Monday, March 8, 2010

വീണ്ടും ഒരു വനിതാ ദിനം........

കഴിഞ്ഞ വനിതാദിനശേഷം എന്റെ അറിവില്‍ ഇവിടെ ഉണ്ടായ ഒരേയൊരു വനിതാമുന്നേറ്റം ഇക്കൊല്ലം ആറ്റുകാലില്‍ അഞ്ച് ലക്ഷം വനിതകള്‍ കൂടുതലായി പൊങ്കാലയിട്ടു എന്നതാണ്. ഈ മുപ്പത് ലക്ഷം പേരും കൂടി ഒരേ മനസ്സായി പാര്‍ലമെന്റിലെ വനിതാ ബില്‍ പാസ്സാകാനായി , ഇനിയും നമ്മുടെ സമൂഹത്തില്‍ പീഡിപ്പിക്കപ്പെടുന്ന രുചികമാരും വേദന തിന്നുന്ന അവരുടെ കുടുംബങ്ങളും ഉണ്ടാകാതിരിക്കുവാനായി ഒന്നു പൊങ്കാലയിട്ടിരുന്നെങ്കില്‍........

വനിതാസംവരണബില്‍ പാസ്സാകാന്‍ സാദ്ധ്യത തെളിയുന്നു എന്നു വാര്‍ത്ത. അവിടെയും സ്ത്രീകള്‍ എന്നു പോരാ ,പിന്നാക്ക വഭാഗത്തിലുള്ളവര്‍ക്ക് സംവരണം വേണം എന്നു മുലായം...സംവരണത്തിനുള്ളിലും പിന്നെയും ജാതി സംവരണം......എങ്ങനെയെങ്കിലും ആ ബില്‍ പാസ്സാകുമെന്ന് നമുക്കു പ്രത്യാശിക്കാം.

എന്റെ മനസ്സില്‍ വന്ന ചിന്തകള്‍ വളരെ ഭംഗിയായി ആര്‍.ശ്രീലേഖ ഐ.പി.എസ് കോറിയിട്ടിട്ടുണ്ട്. അവരുടെ ' പുരുഷന്മാര്‍ക്കൊക്കെ എന്തും ആവാലോ ' എന്ന ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ അതു വായിക്കാത്തവര്‍ക്കായി....

പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്കുവേണ്ടി അയാളുടെ രക്ഷയ്ക്കായി കെഞ്ചിയ ഭാര്യയെപ്പറ്റി പറഞ്ഞിട്ട് ലേഖിക ആശങ്കപ്പെടുന്നതിങ്ങനെ 'ഇത്തരം സ്ത്രീകള്‍ ജീവിച്ചിരിക്കുന്ന നാട്ടില്‍ എത്ര വനിതാ ദിനം വന്നാലും എന്താ പ്രയോജനം '
വനിതാദിനത്തെക്കുറിച്ച്..................'നമ്മുടെ സ്ത്രീകള്‍ക്ക് അവരവരെക്കുറിച്ചു ചിന്തിക്കാനായി കിട്ടുന്ന ദിവസമാണ്. '
'ഒന്നോ രണ്ടോ സ്ത്രീകളുടെ ജീവിതസാഹചര്യവും അവസ്ഥയും നന്നായിട്ടു കാര്യമില്ലല്ലോ .
"വനിതാദിനത്തില്‍ സ്ത്രീകള്‍ ഒന്നിച്ചു ശബരിമലയില്‍ പൊയ്‌ക്കോട്ടേയെന്നു ഇവിടെ ഏതെങ്കിലും പുരുഷന്‍ ചിന്തിക്കുമോ?'
'ഭര്‍ത്താവിനു കീഴില്‍ സര്‍വ്വം സഹയായി ജീവിക്കാനാണ് പലര്‍ക്കും ഇഷ്ടം. അതൊക്കെ ഓരോരുത്തരുടേയും സ്വന്തം തീരുമാനങ്ങള്‍ എന്നു കരുതാം. പക്ഷേ കുറ്റവാളിയായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഭാര്യെയെ എന്തുവിളിക്കണമെന്ന് എനിക്കറിയില്ല. എതിര്‍ക്കേണ്ട സമയത്ത് എതിര്‍ക്കണം. എന്റെ വാക്കുകള്‍ക്ക് വിലയുണ്ടാകണം എന്ന് ഒരു പെണ്ണു തന്നെ ചിന്തിക്കണം. തീരുമാനമെടുക്കണം. സ്ത്രീകള്‍ക്ക് ഉള്ളില്‍ നിന്നു തന്നെ ഉന്നമനം വേണമെന്ന് തോന്നണം. എങ്കില്‍ മാത്രമേ ഇത്തരം ആഘോഷങ്ങള്‍ അര്‍ത്ഥവത്താകുന്നുള്ളു. '

