷന്‍ ഡിഅഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നു ' ഒരു വാതിലില്‍ കൂടി അഡിക്റ്റാക്കുക, മറുവശത്തുകൂടി ഡിഅഡിക്ഷനു ശ്രമിക്കുക......... ഹോ ഈ ബുദ്ധി.............സര്‍ക്കാരിന്് ഇനി അങ്ങനേയും റവന്യൂ കിട്ടട്ടെ......

വാസ്തവത്തില്‍ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നല്ല വിലയുള്ള കഞ്ചാവു കൂടി നമുക്ക് സര്‍ക്കാര്‍ വകയില്‍ കൃഷി തുടങ്ങിക്കൂടെ.......... ഇപ്പോള്‍ മെനക്കെട്ടു നടന്ന് ഇടുക്കിയില്‍ കഞ്ചാവു കൃഷി നശിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിയാവില്ലേ അത്? നന്നായി എക്‌സ്‌പോര്‍ട്ടു ചെയ്യാം. നാട്ടുകാര്‍ പാവങ്ങള്‍ക്കായി ബിവറേജസ് ഔട്‌ലറ്റുകള്‍ തന്നെ ഉപയോഗിക്കാം. പിന്നെ ഇതിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്ന ഡിഅഡിക്ഷന്‍ കേന്ദ്രങ്ങളില്‍ കഞ്ചാവ് ഡിഅഡിക്ഷനു വേണ്ടിയും ഒരു മുറി തുറക്കാം. കുറേപ്പേര്‍ക്ക് ജോലി കിട്ടട്ടെ. സര്‍ക്കാരിന് റവന്യൂ കിട്ടട്ടെ. മന്ത്രിമാര്‍ക്കും മുന്തിയ ഉദ്യോഗസ്ഥര്‍ക്കും വലിയ വലിയ കാറുകള്‍ വാങ്ങാം. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പൊടി പറത്തി പാറാം. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കണ്ടേ....

ഒരു ഓര്‍മ്മത്തുണ്ടുകൂടി നിരത്തട്ടെ. വെ. ബംഗാളില്‍ വെളളപ്പൊക്കത്തില്‍ ചില സബ്‌സ്റ്റേഷനുകള്‍ മുഴുവനായി നശിച്ചുപോയി....... അയ്യോ കഷ്ടം, നമ്മള്‍ കൊടുത്ത പാനലുകളെല്ലാം പോയല്ലോ......ഒരാള്‍ പറഞ്ഞു...കേട്ടു നിന്ന ആള്‍ പ്രതികരിച്ചു.....എന്തു മണ്ടത്തരമാണീ പറയുന്നത്? നമുക്ക് പൈസ മുഴുവന്‍ കിട്ടിയില്ലേ.....ഇനി അവര്‍ പുതിയ ടെണ്ടര്‍ ഫേ്‌ളാട്ടു ചെയ്യട്ടെ . ആ ഓര്‍ഡറും നമുക്കു കിട്ടട്ടെ.......

ദൈവേ..... ആ ഇക്കണോമിസ്റ്റിന്റെ ബുദ്ധിയുടെ മുന്‍പില്‍ തിരു...ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും 'നമിച്ച് '. പക്ഷേ അയാള്‍ ഒരു ഭീകരനൊന്നുമായിരുന്നില്ല കേട്ടോ. എന്തിന്റേയും മറുവശം കൂടി ചിന്തിക്കുന്ന ശരിക്കും ഒരു നല്ല മനുഷ്യന്‍....

Tuesday, February 9, 2010

ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....

പ്രതികരിച്ചിട്ട്‌ പ്രയോജനമൊന്നുമില്ലെന്ന തിരിച്ചറിവില്‍ ഇനി ഒന്നും എഴുതേണ്ടെന്ന്‌ ഇടയ്‌ക്കിടെ തീരുമാനിക്കുന്നതാണ്‌. പക്ഷേ, ഇതൊക്കെ കണ്ടും കേട്ടും എങ്ങനെയാ മുണ്ടാണ്ടിരിക്കുക?


