കഴിഞ്ഞ വനിതാദിനശേഷം എന്റെ അറിവില്‍ ഇവിടെ ഉണ്ടായ ഒരേയൊരു വനിതാമുന്നേറ്റം ഇക്കൊല്ലം ആറ്റുകാലില്‍ അഞ്ച് ലക്ഷം വനിതകള്‍ കൂടുതലായി പൊങ്കാലയിട്ടു എന്നതാണ്. ഈ മുപ്പത് ലക്ഷം പേരും കൂടി ഒരേ മനസ്സായി പാര്‍ലമെന്റിലെ വനിതാ ബില്‍ പാസ്സാകാനായി , ഇനിയും നമ്മുടെ സമൂഹത്തില്‍ പീഡിപ്പിക്കപ്പെടുന്ന രുചികമാരും വേദന തിന്നുന്ന അവരുടെ കുടുംബങ്ങളും ഉണ്ടാകാതിരിക്കുവാനായി ഒന്നു പൊങ്കാലയിട്ടിരുന്നെങ്കില്‍........
വനിതാസംവരണബില്‍ പാസ്സാകാന്‍ സാദ്ധ്യത തെളിയുന്നു എന്നു വാര്‍ത്ത. അവിടെയും സ്ത്രീകള്‍ എന്നു പോരാ ,പിന്നാക്ക വഭാഗത്തിലുള്ളവര്‍ക്ക് സംവരണം വേണം എന്നു മുലായം...സംവരണത്തിനുള്ളിലും പിന്നെയും ജാതി സംവരണം......എങ്ങനെയെങ്കിലും ആ ബില്‍ പാസ്സാകുമെന്ന് നമുക്കു പ്രത്യാശിക്കാം.
എന്റെ മനസ്സില്‍ വന്ന ചിന്തകള്‍ വളരെ ഭംഗിയായി ആര്‍.ശ്രീലേഖ ഐ.പി.എസ് കോറിയിട്ടിട്ടുണ്ട്. അവരുടെ ' പുരുഷന്മാര്‍ക്കൊക്കെ എന്തും ആവാലോ ' എന്ന ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ അതു വായിക്കാത്തവര്‍ക്കായി....
പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്കുവേണ്ടി അയാളുടെ രക്ഷയ്ക്കായി കെഞ്ചിയ ഭാര്യയെപ്പറ്റി പറഞ്ഞിട്ട് ലേഖിക ആശങ്കപ്പെടുന്നതിങ്ങനെ 'ഇത്തരം സ്ത്രീകള്‍ ജീവിച്ചിരിക്കുന്ന നാട്ടില്‍ എത്ര വനിതാ ദിനം വന്നാലും എന്താ പ്രയോജനം '
വനിതാദിനത്തെക്കുറിച്ച്..................'നമ്മുടെ സ്ത്രീകള്‍ക്ക് അവരവരെക്കുറിച്ചു ചിന്തിക്കാനായി കിട്ടുന്ന ദിവസമാണ്. '
'ഒന്നോ രണ്ടോ സ്ത്രീകളുടെ ജീവിതസാഹചര്യവും അവസ്ഥയും നന്നായിട്ടു കാര്യമില്ലല്ലോ .
"വനിതാദിനത്തില്‍ സ്ത്രീകള്‍ ഒന്നിച്ചു ശബരിമലയില്‍ പൊയ്‌ക്കോട്ടേയെന്നു ഇവിടെ ഏതെങ്കിലും പുരുഷന്‍ ചിന്തിക്കുമോ?'