' സമത്വം വെറും വാക്കിലൊതുക്കാത്ത കാലത്തുമാത്രമേ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കൊരു വനിതാദിനം ആഘോഷിക്കാന്‍ കഴിയൂ.അങ്ങനെയാവട്ടെ എന്ന പ്രത്യാശയോടെ.... '

രുചികയെയും അവരുടെ കുടംബത്തേയും വര്‍ഷങ്ങളോളം പീഡിപ്പിച്ച റാത്തോഡിനു വേണ്ടി വാദിച്ചത് സീനിയര്‍ അഭിഭാഷകയായ അയാളുടെ ഭാര്യ അഭയ റാത്തോഡാണ്. പിന്നെ ഇവിടെ എത്രയോ വിദ്യാസമ്പന്ന ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ചെയ്തികള്‍ ന്യായീകരിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ പ്രതികരിക്കുന്ന വനിതകള്‍ക്കു നേരിടേണ്ടി വരുന്ന ദുസ്ഥിതിയെപ്പറ്റി ഓരോ സ്ത്രീയും ബോധവതിയാണ് . അതുകൊണ്ട് ആരും വെറുതേ ഒരു പരാതി കൊടുക്കില്ല...അതു നളിനി ആയാലും ലക്ഷ്മി ആയാലും ശരി...

പ്രസൂന്‍ സസന്‍ എന്ന സ്ത്രീയെ കൊന്ന മനുഷ്യന്റെ ഭാര്യ ഇപ്പോഴും കൊലപാതകിയായ വക്കീല്‍ ഭര്‍ത്താവിനെതിരെ ഉറച്ചു നില്‍ക്കുന്നു. എന്റെ മക്കളുടെ അച്ഛനാണേ, വിട്ടു തരണേ എന്നു കെഞ്ചാതെ ആ സാധാരണക്കാരി ഇപ്പോഴും പിടിച്ചു നില്‍ക്കുന്നു.....ഈ വനിതാദിനത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ആ സാധാരണക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക നമ്മള്‍. അവരുടെ സ്ഥാനം അഭയ-ജമീല-ശാന്തമ്മമാരെക്കാളൊക്കെ എത്രയോ ഉയരത്തിലാണ്.

കുറേ നാള്‍ മുമ്പ് ഹിന്ദുവില്‍ വായിച്ചിരുന്നു വളരെ ടച്ചിംഗ് ആയ ഒരു സംഭവം, ഒരു അനുഭവസ്ഥ എഴുതിയത്. ജോലിക്കു നിന്ന കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച നരാധമനെ അവര്‍ ജയിലിലാക്കിച്ചു. അവരനുഭവിച്ച യാതനകളും വേദനകളും ................ രണ്ടു പെണ്‍മക്കളേയും ആ സഹായി കുട്ടിയേയും വളര്‍ത്തി വലുതാക്കി വിവാഹവും കഴിപ്പിച്ചു അവരൊറ്റയ്ക്ക്.

കുറ്റവാളിയെ കുറ്റവാളി തന്നെയായി കണ്ടേ മതിയാകൂ..........
ഇന്ദിരാഗാന്ധിയുടെ ഇച്ഛാശക്തിയും (സ്വേച്ഛാധിപത്യവും അടിയന്തിരാവസ്ഥയുമൊന്നുമല്ല, പാര്‍ട്ടി ആഭിമുഖ്യവുമല്ല എന്ന് പ്രത്യേകം പറയട്ടെ) ഗോള്‍ഡാമീറിന്റെ ലാളിത്യവും ഒത്തുചേര്‍ന്ന സാമൂഹ്യപ്രതിബദ്ധതയുള്ള വനിതാ നേതാക്കളെ ഭരണസഭകളുടെ അകത്തളങ്ങളില്‍ കാണാനാകുമെന്ന് പ്രത്യാശിക്കട്ടെ.
Related posts- വനിതാദിന ചിന്തകള്‍

22 comments:

  1. "കുറ്റവാളിയായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന സ്ത്രീകള്‍ ജീവിച്ചിരിക്കുന്ന നാട്ടില്‍ എത്ര വനിതാ ദിനം വന്നാലും എന്താ പ്രയോജനം?"