സെക്രട്ടറിയേറ്റ്‌ ഗേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ്‌ ശ്രീ.ടി.എഫ്‌. സിബിക്കുട്ടനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. കാരണം യുവ സി.പി.ഐ. എം.എല്‍.എ, വി.എസ്‌. സുനില്‍കുമാറിനോട്‌ ടിയാന്‍ പാസ്‌ ചോദിച്ചു കളഞ്ഞു! (പത്രവാര്‍ത്ത-07.02.2010). പക്ഷേ ,ഇത്രയും മഹാപരാധം ചെയ്‌ത ഗാര്‍ഡിന്‌ ശിക്ഷ തീരെ കുറഞ്ഞു പോയില്ലേ, ഡിസ്സ്‌മിസ്സല്‍ അല്ലേ വേണ്ടത്‌ എന്നൊരു സംശയം അടിയന്റെ പഴമനസ്സില്‍ ഉദിച്ചു പൊങ്ങിയപ്പോഴാണ്‌ ഇങ്ങനൊരു പോസ്‌റ്റിലൂടെ സംശയനിവൃത്തിക്കു തുനിഞ്ഞത്‌.

സിബിക്കുട്ടനെപ്പോലെ പലരുടേയും വോട്ടിലൂടെയല്ലേ സുനില്‍ കുമാര്‍ ജനസേവകപദവി സമ്പാദിച്ചത്‌? അല്ലാതെ IIM ല്‍ പോയി പഠിച്ചു പാസ്സായി വന്നിട്ടൊന്നുമല്ലല്ലോ. പക്ഷേ ആ പദവിയില്‍ എത്തിയപ്പോള്‍ സേവകന്‍ രാജാവാണെന്നു തോന്നിയോ? അധികാരം തലയ്‌ക്കു പിടിച്ചുവോ ? അതും ഒരു ചെറുപ്പക്കാരന്‌ ? പകരം ആ ഗാര്‍ഡിനെ അഭിനന്ദിച്ച്‌ സ്വന്തം ഐ.ഡി അങ്ങു കാണിക്കുകയല്ലേ വേണ്ടിയിരുന്നത്‌?

സര്‍വ്വശ്രീ. അബ്ദുള്‍കലാം, ഷാരൂഖ്‌ ഘാന്‍, മമ്മൂട്ടി ഇവരെയൊക്ക ബന്ധിച്ച്‌ ഇത്തരം വിവാദങ്ങള്‍ വന്നപ്പോഴും വാസ്‌തവത്തില്‍ നാണക്കേടു തോന്നി. അതാതു രാജ്യങ്ങളില്‍, കമ്പനികളില്‍ നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിലെന്താ തെറ്റ്‌? ചുമതലയുള്ള പൗരര്‍ അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്‌? ശ്രീ.അബ്ദുള്‍ കലാം അതില്‍ പരാതിയില്ലെന്നു വ്യക്തമാക്കി. മറ്റു രണ്ടുപേരും പരാതി പറഞ്ഞില്ല, പക്ഷേ ചാനലുകളിലൂടെ സംഭവങ്ങള്‍ വിശദീകരിച്ചു. ഇവിടെ കടുത്ത പ്രതികരണങ്ങള്‍ നടക്കമ്പോള്‍ " അത്‌ ഇവിടത്തെ റുട്ടീന്‍ ചിട്ടകളാണ്‌, പരിശോധിച്ച നടപടി ശരിയാണ്‌. അതിനെക്കുറിച്ച്‌ ആരും വേവലാതിപ്പെടേണ്ടതില്ല " എന്ന്‌ അവര്‍ രണ്ടാളും പറഞ്ഞിരുന്നെങ്കില്‍!