'ഭര്‍ത്താവിനു കീഴില്‍ സര്‍വ്വം സഹയായി ജീവിക്കാനാണ് പലര്‍ക്കും ഇഷ്ടം. അതൊക്കെ ഓരോരുത്തരുടേയും സ്വന്തം തീരുമാനങ്ങള്‍ എന്നു കരുതാം. പക്ഷേ കുറ്റവാളിയായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഭാര്യെയെ എന്തുവിളിക്കണമെന്ന് എനിക്കറിയില്ല. എതിര്‍ക്കേണ്ട സമയത്ത് എതിര്‍ക്കണം. എന്റെ വാക്കുകള്‍ക്ക് വിലയുണ്ടാകണം എന്ന് ഒരു പെണ്ണു തന്നെ ചിന്തിക്കണം. തീരുമാനമെടുക്കണം. സ്ത്രീകള്‍ക്ക് ഉള്ളില്‍ നിന്നു തന്നെ ഉന്നമനം വേണമെന്ന് തോന്നണം. എങ്കില്‍ മാത്രമേ ഇത്തരം ആഘോഷങ്ങള്‍ അര്‍ത്ഥവത്താകുന്നുള്ളു. '
' സമത്വം വെറും വാക്കിലൊതുക്കാത്ത കാലത്തുമാത്രമേ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കൊരു വനിതാദിനം ആഘോഷിക്കാന്‍ കഴിയൂ.അങ്ങനെയാവട്ടെ എന്ന പ്രത്യാശയോടെ.... '
രുചികയെയും അവരുടെ കുടംബത്തേയും വര്‍ഷങ്ങളോളം പീഡിപ്പിച്ച റാത്തോഡിനു വേണ്ടി വാദിച്ചത് സീനിയര്‍ അഭിഭാഷകയായ അയാളുടെ ഭാര്യ അഭയ റാത്തോഡാണ്. പിന്നെ ഇവിടെ എത്രയോ വിദ്യാസമ്പന്ന ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ചെയ്തികള്‍ ന്യായീകരിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ പ്രതികരിക്കുന്ന വനിതകള്‍ക്കു നേരിടേണ്ടി വരുന്ന ദുസ്ഥിതിയെപ്പറ്റി ഓരോ സ്ത്രീയും ബോധവതിയാണ് . അതുകൊണ്ട് ആരും വെറുതേ ഒരു പരാതി കൊടുക്കില്ല...അതു നളിനി ആയാലും ലക്ഷ്മി ആയാലും ശരി...
പ്രസൂന്‍ സസന്‍ എന്ന സ്ത്രീയെ കൊന്ന മനുഷ്യന്റെ ഭാര്യ ഇപ്പോഴും കൊലപാതകിയായ വക്കീല്‍ ഭര്‍ത്താവിനെതിരെ ഉറച്ചു നില്‍ക്കുന്നു. എന്റെ മക്കളുടെ അച്ഛനാണേ, വിട്ടു തരണേ എന്നു കെഞ്ചാതെ ആ സാധാരണക്കാരി ഇപ്പോഴും പിടിച്ചു നില്‍ക്കുന്നു.....ഈ വനിതാദിനത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ആ സാധാരണക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക നമ്മള്‍. അവരുടെ സ്ഥാനം അഭയ-ജമീല-ശാന്തമ്മമാരെക്കാളൊക്കെ എത്രയോ ഉയരത്തിലാണ്.
കുറേ നാള്‍ മുമ്പ് ഹിന്ദുവില്‍ വായിച്ചിരുന്നു വളരെ ടച്ചിംഗ് ആയ ഒരു സംഭവം, ഒരു അനുഭവസ്ഥ എഴുതിയത്. ജോലിക്കു നിന്ന കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച നരാധമനെ അവര്‍ ജയിലിലാക്കിച്ചു. അവരനുഭവിച്ച യാതനകളും വേദനകളും ................ രണ്ടു പെണ്‍മക്കളേയും ആ സഹായി കുട്ടിയേയും വളര്‍ത്തി വലുതാക്കി വിവാഹവും കഴിപ്പിച്ചു അവരൊറ്റയ്ക്ക്.
കുറ്റവാളിയെ കുറ്റവാളി തന്നെയായി കണ്ടേ മതിയാകൂ..........
ഇന്ദിരാഗാന്ധിയുടെ ഇച്ഛാശക്തിയും (സ്വേച്ഛാധിപത്യവും അടിയന്തിരാവസ്ഥയുമൊന്നുമല്ല, പാര്‍ട്ടി ആഭിമുഖ്യവുമല്ല എന്ന് പ്രത്യേകം പറയട്ടെ) ഗോള്‍ഡാമീറിന്റെ ലാളിത്യവും ഒത്തുചേര്‍ന്ന സാമൂഹ്യപ്രതിബദ്ധതയുള്ള വനിതാ നേതാക്കളെ ഭരണസഭകളുടെ അകത്തളങ്ങളില്‍ കാണാനാകുമെന്ന് പ്രത്യാശിക്കട്ടെ.
Related posts-
വനിതാദിന ചിന്തകള്‍