    വളരെ ശരി തന്നെ. സ്വന്തം ജന്മനാടിനെതിരേ പ്രവര്‍ത്തിച്ച്, തീവ്രവാദിയായി വെടിയേറ്റു മരിച്ച മകന്റെ ശവശരീരം തങ്ങള്‍ക്കു വേണ്ട എന്ന് പറയാന്‍ ധൈര്യം കാണിച്ച ആ അച്ഛനേയും അമ്മയേയും ഓര്‍ത്തു പോയി.

    'അച്ഛനോ, മകനോ, സഹോദരനോ, ഭര്‍ത്താവോ, കാമുകനോ ആരു തന്നെയുമാകട്ടെ, കുറ്റവാളിയെ കുറ്റവാളി തന്നെയായി കണ്ടേ മതിയാകൂ...'

    വനിതാദിനത്തില്‍ ഇങ്ങനെ ഒരു ചിന്ത മുന്നോട്ടു വച്ചതിന് അഭിനന്ദനങ്ങള്‍...

    ReplyDelete
  2. ഇന്ദിരാഗാന്ധിയുടെ ഇച്ഛാശക്തിയും ഗോള്‍ഡാമീറിന്റെ ലാളിത്യവും ഒത്തുചേര്‍ന്ന സാമൂഹ്യപ്രതിബദ്ധതയുള്ള വനിതാ നേതാക്കളെ ഭരണസഭകളുടെ അകത്തളങ്ങളില്‍ കാണാനാകുമെന്ന് പ്രത്യാശിക്കട്ടെ.

    ReplyDelete
  3. പുരുഷാധിപത്യം ഉണ്ടെന്നതു ശരി തന്നെ...മുന്നിലേക്ക്‌ പോണം എന്ന ചിന്തയേക്കാൾ ഒതുങ്ങികൂടാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടവും ഉണ്ട്‌...അതുംകൂടി മനസിലാക്കണം

    ReplyDelete
  4. ധാര്‍മികത കൈവിടാതെയുള്ള ആധിപത്യം ആര്‍ക്കും ആശാസ്യം തന്നെ.

    ReplyDelete
  5. വളരെ പ്രസക്തമായ ഒരു പോസ്റ്റ്‌. പുരുഷ സ്ത്രീ സമത്വം (gender equality) എന്നതു നടക്കുമോ? (സംശയിക്കണ്ട, ഞാന്‍ ഒരു Male chauvinist അല്ലേയല്ല).
    രണ്ടു പുരുഷന്മാര്‍ സമരല്ല. സ്ത്രീയെന്നും പുരുഷനെന്നുമുള്ള ചിന്ത വെടിഞ്ഞു വ്യക്തികള്‍ ആയി കാണാന്‍ നമ്മള്‍ പഠിച്ചാല്‍ വളരെ നന്നായിരുന്നു. അതാണ്‌ ശരിയായ സമത്വം (in terms of opportunities, social status. etc...)
    ഓരോരുത്തര്‍ക്കും താന്താങ്ങളുടെ ശക്തിയും ദൌര്‍ബല്യവും ഉണ്ട്. അതിനു സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല. പരസ്പര സഹകരണവും ബഹുമാനവും ആണ് വേണ്ടത്. equal right of choice and opportunities ആണ് വേണ്ടതെന്നു തോന്നുന്നു. അപ്പോള്‍ പിന്നെ കാര്യങ്ങള്‍ individual decision-ല്‍ അധിഷ്ടിതമാകും...
    പിന്നെ പോസ്റ്റിന്റെ കാതലായ ഭാഗം. ശരിയാണ്. സ്ത്രീകള്‍ തീരുമാനങ്ങളില്‍ കൂടുതല്‍ കരുത്തു കാട്ടേണ്ടതുണ്ട്. സ്വന്തം വ്യക്തിത്വ വികസനം അത്യാവശ്യമായ കാര്യമാണ്. ഒരു സ്ത്രീയാണ് തെറ്റ് ചെയ്തതെങ്കില്‍ എത്ര ഭര്‍ത്താക്കന്‍മാര്‍ അവര്‍ക്ക് മാപ്പു കൊടുക്കും എന്നതു ചിന്തനീയമാണ്...
    ആശംസകള്‍.