കുഞ്ഞുന്നാളില്‍ അമ്മ പറഞ്ഞുതന്നൊരു കഥയുണ്ട്‌. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഒരു ഫങ്ക്‌ഷനു പാസ്‌ എടുക്കാന്‍ മറന്നു പോയി. അവിടെച്ചെന്നപ്പോള്‍ സെക്യൂരിറ്റി അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ,വിനയപൂര്‍വ്വം. കൃത്യനിര്‍വ്വഹണത്തിന്‌ അഭിനന്ദിച്ച്‌ കയ്യിലിരുന്ന പേനയോ എന്തോ പാരിതോഷികമായി നല്‍കി, പാസ്സെടുപ്പിച്ച്‌ കൊണ്ടുവന്ന്‌ അകത്തു കയറി അദ്ദേഹം .അതല്ലേ അതിന്റെ റൈറ്റ്‌ സ്‌പിരിറ്റ്‌?

ഇത്തരം കഥകള്‍ നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പറഞ്ഞു കൊടുക്കണം , ഇല്ലെങ്കില്‍ അവരും ഇതൊക്കെ കണ്ടും കേട്ടും അവനവനില്‍ മുങ്ങി നടക്കുന്ന സുനില്‍കുമാരന്‍മാരായിപ്പോകും.

ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....വായനക്കാര്‍ തീരുമാനിക്കുക.

പ്രിയ സുനില്‍കുമാര്‍, താങ്കളെ എനിക്കു മുഖപരിചയം പോലുമില്ല. നമ്മുടെ കുടുംബങ്ങള്‍ തമ്മില്‍ പൂര്‍വ്വവൈരാഗ്യവുമില്ല. എന്നിട്ടും ഞാന്‍ താങ്കളെ വിമര്‍ശിക്കുന്നു. താങ്കളുടെ സ്ഥാനത്ത്‌ മനസ്സിനും കണ്ണിനും തിമിരം ബാധിച്ച ഏതെങ്കിലും ഒരു രാഷ്ട്രീയവൃദ്ധന്റെ പേരായിരുന്നെങ്കില്‍ 'ഓ, ഇവരെയൊന്നും നന്നാക്കാന്‍ ഇനി ദൈവം വിചാരിച്ചാലും കഴിയില്ല, ഗോണ്‍ കെയ്‌സുകള്‍ ' എന്ന്‌ ഞാനതങ്ങു കളഞ്ഞേനേ. പക്ഷേ ,താങ്കളൊരു ചെറുപ്പക്കാരനാണ്‌ , നാളെ എന്റെ മക്കളെയോ കൊച്ചുമക്കളേയോ ഒക്കെ ഭരിക്കേണ്ടയാള്‍. അതുകൊണ്ടാണ്‌ എന്റെ പേന, അല്ല, കീബോര്‍ഡ്‌ ഇത്രയൊക്കെ പ്രതികരിക്കുന്നത്‌. താങ്കള്‍ മനസ്സിലാക്കണം, ഒരാളുടെ ഡ്യൂട്ടി ചെയ്യാന്‍ അയാളെ അനുവദിക്കുകയാണ്‌ ചുമതലയുള്ള ഒരു ജനപ്രതിനിധി ചെയ്യേണ്ടത്‌ എന്ന്‌.

ശ്രീ.സിബിക്കുട്ടുമുണ്ടാകുമല്ലോ ഒരു യൂണിയന്‍. അവര്‍ അദ്ദേഹത്തിന്റെ കണ്ണു തുറപ്പിക്കട്ടെ.

Monday, January 18, 2010

ഇതാണല്ലേ ജീവിതം?