    ReplyDelete
  6. എന്തായാലും പോസ്റ്റിന്റെ ടൈമിംഗ് കൊള്ളാം. കാതറിന്‍ ബിഗലോയ്ക്ക് (ഹര്‍ട്ട് ലോക്കര്‍) മികച്ച സംവിധാനത്തിന്റെ ഓസ്കര്‍ ലഭിച്ചു. ഞാന്‍ ഹര്‍ട്ട് ലോക്കര്‍ അടുത്തിടെ കണ്ടിരുന്നു... വയലന്‍സ് കൂടുതലാണ്. അന്ന് അത്ര ശ്രദ്ധിച്ചു കണ്ടില്ല. പാതി മയക്കത്തിലായിരുന്നു. ഇനി ഒന്നു മനസ്സിരുത്തി കാണണം.

    ReplyDelete
  7. ബില്ല്‌ അവതരണം തടസ്സപ്പെട്ടു!!!!

    ബില്ല് ന്യായമല്ല എന്നുള്ളതല്ലെ സത്യം!

    33.3 % സ്ത്രീ സംവരണം
    22.5 % SC & ST സംവരണം
    55.8 % total സംവരണം

    50%ത്തിൽ കൂടുതൽ സംവരണം!! ബലേ ഭേഷ്‌...

    ഇനിയും സംവരണ വിഭാഗമുണ്ടെങ്ങിൽ അതു കൂടി ചേർത്ത്‌ 100%ത്തിന്റെ മറ്റൊരു ബില്ല് അവതരിപ്പിക്കാം.

    ഈ ബില്ലിന്റെ ചുവട്‌ പിടിച്ച്‌ സ്ത്രീക്ക്‌ വിദ്യഭ്യാസത്തിലും ജോലിയിലും എന്ന്‌ വേണ്ട ജീവിതത്തിന്റെ നാനാതുറയിലും സംവരണം ഏർപ്പെടുത്തണം.

    ഒരു സംവരണരാജ്യം നമുക്ക്‌ സ്വപ്‌നം കാണാം....

    ReplyDelete
  8. ശ്രീ, ശ്രീദ്ധേയന്‍, ഏറക്കാടന്‍-യോജിക്കുന്നു.

    വഷളന്‍-അതെ, തുല്യത എന്നതിന് വളരെ വികലമായ അര്‍ത്ഥമാണ് പൊതുവെ കല്‍പ്പിച്ചു കാണുന്നത്. മനോജ് ഇതിനെക്കുറിച്ച് നല്ല പോസ്റ്റ് ഇട്ടിരുന്നു.
    കാതറിന്‍ അഭിമാനമുണര്‍ത്തുന്നു തീര്‍ച്ചയായും. സിനിമ ഇനിയും കണ്ടു കഴിയുമ്പോള്‍ ഒരു റിവ്യൂ കൂടി എഴുതണേ. male chauvinist അല്ല എന്നറിയുന്നതില്‍ വളരെ സന്തോഷം.

    കാക്കര- സംവരണം എന്ന വാക്ക് എനിക്ക് തീരെ ഇഷ്ടമല്ല, കാരണം അത് ഒരു തരം Partiality തന്നെയാണ്, കാര്യവും കാരണവും എന്താണെങ്കിലും. പിന്നെ, ഇപ്പോള്‍ എഴുതിയതിന് കാരണമുണ്ട്. അറിഞ്ഞ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി പോലും സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിദ്ധ്യം കൊടുക്കുന്നില്ല. അങ്ങനെ അവര്‍ ചെയ്തിരുന്നെങ്കില്‍ ഈ അപ്പക്കഷണത്തിനു പിന്നാലെ പോകേണ്ടിവരുമായിരുന്നില്ല. പക്ഷേ, കാത്തിരിക്കാമെന്നല്ലാതെ അടിച്ചേല്‍പ്പിക്കപ്പെട്ടാല്‍ മാത്രമേ ചെയ്യൂ എന്നൊരു നിലപാട് എല്ലാ പാര്‍ട്ടിക്കാരും എടുത്താല്‍ പിന്നെ മറ്റെന്തു പോംവഴി? സംവരണമില്ലാതെ സ്വന്തം കഴിവുകൊണ്ട് സി്ത്രീകള്‍ ഓപ്പണ്‍ സീറ്റില്‍ മത്സരിച്ചു ജയിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ ആഗ്രഹം എവിടെ അനുഭവം എവിടെ? കഴിഞ്ഞകൊല്ലം ഞാനിട്ട പോസ്റ്റു കൂടി ഒന്നു വായിക്കണേ....Related posts ല്‍ ലിങ്ക് ഇട്ടിട്ടുണ്ട്.
    പറഞ്ഞതു ശരിയാണ്. കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ നമ്മള്‍ ഒരു സമ്പൂര്‍ണ്ണ സംവരണ രാജ്യമാകും. സഹായം അല്ലെങ്കില്‍ ആനുകൂല്യം അവകാശമാണെന്നു തെറ്റിദ്ധരിക്കുന്നവരുടെ എണ്ണം പെരുകും.... എന്തു ചെയ്യാന്‍.

    ReplyDelete
  9. അതെ,മൈത്രേയി അത് തന്നെ വിഷയത്തിന്‍റെ മര്‍മ്മം.
    സംവരണമില്ലാതെ സ്വന്തം കഴിവുകൊണ്ട് സി്ത്രീകള്‍ ഓപ്പണ്‍ സീറ്റില്‍ മത്സരിച്ചു ജയിക്കാനായി പരിശ്രമിക്കട്ടെ..നിഷ്പക്ഷമായി
    കാര്യങ്ങളെ വിലയിരുത്താന്‍ കെല്പുള്ളവരുടെ വോട്ടും പിന്തുണയും
    ലഭിക്കും,തിര്‍ച്ചയായും.സ്ത്രീശാക്തീകരണം ശക്തിപ്പെടെട്ടെയെന്ന്
    ആശംസിക്കുന്നു.

    ReplyDelete
  10. നല്ല മനസ്സുകള്‍‍ക്കെ നന്മയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയു.
    അവിടെ സ്ത്രിയും പുരുഷനും വിത്യാസമില്ല.
    സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്താന്‍ രണ്ടു കുട്ടരും ഭയപ്പെടുന്നു.
    നിര്‍ഭാഗ്യവശാല്‍ ഇവിടെ സ്ത്രികളുടെ സ്ഥാനങ്ങള്‍ കുറവ്‌ എന്നതാണ് പ്രശ്നം എന്ന് തോന്നുന്നു. കുടുതലുള്ളവര്‍ അത് നഷ്ടപ്പെടാതിരിക്കാന്‍ എന്തും ചെയ്യുന്നു. പണത്തിന് മുന്‍ തുക്കം ഉള്ളിടത്തോളം എല്ലാം ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്നു.
    കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ ആണും പെണ്ണും എന്ന വ്യത്യാസം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവിടെ സ്വന്തത്തിനുവേണ്ടി അല്ലെങ്കില്‍ പണത്തിന് വേണ്ടി ആരും എന്തും ചെയ്യുന്ന ഒരു അലിഖിത നിയമം തന്നെ നിലനില്‍ക്കുന്നു എന്നാണെന്റെ ഒരു തോന്നല്‍.
    പോങ്കാലയിടലിലെ ഒരുമ രുചികയില്‍ വരാത്തത് തന്റെ എന്ന ഭാവം
    മുഴച്ചു നില്‍ക്കുന്നതിനാലാണ്. തന്റെ ഒഴിവാക്കി സമുഹം എന്നതിലേക്ക് ചിന്ത വരുമ്പോള്‍ പോന്കാലയെക്കാള്‍ രുചികക്ക് ഒരുമ കുടും എന്ന് തോന്നുന്നു.ലിംഗ വ്യത്യാസത്തെക്കാള്‍ മനസ്സാണ് പ്രധാനം.