ചന്ദ്രനുദിച്ചുപൊങ്ങാനവസരം കൊടുത്ത്‌ സൂര്യദേവന്‍ പിന്‍വാങ്ങിത്തുടങ്ങിയ ഒരു സായംസന്ധ്യ. നല്ല മലയാളവും ആംഗലേയവും ഒരുപോലെ അനായാസമായി കൈകാര്യം ചെയ്യുന്ന സ്വാമി അമൃതാനന്ദപുരിയുടെ അമൃതവര്‍ഷം എന്ന ഗംഭീരപ്രഭാഷണം ചാനലില്‍. ദൈവികതയും ആത്മീയതയും ഇല്ലാത്തതല്ല, അതുള്ളിടത്തേക്ക്‌ നമ്മള്‍ പോകാത്തതാണ്‌ യഥാര്‍ത്ഥപ്രശ്‌നമെന്ന്‌ സ്വാമി സരസമായ ഉദാഹരണത്തിലൂടെ ഉള്ളില്‍ത്തട്ടും വിധം പറഞ്ഞുവച്ചു. ആത്മീയപ്രഭാഷണം കഴിഞ്ഞു, മനസ്സ്‌ അതിലെവിടെയോ ഉടക്കിക്കിടക്കുമ്പോള്‍ അതാ വരുന്നു അടുത്ത പ്രോഗ്രാം. ലഷ്‌മീറോയി, റീമാ കല്ലിങ്കല്‍ തുടങ്ങിയവരുടെ ഇടിവെട്ട്‌ സിനിമാ ഉഡാന്‍സുകള്‍. ആത്മീയം, ലൗകീകം എല്ലാം അരക്കഴഞ്ച്‌ വീതം....... മനസ്സു പറഞ്ഞു......ഇതാണ്‌ ജീവിതം...


മലബാര്‍ ഗോള്‍ഡ്‌ ഷോറൂമിന്റേയും ചാരിറ്റബിള്‍ ട്രസ്‌റ്റിന്റേയും ഉദ്‌ഘാടനം അനന്തപുരിയില്‍. ഉദ്‌ഘാടനവും ആദ്യവിതരണവും സ്വീകരിക്കലുമൊക്കെയായി സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക ,മീഡിയ , ബിസിനസ്സ്‌ മേഖലയിലുള്ളവരോ അവരുടെ ബന്ധുജനങ്ങളോ ആയി പലരുടേയും സാന്നിദ്ധ്യം. മോഹന്‍ലാലിനൊപ്പം സ്വാമി സൂഷ്‌മാനന്ദ, സര്‍വ്വശ്രീ വി.ശിവന്‍കുട്ടി(സി.പി.എം)., പി.രാമചന്ദ്രന്‍പിള്ള(സി.പി,ഐ), എന്‍.എസ്‌.എസ്‌ താലൂക്കു യൂണിയന്‍ സെക്രട്ടറി.............. ഹോ, ഈ ഫങ്ക്‌ഷന്റെ ഈവന്റ്‌ മാനേജ്‌മെന്റ്‌ ആരായാലും നമിക്കുന്നു.....എന്തൊരു പെര്‍ഫെക്ട്‌ ‍ ബ്ലെന്‍ഡ്‌......മഞ്ഞലോഹവും കമ്മ്യൂണിസവും ആത്മീയതയും ജാതിയും സാംസ്‌കാരികവും ബിസിനസ്സും എല്ലാം ചേരുംപടി ചേര്‍ത്ത്‌ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ കാണിച്ചു തന്നത്‌ കേരളത്തിന്റെ ഇപ്പോഴത്തെ പള്‍സ്‌ അല്ലാതെ മറ്റെന്താണ്‌.

അതെ ഇതാണ്‌ ജീവിതം.......ജീവിക്കാന്‍ പഠിച്ച മിടുക്കരുടെ ജീവിതം......എന്തും എന്തിനോടും ചേരും...ഒന്നിനോടും പാടില്ല അയിത്തം, മനസ്സിന്റെ ജാലകം തുറന്നു തന്നെ വേണം....

പക്ഷേ ഒരു സംശയം........കാര്യങ്ങള്‍ ഇങ്ങനെയൊക്കയാണെന്നിരിക്കെ എന്തിനാണാവോ ഡോ.മനോജ്‌ പാര്‍ട്ടി വിട്ടത്‌........