    ഇവിടെ ഇപ്പോള്‍ വനിതാ ബില്‍ അട്ടത്ത് വെക്കുന്നതിലെക്ക് ചിന്ത തിരിഞ്ഞിരിക്കുന്നു എന്ന് സംശയിക്കുന്നു. കാരണം രാജ്യസഭയിലെ കുറച്ചെങ്കിലും ഒത്തൊരുമ തുടര്‍ന്ന് വരുമ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സമവായം ഇല്ലാതെ മുന്നോട്ട്‌ പോകില്ലെന്ന് പറയുന്നതില്‍ നിന്ന് എന്താണ് അനുമാനിക്കേണ്ടത്....

    ReplyDelete
  11. സ്ത്രീകളുടെ ഇടയില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്നവരാവാം ഏറെ. പക്ഷേ അതെന്തു കൊണ്ട് എന്നു കൂടി ചിന്തിക്കണം. മുന്നേറാന്‍ ആഗ്രഹിക്കുമ്പോഴും അവള്‍ നേരിടേണ്ടി വരുന്ന തടസ്സങ്ങള്‍ ഏറെയാണ്. അവസാനം മനസ്സു മടുത്ത് ഒന്നും വേണ്ടെന്നു വച്ച് അവള്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതയാകുന്നു.

    സംവരണം വേണ്ട എന്നു പറയുന്നില്ല. എന്നാലും എനിക്ക് തോന്നിയിട്ടുള്ളത്, സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പുറത്തുകൊണ്ടുവന്ന് പരിപോഷിപ്പിച്ച് മുന്നേറുക - എന്ന ഒരാഗ്രഹത്തിനു തന്നെ ഒരു തടസ്സമായേ സംവരണം നില്‍ക്കൂ. കാരണം സംവരണം ഉണ്ടല്ലോ എന്ന ചിന്ത അലസതയെ ക്ഷണിച്ചു വരുത്തും. പരിശ്രമിച്ച് പോരാടി മുന്നേറണം എന്നുള്ള വാഞ്ഛയെ അത് കെടുത്തും. എത്ര കുട്ടികളുടെ വായില്‍ നിന്ന് ഇങ്ങനെ വീണു കേട്ടിരിക്കുന്നു, ജസ്റ്റ് ജയിച്ചാല്‍ മതി ടീച്ചര്‍ ജോലി കിട്ടും. പരിശ്രമിച്ചാല്‍ നല്ല നിലയില്‍ പാസ്സാകാന്‍ കഴിയുന്ന കുട്ടിയായിരിക്കും ഇങ്ങനെ ജസ്റ്റ് പാസ്സില്‍ തൃപ്തി കണ്ടെത്തുന്നത്.

    ReplyDelete
  12. മൈത്രേയീ,
    നല്ല പോസ്റ്റ്. ഇങ്ങിനെ ചിന്തിക്കാന്‍‌ തോന്നിയതിന്‌ എന്റെ അഭിനന്ദനം.

    സ്ത്രീയും പുരുഷനും തുല്യരാണോ? ഒരിക്കലും അല്ല. ശാരീരികമായും, മാനസികമായും അവര്‍‌ വ്യത്യസ്തരാണ്‌ (വ്യത്യസ്തരാണ്‌ എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പുരുഷന്‍ സ്ത്രീയേക്കാള്‍ മെച്ചമാണ്‌ എന്നു ഞാന്‍ പറഞ്ഞിട്ടില്ല.)

    പുരുഷമേധാവിത്വം സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സമൂഹത്തില്‍ നിയമം വഴിയുള്ള സം‌വരണം സ്ത്രീകള്‍ക്ക്‌ ഗുണം ചെയ്യും. എന്നാല്‍ സാമൂഹ്യമായ പുരോഗതി വഴി അത്തരമൊരു സം‌വരണം ആവശ്യമില്ലാത്ത നിലയിലേയ്ക്ക് എത്തിച്ചേരാനാണ്‌ നമ്മള്‍ ശ്രമിക്കേണ്ടത്‌.

    ആ ശ്രമം തുടങ്ങേണ്ടത്‌ നമ്മള്‍ ഓരോരുത്തരുടേയും വീടുകളില്‍ നിന്നാണ്‌. ആണായാലും പെണ്ണായാലും കുട്ടികളെ കഴിവും, തന്റേടവും, ഉയര്‍ന്ന ചിന്തയും, മാനുഷിക മൂല്യങ്ങളുമുള്ള നല്ല വ്യക്തികളാക്കി വളര്‍‌ത്താനാണ്‌ മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്‌.

    ReplyDelete
  13. കേവലം സംവരണം കൊണ്ട് സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തീരുമെന്ന് തോന്നുന്നില്ല. കഴിവുള്ളവർക്ക് സംവരണമില്ലാതെ തന്നെ മുന്നോട്ട് വരാം. സ്ത്രി‍ീയും പുരുഷനും പരസ്പര ബഹുമാനമുള്ളവരാവുകയും അവരവരുടെ ഉത്തരവാദിത്വങ്ങളും കടമകളും നിർവഹിക്കുകയും ചെയ്യുന്ന ഒരു സമൂഹമായിരിക്കും ഉന്നതി പ്രാപിക്കുക.

    ആശംസകൾ

    ReplyDelete
  14. വളരെ പ്രസക്തമായ വിഷയം ചര്‍ച്ച ചെയ്യപ്പെട്ട നല്ല പോസ്റ്റ്.

    ReplyDelete
  15. nall post ..
    iniyum ithupole thuranna shakthamaya abhiprayangal pratheekshikkunnu

    ReplyDelete
  16. നല്ല പോസ്റ്റ്‌
    ഇത്തരം കാര്യഗൗരവമുള്ള പോസ്റ്റ്‌ ഇനിയും പോരട്ടെ..

    ReplyDelete
  17. വളരെ ആനുകാലിക പ്രസക്തമായ വിഷയം..
    ഇനിയുമെഴുതൂ..

    ReplyDelete
  18. മൈത്രെയിക്ക് എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
    ഏകതാര.

    ReplyDelete
  19. വരാന്‍ വൈകി എന്നാലും വായിക്കുമ്പോള്‍ വൈകിയതിന്റെ സങ്കടം ഇല്ലാതാകുന്നു..സംവരണം കൊണ്ടെങ്കിലും കുറച്ച് സ്ത്രീകള്‍ പുറത്തിറങ്ങും..അതില്‍ ഒന്നെങ്കിലും പതുക്കെ കാര്യങ്ങള്‍ പഠിക്കാനൂം ഉപയോഗിക്കാനും തുടങ്ങും എന്ന പ്രതീക്ഷയാണ് എനിക്കുള്ളാത്..മാറ്റ്ം തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്നാണ് എങ്കില്‍ ഉറപ്പാണ് നമുക്കീ സംവരണം എടുത്ത് കളയാം..പിന്നെ പൊങ്കാല കാണുമ്പോള്‍ ഒരു കാര്യമാണ് മനസ്സില്‍ വരിക്...അരങ്ങില്‍ ആയാലും, അണിയറയിലായാലും സ്ത്രീകള്‍ അടുപ്പ് മാത്രം പുകക്കേണ്ടവരാണന്ന് ഒരു ഓര്‍മിപ്പീക്കല്‍ തരുന്നില്ലേ....എന്തായാലും ഈപോസ്റ്റ് നന്നായിരിക്കുന്നു...

    ReplyDelete
  20. “ഭര്‍ത്താവിനു കീഴില്‍ സര്‍വ്വം സഹയായി ജീവിക്കാനാണ് പലര്‍ക്കും ഇഷ്ടം......“

    വനിതകളുടെ മോചനത്തിനു തടസം പുരുഷമാരാനെന്ന് പരക്കെ ഒരു പ്രചരണമുണ്ട്. അത് പൂർണ്ണമായും ശരിയല്ല. സ്ത്രീകൾ തന്നെയാണ് അവരുടെ സ്വാതന്ത്ര്യത്തിനു പലപ്പോഴും തടസ്സം. അമ്മ,അമ്മുമ്മ, അമ്മായി, നാത്തൂൻ തുടങ്ങിയ രൂപം കൈക്കൊളുന്നതോടെ അവരും സ്ത്രീകളാണെ ബോധം പോലും അവർക്കു നഷ്ടപെടുകയാണ്. സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും പരിരക്ഷയും ഇതിനകം തന്നെ നൽകപ്പെട്ടിട്ടുള്ളതാണ്. പക്ഷെ അത് അനുഭവിക്കാൻ സ്ത്രീകൾ പ്രാ‍പ്തമാകുന്നില്ലാ എന്നു പറയുന്നതിലും അല്പം കാര്യങ്ങളില്ലേ?

    ReplyDelete